News >> വിദ്യ അഭ്യസിപ്പിക്കപ്പെടാത്ത ജനത അശിക്ഷിതബോധത്തിലാഴും


വിദ്യാദായകര്‍, മാനവികതയ്ക്ക് രൂപമേകുന്ന കരകൗശലവിദഗ്ദ്ധരും സമാധാനത്തിന്‍റെയും സമാഗമത്തിന്‍റെയും ശില്പികളുമാണെന്ന് മാര്‍പ്പാപ്പാ.

     വിദ്യഭ്യാസത്തെയും നൈപുണ്യങ്ങളെയും അധികരിച്ച്, ദുബായിയില്‍, വര്‍ക്കി  ഫൗണ്ടേഷന്‍  യുണൈറ്റട് അറബ് എമിറേറ്റ്സിന്‍റെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്കത്തൊവുമിന്‍റെ   രക്ഷാധികാരത്തിന്‍ കീഴില്‍ സംഘടിപ്പിച്ച ദ്വിദിന ചര്‍ച്ചായോഗത്തിന് നല്കിയ വീഢിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

     പൊതുവായ വിദ്യാദായകപ്രക്രിയയില്‍ കൂടുതല്‍ കൂട്ടുത്തരവാദിത്വം എന്നതായിരുന്നു നാലമത്തേതായിരുന്ന ഈ ആഗോള വിദ്യഭ്യാസ സമ്മേളനത്തിന്‍റെ  വിചിന്തന പ്രമേയം.

     താന്‍ അര്‍ജന്തീനയിലെ ബുവെനോസ് ഐരെസ് അതിരൂപതുയുടെ ആര്‍ച്ചുബിഷപ്പായിരിക്കവെ തന്‍റെ ഹിതാനുസാരം രൂപം കൊണ്ട അന്താരാഷ്ട്ര വിദ്യാലയ ശൃംഖലയായ സ്കോളാസ് ഒക്കരേന്തെസുമായും വര്‍ക്കി ഫൗണ്ടേഷന്‍, സ്ഥായിയായ ഒരാഗോള സമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി, സഹകരിക്കുന്നതും അനുസ്മരിക്കുന്നു പാപ്പാ, വിദ്യാദായകര്‍ നമ്മുടെ ജീവിതങ്ങളില്‍ ചെലുത്തുന്ന വലിയസ്വാധീനത്തിന് അവരര്‍ഹിക്കുന്ന അംഗീകാരമേകാനും അവരുടെ ആ തൊഴിലിന് ഉചിതമായ സ്ഥാനം വിണ്ടെടുത്തു നല്കാനും ഒത്തൊരുമിച്ചു സാധിക്കുമെന്ന് പറഞ്ഞു.

     യുദ്ധമൊ, മറ്റു കാരണങ്ങളാലൊ, വിദ്യ അഭ്യസിപ്പിക്കപ്പെടാത്ത ഒരു ജനത അശിക്ഷിതബോധത്തില്‍ അഥവാ, സഹജവാസനകളില്‍ ആമഗ്നമാകും വിധം ക്രമേണ ക്ഷയിച്ചു പോകുമെന്ന തന്‍റെ ബോധ്യം പാപ്പാ ഈ സന്ദേശത്തില്‍ പങ്കുവയ്ക്കുകയും അദ്ധ്യാപകരുടെ ദൗത്യത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് സര്‍ക്കാരുകള്‍ അവബോധം പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. 

     മലയാളി വ്യവസായിയായ സണ്ണി വര്‍ക്കി സ്ഥാപകാദ്ധ്യക്ഷനായുള്ള വര്‍ക്കി   ഫൗണ്ടെഷന്‍ പാവപ്പെട്ടവരായ കുട്ടികളുടെ വിദ്യഭ്യാസോന്നതി ലക്ഷ്യം വച്ച് അദ്ധ്യാപകര്‍ക്ക് പരിശീലനമേകുകയും വികസ്വരനാടുകളില്‍ വിവിധങ്ങളായ വിദ്യഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഉപവിപ്രവര്‍ത്തന സംഘടനയാണ്.

     2010 ല്‍ ലണ്ടന്‍ ആസ്ഥാനമായി രൂപം കൊണ്ട ഈ ഫൗണ്ടേഷന്‍ വിദ്യഭ്യാസരംഗത്ത് അതുല്യസേവനം കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്ക് 2014 മുതല്‍ അനുവര്‍ഷം ആഗോള അദ്ധ്യാപക പുരസ്ക്കാരം(GLOBAL TEACHER PRIZE) നല്കിവരുന്നു.

     ഇക്കൊല്ലം ഈ പുരസ്ക്കാരം നേടിയത് പലസ്തീനക്കാരിയായ ഹനന്‍ അല്‍ ഹ്രൗബ് ആണ്. പത്തുലക്ഷം ഡോളര്‍, ഏകദേശം 6 കോടി 60 ലക്ഷം രൂപയാണ് സമ്മാനത്തുക.

Source: Vatican Radio