News >> ആരാധനാലയങ്ങളുടെ മേല്‍വിലാസം നോക്കി ദളിത് വിഭാഗങ്ങളോടു വിവേചനം പാടില്ല: മാര്‍ ക്ളീമിസ് ബാവ

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദളിത് വിഭാഗത്തില്‍ പെട്ട ക്രൈസ്തവരുടെയും മുസ്ലിംകളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധ നിലപാട് അംഗീകരിക്കാനാകില്ലെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ. ഇന്ത്യയിലെ ദളിത് വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ ഒന്നായി കാണണം. ആരാധനാലയങ്ങളുടെ വിലാസം നോക്കി വിവേചനം നടത്തരുത്. 

സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ സംവരണ ആനുകൂല്യങ്ങള്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനുവേണ്ടി മാത്രമായി പരിമിതപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. സംവരണ ആനുകൂല്യങ്ങള്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രമായി ചുരുക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദളിത് ക്രൈസ്തവര്‍ക്കും മുസ്്ലിംകള്‍ക്കും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഡല്‍ഹി ജന്തര്‍മന്തറില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയും മൌനജാഥയും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ കൌണ്‍സില്‍ ഓഫ് ദളിത് ക്രിസ്റ്യന്‍സും സിബിസിഐയും നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയും സംയുക്തമായാണു ജാഥയും ധര്‍ണയും സംഘടിപ്പിച്ചത്. 

മുന്‍ സിബിസിഐ പ്രസിഡന്റുമാരായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, മുന്‍ ആര്‍ച്ച്ബിഷപ് ഡോ. വിന്‍സെന്റ് എം. കോണ്‍സസാവോ, മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റം, മലങ്കര ഗുഡ്ഗാവ് രൂപത ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ബിഷപ് ഡോ. നീതിനാഥന്‍, കെസിസിബിസി എസ്സി-എസ്ടി കമ്മീഷന്‍ മുന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സിബിസിഐ സ്റാന്‍ഡിംഗ് കമ്മിറ്റിയഗം ഫാ. ജോണ്‍ കൊച്ചുതുണ്ടിയില്‍ ദേശീയോദ്ഗ്രഥന കൌണ്‍സില്‍ മുന്‍ അംഗം ഡോ. ജോണ്‍ ദയാല്‍ തുടങ്ങിയവര്‍ ജാഥയ്ക്കും ധര്‍ണയ്ക്കും നേതൃത്വം നല്‍കി. 

65 വര്‍ഷമായി നിരന്തരം ആവശ്യമുന്നയിച്ചിട്ടും ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കും സംവരണം നിഷേധിക്കപ്പെടുകയാണ്. കാലാകാലങ്ങളായി അധികാരത്തിലെത്തിയ വിവിധ സര്‍ക്കാരുകള്‍ ഇതു സംബന്ധിച്ചു നിയമങ്ങളില്‍ ഭേഗദതി നടത്താതെ അലംഭാവം കാണിക്കുകയാണ്. സിക്ക്, ബുദ്ധ വിഭാഗങ്ങളിലെ ദളിതര്‍ക്കു സംവരണം നല്‍കിയപ്പോഴും ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങള്‍ തഴയപ്പെട്ടു. ഇരുവിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്ന ജസ്റീസ് രംഗനാഥ മിശ്ര കമ്മീഷന്‍ ശിപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണമെന്നും ജാഥയില്‍ ആവശ്യമുന്നയിച്ചു. 


മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം 

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരേ മനഃസാക്ഷിക്ക് അനുസരിച്ചാണു വോട്ടു ചെയ്യേണ്ടതെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ. ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യണമെന്നു സഭ ആര്‍ക്കും നിര്‍ദേശം നല്‍കില്ല. എന്നാല്‍, പ്രാദേശിക വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ മാനദണ്ഡമാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളുടെ സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധ നിലപാട് അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പുകളില്‍ ഇത്തരം വിഷയങ്ങളും പ്രാദേശിക വിഷയങ്ങളും വോട്ട് ചെയ്യുന്നതിനു മാനദണ്ഡമാകും. ഓരോ പ്രദേശങ്ങളിലുമുള്ള പ്രത്യേക സാഹചര്യങ്ങളുണ്ട്. ആ സാഹചര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പഠിക്കണം. 

അഴിമതിയും വര്‍ഗീയതയും പ്രധാന വിഷയങ്ങളാണ്. ഇതെല്ലാമനുസരിച്ചു മനഃസാക്ഷിക്കനുസരിച്ചാണ് വോട്ട് ചെയ്യേണ്ടത്. വോട്ടര്‍മാരുടെ ആവശ്യങ്ങളെ അതതു സ്ഥലങ്ങളില്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടു വരാന്‍ സഭയ്ക്കു ബാധ്യതയുണ്െടന്നും അക്കാര്യം സഭ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source: Deepika