News >> സമ്പൂര്‍ണ ഡിഎഫ്സി രൂപത (താമരശേരി) പ്രഖ്യാപനം ഇന്നു (12-03-2016) കുന്നമംഗലത്ത്

കോഴിക്കോട്: ആറുമാസം മുമ്പ് സംസ്ഥാനത്ത് ആരംഭിച്ച ദീപിക ഫ്രണ്ട്സ് ക്ളബ് (ഡിഎഫ്സി) മലബാറില്‍ സാമൂഹിക സേവന - കാരുണ്യ പ്രവര്‍ത്തന മേഖലയിലും ശ്രദ്ധേയമാവുന്നു. താമരശേരി രൂപതയെ ആദ്യ സമ്പൂര്‍ണ ഡിഎഫ്സി രൂപതയായി ഇന്നു പ്രഖ്യാപിക്കുമ്പോള്‍ രൂപതയിലെ കരുവാരക്കുണ്ട് ഫൊറോന ഡിഎഫ്സിയുടെ നേതൃത്വത്തില്‍ ആറു ലക്ഷം രൂപ ചെലവില്‍ ഒരു നിര്‍ധന കുടുംബത്തിനു വീടു നിര്‍മിച്ചു നല്കുന്ന കാരുണ്യ പ്രവൃത്തിക്കുകൂടി തുടക്കമാകും. 

കാരുണ്യ വര്‍ഷത്തില്‍ ഡിഎഫ്സി താമരശേരി രൂപത ട്രഷററും കരുവാരക്കുണ്ട് ഫൊറോന പ്രസിഡന്റുമായ മാത്യു സെബാസ്റ്യനാണ് നിര്‍ധന കുടുംബത്തിനു വീടു വച്ചു നല്കാന്‍ നേതൃത്വം നല്കുന്നതും സാമ്പത്തിക സഹായം നല്കുന്നതും. സഹായത്തിന്റെ ആദ്യഗഡു ഇന്നു കുന്നമംഗലത്തു നടക്കുന്ന ഡിഎഫ്സി സമ്പൂര്‍ണ രൂപത പ്രഖ്യാപന ചടങ്ങില്‍ മാത്യു സെബാസ്റ്യന്‍ താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനു കൈമാറും. 

ഇന്ന് രാവിലെ 9.30 ന് കുന്നമംഗലം സെന്റ് ജോസഫ്സ് പാരിഷ് ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ ഡിഎഫ്സി രൂപത പ്രഖ്യാപന സമ്മേളനം താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് അഡ്വ.ജോര്‍ജ് വട്ടുകുളം അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ.മാണി പുതിയിടം ആമുഖ പ്രഭാഷണം നടത്തും. കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. ജോയ്സ് വയലില്‍ മുഖ്യ പ്രഭാഷണം നടത്തും. പാറോപ്പടി വികാരി ഫാ. ജോസ് ഓലിയക്കാട്ടില്‍, കുന്നമംഗലം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ബെന്നി കാരക്കാട്ട്, ദീപിക അസിസ്റന്റ് ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഡി.പി. ജോസ് എന്നിവര്‍ ആശംസകള്‍ നേരും. 

ഡിഎഫ്സി താമരശേരി രൂപത കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറന്‍കുളങ്ങര സ്വാഗതവും രൂപത സെക്രട്ടറി അഡ്വ.ബിജു കണ്ണന്തറ നന്ദിയും പറയും. ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണഞ്ചിറ സിഎംഐ ക്ളാസ് നയിക്കും. 

ചര്‍ച്ചകള്‍ക്ക് ജില്ലാ ഭാരവാഹികളായ ജോസ് കടമ്പനാട്ട്, മാത്യു സെബാസ്റ്യന്‍, ജോര്‍ജ് പൈകയില്‍, ജോളി ജോസഫ് ഉണ്ണിയപ്പള്ളില്‍, ബെന്നി ഇടത്തില്‍, ഷാജു ജോണ്‍ വെള്ളേപ്പിള്ളില്‍, ജോര്‍ജ്കുട്ടി ജോര്‍ജ് കൊറ്റനാല്‍, ഷാജു കാവില്‍പുരയിടം, സെബാസ്റ്യന്‍ ഇടമണ്ണില്‍, മാത്യു നെച്ചിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Source: Deepika