News >> അള്‍ത്താര ശുശ്രൂഷകരുടെ രാജ്യാന്തര സംഗമം


ആഗസ്റ്റ് 4-ാം തിയതി ചൊവ്വാഴ്ച വിശുദ്ധ മരിയ വിയാന്നിയുടെ തിരുനാളില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലാണ് അള്‍ത്താര ശുശ്രൂഷകരുടെ രാജ്യാന്തര സംഗമം നടന്നത്. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 12,000-ല്‍പ്പരം അള്‍ത്താര ബാലന്മാരും ബാലികമാരും അവരുടെ സംഘാടകരും പങ്കെടുത്തു. പാപ്പാ ഫ്രാന്‍സിസ് അവരെ അഭിവാദ്യംചെയ്ത് സന്ദേശം നല്കി.

ഒരു ദിവസം മുഴുവനും പ്രഭാഷണങ്ങള്‍ ശ്രവിച്ചും, പ്രാര്‍ത്ഥിച്ചും, ഗാനങ്ങള്‍ ആലപിച്ചും വത്തിക്കാനി‍ല്‍ത്തന്നെ ചിലവഴിച്ച പന്തീരായിരത്തിലേറെ വരുന്ന യുവജനങ്ങളുടെ പക്കലേയ്ക്ക് ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-മണിയോടെ പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേര്‍ന്നു.

പേപ്പല്‍ വസതി സാന്താമാര്‍ത്തിയില്‍നിന്നും തുറന്ന പേപ്പല്‍ വാഹനത്തില്‍ അള്‍ത്താര ശുശ്രൂഷകരെ അഭിവാദ്യംചെയ്തുകൊണ്ടാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തെ ചത്വരത്തില്‍ ഒരുക്കിയ താല്‍ക്കാലിക വേദിയിലേയ്ക്കാണ് പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കായി പാപ്പാ ആഗതനായത്. ഒരോ രാജ്യത്തിന്‍റെയും പതാകള്‍ ഏന്തിയും തങ്ങളുടെ കൂട്ടായ്മയുടെ പ്രത്യേക വര്‍ണ്ണവസ്ത്രങ്ങളും ടി-ഷേര്‍ട്ടുകളും അണിഞ്ഞ ബാലികാബാലന്മാര്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ആനന്ദഭരിതരും ആവേശഭരിതരുമായി. അവര്‍ ആര്‍ത്തിരമ്പി പത്രോസിന്‍റെ പിന്‍ഗാമിയെ തങ്ങളുടെ സംഗമത്തിലേയ്ക്ക് വരവേറ്റു.

പ്രാര്‍ത്ഥനാ ശുശ്രഷയ്ക്ക് ആമുഖമായി "കര്‍ത്താവേ, ഞാനിതാ വരുന്നു. എന്നെ അങ്ങ് അയക്കേണമേ..." എന്ന ഏശയ പ്രവാചകന്‍റെ സമര്‍പ്പണത്തിന്‍റെ വാക്കുകള്‍ സമ്മേളനം ആവേശത്തോടെ ഏറ്റുപാടി (ഏശയ 6, 8).  അള്‍ത്താര ശുശ്രൂഷകരുടെ രാജ്യാന്തര തലത്തിലുള്ള ഒന്‍പതാമത് തീര്‍ത്ഥാടനത്തിന്‍റെ ആപ്തവാക്യമായിരുന്നു ദൈവിക ആഹ്വാനത്തോടുള്ള ഏശയ പ്രാവചകന്‍റെ പ്രതികരണവും സമ്മതവും - "കര്‍ത്താവേ, ഞാനിതാ വരുന്നു. എന്നെ അങ്ങ് അയക്കേണമേ..." Here I'm Lord, send me!

അള്‍ത്താര ശുശ്രൂഷയിലൂടെ ക്രിസ്തുവിനെ സ്നേഹിതനായി അടുത്തറിയുകയും അനുഭവിക്കുകയും ചെയ്യുന്ന യുവജനങ്ങള്‍, ആ അനുഭവം മറ്റു സഹോദരങ്ങളിലേയ്ക്ക് പങ്കുവയ്ക്കുകയും സമൂഹത്തിലും കുടുംബങ്ങളിലും അവര്‍ നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രയോക്താക്കളാകുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ആഗോളസഭയുടെ വൈവിദ്ധ്യവും വലുപ്പവും സംഗമത്തിലൂടെ യുവജനങ്ങള്‍ക്കു നല്കുക, സഭയുടെ സിരാകേന്ദ്രമായ വത്തിക്കാന്‍ സന്ദര്‍ശിക്കുക, പത്രോസ്ലീഹായുടെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥിക്കുക, പാപ്പായുമായി നേര്‍ക്കാഴ്ച നടത്തുക - ഇവ തീര്‍ത്ഥാനടത്തിന്‍റെ മുഖ്യലക്ഷൃങ്ങളാണ്. 


(Source: Vatican Radio, William Nellikkal)