News >> ലോകത്തിന് നവജീവന്‍ നല്കാന്‍ കാരുണ്യത്തിന് കരുത്തുണ്ട്
കരുണ ലോകത്തിന് നവജീവന്‍ നല്കുമെന്നതായിരുന്നു, പാപ്പായുടെ വാര്‍ഷികധ്യാനത്തിലെ മറ്റൊരു ആത്മീയചിന്ത. മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച വൈകുന്നേരം ആരീചയിലെ ധ്യാനകേന്ദ്രത്തില്‍ പാപ്പാ ഫ്രാന്‍സിസിനും വത്തിക്കാന്‍ സംഘത്തിനും ധ്യാനഗുരു, ഫാദര്‍ ഹെര്‍മെസ് റോങ്കി നല്കിയ തനിമയാര്‍ന്ന ചിന്തയാണിത്.കല്ലെറിഞ്ഞു കൊല്ലാന്‍ ക്രിസ്തുവിന്‍റെ സന്നിധിയിലേയ്ക്ക് സമൂഹം കൊണ്ടുവന്ന പാപിനിയുടെ സംഭവം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം വിവരിക്കുന്നത് (യോഹന്നാന്‍ 8, 1-11) വ്യാഖ്യാനിച്ചുകൊണ്ടാണ് ഫാദര്‍ റോങ്കി തന്‍റെ 7-ാമത്തെ പ്രഭാഷണത്തിലെ ചിന്തകള്‍ പങ്കുവച്ചത്.
- ദൈവത്തെ മനുഷ്യര്‍ക്കെതിരെ തിരിക്കുന്ന മതമൗലികത:
മറ്റുള്ളവരുടെ ബലഹീനതകളില്‍ ഉന്മത്തരാകുകയും സന്തോഷിക്കുകയും ചെയ്യുന്നതാണ് പൊതുവെ സാമൂഹിക മനഃസ്ഥിതി. സത്യം പുറത്തുകൊണ്ടുവരുവാനും തെറ്റുതിരുത്തുവാനും മറ്റുള്ളവരെ കല്ലെറിയുന്ന രീതി സുവിശേഷ സംഭവത്തില്‍ കാണാം. ഇന്നു ലോകത്തില്‍ കാണുന്നതും അതുതന്നെയാണ്. എന്നാല്‍ ദൈവം കരുണാര്‍ദ്രനാണ്. അവിടുന്നു ക്ഷമിക്കുകയും മാപ്പുനല്കുകയും ചെയ്യുന്നു. പാപിനിയോടുള്ള ക്രിസ്തുവിന്‍റെ കാരുണ്യഭാവത്തോട് അന്നത്തെ സമൂഹത്തിന് ഉതപ്പും എതിര്‍പ്പുമാണ് തോന്നിയത്. ദൈവികകാരുണ്യം കണ്ട് പകച്ചുനില്ക്കുകയും അതില്‍ ഉതപ്പുതോന്നുകയും ചെയ്യുന്ന ശൈലി ഇന്നും ലോകത്ത് കുടികൊള്ളുന്നു.സുവിശേഷത്തില്‍ പാപിനിയുടെ പേരു പറയുന്നില്ല. സമൂഹത്തില്‍ നാം മുദ്രകുത്തുകയും, പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരുടെയും - സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും പ്രതീകമാണ് ക്രിസ്തു മാപ്പുനല്കി പറഞ്ഞയച്ച പേരില്ലാത്തവള്‍.ദൈവമനുഷ്യ ബന്ധത്തിനിടയ്ക്ക് ദൈവദൂഷണത്തിന്‍റെയും ഭ്രഷ്ടിന്‍റെയും മത-സാമൂഹ്യനിയമ ബന്ധനങ്ങള്‍ കൊണ്ടുവരുന്ന ഫരിസേയന്മാര്‍ ലോകത്ത് എക്കാലത്തുമുണ്ട്. ദൈവികബന്ധത്തിലും വിശ്വാസജീവിതത്തിലും മനുഷ്യനെ പിന്‍തിരിപ്പിക്കുവാനും, കരുവാക്കുവാനും, ദൈവത്തിന്‍റെ പേരില്‍ മനുഷ്യരെ വിധിക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്ന ദാരുണമായ മതമൗലികവാദമാണ് ഇന്ന് നമ്മുടെ ലോകത്ത് കൊടുമ്പിരിക്കൊള്ളുന്നത്. ബലഹീനരും പാപികളും നിര്‍ദ്ദോഷികളുമായ സ്ത്രീകളും കുഞ്ഞുങ്ങളും മനുഷ്യരും പീഡിപ്പിക്കപ്പെടുകയും 'കല്ലെറിഞ്ഞു' കൊല്ലപ്പെടുകയും ചെയ്യുന്നു.
- കരുണാര്‍ദ്രഭാവം ക്രൈസ്തവികതയുടെ തനിമ:
ക്രൈസ്തവികതയുടെ തനിമയും സര്‍ഗ്ഗാത്മകതയുമായിരിക്കണം ദൈവ-മനുഷ്യബന്ധത്തിലെ സുതാര്യമായ ആശ്ലേഷവും കരുണാഭാവവും. വസ്തുവും ആത്മാവും, ദേഹിയും ദേഹവും ആശ്ലേഷിക്കപ്പെടണം, ഒത്തുചേരണം, അവ പരസ്പര വിരുദ്ധമല്ല എന്ന ദൈവികദര്‍ശനവും പദ്ധതിയും നാം ലോകത്ത് ദൃശ്യമാക്കണം. തന്‍റെ സാമൂഹ്യപരിസരത്ത് ക്രിസ്തു മല്ലടിച്ചത് മനുഷ്യന്‍റെ ഹൃദയകാഠിന്യത്തിന് എതിരെയാണ്. മനുഷ്യരില്‍ വസിക്കുന്ന ദൈവികഭാവത്തിന്‍റെ നിഷേധമാണ് കഠിനഹൃദയം, ദാര്‍ഷ്ട്യം, അഹങ്കാരം. കരുണയുള്ളിടത്ത് ദൈവമുണ്ട്. അവിടുത്തെ കരുണ കലവറയില്ലാത്തും അറുതിയില്ലാത്തതുമാണ്. "കാര്‍ക്കശ്യത്തിലും കഠിനഭാവത്തിലും ദൈവമില്ല" എന്നത് വിശുദ്ധ അബ്രോസിന്‍റെയും ചിന്തയാണ്.നമ്മുടെ ജീവിതങ്ങളെ ദൈവസ്നേഹം പരിവര്‍ത്തനംചെയ്യും, മാറ്റിമറിക്കും. പാപത്തെയും തെറ്റുകുറ്റങ്ങളെയും ലാഘവത്തോടെ കാണണമെന്നോ, ലഘൂകരിക്കണമെന്നോ കരുണകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് വീണിടത്തുനിന്നും ഉയരാന്‍ സഹായിക്കുക. വഴികാട്ടുക, ശരിയായത് കാട്ടികൊടുക്കുക. അങ്ങനെ നല്ല ഭാവിയും നവമായ ജീവിതപാതയും തുറക്കുക, നവജീവന്‍ നല്കുക എന്നതാണ് കരുണയുടെ ഭാവവും സുവിശേഷ ദര്‍ശനവും.ക്രിസ്തു കാണിച്ചുതരുന്ന കാരുണ്യത്തിന്‍റെ മൗലിക ദര്‍ശനം ദൈവമനുഷ്യ ബന്ധത്തിലെ ലംബമാനം (verticality) തകര്‍ക്കുന്നതാണ്. മുകളില്‍ വസിക്കുന്ന ദൈവം വിധിയാളനും കാര്‍ക്കശ്യത്തോടെ ശിക്ഷിക്കുന്നവനുമാണ് എന്ന വീക്ഷണം പാടേ മാറ്റിമറിക്കപ്പെടുന്നു. കുരിശിലെ നഗ്നനായ ദൈവം ക്ഷമിക്കുന്ന സ്നേഹമുള്ളവനാണ് എന്ന ചിന്ത നമ്മെ സ്വര്‍ത്ഥതയില്‍നിന്നും നിര്‍വീര്യരാക്കുന്നു. ഇന്ന് മനുഷ്യുകുലത്തിന്‍റെ നിലനില്പിനു മുകളില്‍ ഭീഷണയായി നില്ക്കുന്ന സകല മനുഷ്യ ബോംബുകളെയും നിര്‍വീര്യമാക്കാന്‍ കുരിശിലെ ക്ഷമിക്കുന്ന സ്നേഹത്തിനാകുമെന്ന് ഫാദര്‍ റോങ്കി പ്രസ്താവിച്ചു. ക്രിസ്തുവില്‍ ദൃശ്യനായ സര്‍വ്വശക്തനായ ദൈവം എല്ലാം സ്നേഹമായ പിതാവാണ്. അവിടുന്ന് കരുണയുള്ള പിതാവാണ്. കഠിനഹൃദയത്തിലും സ്നേഹമന്ത്രം കുറിക്കുന്ന കരുണാര്‍ദ്രനാണ്. ഇത് ദൈവമനുഷ്യ ബന്ധത്തിന്‍റെ തിരശ്ചീനതലവും (horizontality) നവമായ ചക്രവാളവുമാണ്.'ഞാന്‍ നിന്നെ സ്നേഹിക്കുന്നു!' I love you! എന്ന് നിങ്ങളോടും എന്നോടും ഇന്നു പറയുന്നു. അതിനാല്‍ "നീ പോകുക. മേലില്‍ പാപംചെയ്യരുത്!" എന്ന ജീവിതത്തെ മാറ്റിമിറിക്കുന്ന ക്രിസ്തുവചനം ദൈവത്തിന്‍റെ മാപ്പ്, ക്ഷമ സ്മൃതിഭ്രംശമല്ല, മറിച്ച് ദൈവിക വിമോചനമാണെന്ന് നമ്മെ പഠിപ്പിക്കുന്നു. അവിടുന്ന് തന്‍റെ ജനത്തിന്‍റെ വിമോചകനാണെന്ന് അതു സ്ഥാപിക്കുന്നു. അങ്ങനെ ഗതകാല ബന്ധത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യമാണ് ദൈവികമായ മാപ്പും അവിടുത്തെ കാരുണ്യവും. ജീവിതസാഹചര്യങ്ങളില്‍ പാപത്തിന്‍റെ കുറ്റബോധത്തില്‍ നാം ബന്ധനസ്ഥരാകാന്‍ ഇടയുണ്ട്. എന്നാല്‍ പാപത്തെക്കാളും വിലപ്പെട്ടവനാണ് പാപിയായ മനുഷ്യന്‍. അതിനാല്‍ പാപത്തിനും തിന്മയ്ക്കും അവന്‍ കീഴ്പ്പെടേണ്ടതില്ല. അവിടുന്ന ക്ഷമിക്കുന്നു, സ്നേഹിക്കുന്നു, കരുണകാട്ടുന്നു. അവിടുന്ന് ഇന്നിന്‍റെ ധാര്‍മ്മികതയുടെ നിഷ്ഠകളുടെയെല്ലാം അതിരുകള്‍ ലംഘിക്കുന്നവനാണ്. അവിടുന്ന് ധാര്‍മ്മികാചാര്യനല്ല, കരുണാനിഷ്ഠനാണ്, സ്നേഹനിഷ്ഠനാണ്. മനുഷ്യരെ സ്നേഹിക്കുവാനും രക്ഷിക്കുവാനും വന്നവനാണ്. മനുഷ്യരെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സൂര്യോദയം ദര്‍ശിക്കാന്‍ അവിടുന്നു വിളിക്കുന്നു. പാപത്തിന്‍റെയും തിന്മയുടെയും ഇരുട്ടിനെ ഉപേക്ഷിക്കുവാനും വെറുക്കുവാനും അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു.Source: Vatican Radio