News >> അള്‍ത്താരയോടു ചേര്‍ന്നുനില്ക്കുന്നവര്‍ ക്രിസ്തുവിനോടും സഹോദരങ്ങളോടും കൂടെനില്ക്കും
അള്‍ത്താരയോടു ചേര്‍ന്നുനില്ക്കുന്നവര്‍ ക്രിസ്തുവിനോടും, അതുവഴി സഹോദരങ്ങളോടും ചേര്‍ന്നുനില്ക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് അള്‍ത്താര ശുശ്രൂഷകരെ ഉദ്ബോധിപ്പിച്ചു.ആഗസ്റ്റ് 4-ം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ സംഗമിച്ച രാജ്യാന്തര അള്‍ത്താര ശുശ്രൂഷകരുടെ സംഗമത്തില്‍ പങ്കെടുത്തുകൊണ്ടു നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.അള്‍ത്താര ശുശ്രൂഷകരായ ബാലികാബാലന്മാര്‍ കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ അനുദിനം അവിടുന്നുമായി സംവദിക്കുകയും, അവിടുത്തെ വചനത്താലും ശരീരരക്തങ്ങളാലും പരിപോഷിതരായിത്തീരുന്നു. ക്രിസ്തുവില്‍നിന്നും ലഭിക്കുന്ന ആത്മീയ ശക്തിയാല്‍ അവര്‍ക്ക് അത് ജീവിത പരിസരങ്ങളില്‍ സഹോദരങ്ങളുമായി പിന്നെയും പങ്കുവയ്ക്കുവാനുള്ള കരുത്തു നല്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ, വ്യക്തിഗതമായി വിശ്വാസത്തില്‍ അവരെ വളര്‍ത്തുകയും, അവരെ സഹോദരങ്ങളിലേയ്ക്ക് സ്നേഹത്തില്‍ ആനയിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്‍റെ പാഠശാലയാണ് അള്‍ത്താര (കര്‍ത്താവിന്‍റെ വിരുന്നുമേശ) യെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ഏശയാ പ്രവാചകന്‍റെ വിളിയെയും ദൗത്യത്തെയും അധികാരിച്ചാണ് പാപ്പാ അവര്‍ക്ക് സന്ദേശം നല്കിയത് (ഏശയ്യാ 6, 8-13). ദൈവമാണ് ആദ്യം നമ്മെ വിളിക്കുന്നതെന്നും, വിളിയോടു തുറവു കാണിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നവരുടെ ജീവിതങ്ങള്‍ പ്രവാചകന്‍റേതുപോലെ രൂപാന്തരപ്പെട്ട് നവവ്യക്തിത്വങ്ങളായി പരിണമിക്കുമെന്നും അള്‍ത്താര ശുശ്രൂഷകരായ യുവജനങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.എന്നാല്‍ അള്‍ത്താരയില്‍ ക്രിസ്തുവിനോട് ചേര്‍ന്നുനില്കുന്ന കുട്ടികള്‍ പ്രവാചകനെക്കാള്‍ ശ്രേഷ്ഠരും ഭാഗ്യവാന്മാരുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. കാരണം, ദിവ്യബലിയില്‍ ക്രിസ്തു അപ്പത്തിന്‍റെയും വീഞ്ഞിന്‍റേയും രൂപത്തില്‍ വിനയാന്വിതനായി അള്‍ത്താര ശുശ്രൂഷകരുടെ ചാരത്തുണ്ടെന്നും, അവിടുത്തെ കാരുണ്യസ്പര്‍ശത്തിന്‍റെ ദിവ്യാഗ്നി അനുദിനം വിശ്വാസത്തില്‍ നമ്മെ ബലപ്പെടുത്തുകയും, നമ്മുടെ സഹോദരങ്ങളുമായി ആ സ്നേഹത്തിന്‍റെ ഓജസ്സ് പങ്കുവയ്ക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്നുണ്ടെന്നും പാപ്പാ അള്‍ത്താര ശുശ്രൂഷകരെ ഉദ്ബോധിപ്പിച്ചു.ഏകാന്തതിയില്‍നിന്നും സ്വാര്‍ത്ഥതയുടെ വേലിക്കെട്ടില്‍നിന്നും നമ്മെ പുറത്തുകൊണ്ടുവരുന്നത് വിശ്വാസമാണെന്നത് അത്യുല്‍കൃഷ്ടമായ കാഴ്ചപ്പാടാണെന്ന് പാപ്പാ കുട്ടികളെ അനുസ്മരിപ്പിച്ചു. അത് തങ്ങളെ ക്രിസ്തുവിന്‍റെ സ്നേഹിതരാക്കുകയും സഹോദരങ്ങളിലേയ്ക്ക് അടുപ്പിക്കുമെന്നും, അങ്ങനെ നാം സ്വാഭാവികമായും മിഷണറിമാരായി തീരുമെന്നും പാപ്പാ അള്‍ത്താര ശുശ്രൂഷകരുടെ സംഗമത്തെ ഉദ്ബോധിപ്പിച്ചു.സഭയോടും പാപ്പായോടും കാണിക്കുന്ന സ്നേഹത്തിനും കര്‍ത്താവിന്‍റെ വിരുന്നമേശയില്‍ അനുദിനം ശുശ്രൂഷചെയ്യുവാന്‍ കുട്ടികള്‍ കാണിക്കുന്ന ശുഷ്ക്കാന്തിക്കും പ്രത്യേകം നന്ദിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. പ്രഭാഷണാനന്തരം പാപ്പാ അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.(Source: Vatican Radio,William Nellikkal)