News >> ദീപിക കേരളത്തിന്റെ അഭിമാനം: മന്ത്രി കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകന്‍

കൊച്ചി: മലയാളിയെ വായനസംസ്കാരം പഠിപ്പിച്ച ദീപിക കേരളത്തിന്റെ മുഴുവന്‍ അഭിമാനമാണെന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ബിസിനസ് ദീപിക എക്സലന്‍സ് പുരസ്കാര സമര്‍പ്പണ സമ്മേളനം എറണാകുളം മരട് ക്രൌണ്‍ പ്ളാസയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ ആദ്യത്തെ ദിനപത്രമെന്ന നിലയില്‍ ദീപിക തുടങ്ങിവച്ച വായനസംസ്കാരം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. മാധ്യമരംഗത്ത് ധാര്‍മികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന ശക്തമായ പത്രമാണു ദീപിക. പുതിയ കാലത്തും സമൂഹത്തില്‍ വഴികാട്ടിയാകാനും ധീരമായ മാധ്യമ ഇടപെടലുകള്‍ നടത്താനും ദീപികയ്ക്കു സാധിക്കുന്നുണ്െടന്നതു സന്തോഷകരമാണ്. ബിസിനസ് ലോകത്തെ പ്രതിഭകളെ ആദരിക്കാന്‍ ദീപിക ഹൃദ്യമായ ചടങ്ങ് സംഘടിപ്പിച്ചുവെന്നത് പ്രതീക്ഷാവഹമാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വ്യവസായ സംരംഭകരുടെ പങ്ക് പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. നന്മയെ വ്യാപിപ്പിക്കുകയാണു മാധ്യമങ്ങളുടെ ധര്‍മമെന്ന് അദ്ദേഹം പറഞ്ഞു. ദീപിക ചെയ്തുകൊണ്ടിരിക്കുന്നതും നന്മയുടെ ദൌത്യനിര്‍വഹണമാണ്. കച്ചവടതാത്പര്യങ്ങളേക്കാള്‍ നന്മയും മൂല്യങ്ങളുമാണു ദീപികയുടെ മാധ്യമധര്‍മത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിസിനസ് മേഖലയില്‍ മികവിന്റെ മുദ്ര ചാര്‍ത്തിയ ആറു പേര്‍ക്കാണു ബിസിനസ് ദീപിക എക്സലന്‍സ് പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചത്. യുഎഇ എക്സ്ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വി. ജോര്‍ജ് ആന്റണി ബിസിനസ് ദീപിക എക്സലന്‍സ് ഇന്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അവാര്‍ഡ് ഏറ്റുവാങ്ങി. ബിസിനസ് ദീപിക എക്സലന്‍സ് ഇന്‍ ഹോസ്പിറ്റാലിറ്റി സര്‍വീസസ് പുരസ്കാരം കെജിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ഏബ്രഹാം ഏറ്റുവാങ്ങി. കെഎല്‍എം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോസ്കുട്ടി സേവ്യര്‍ ബിസിനസ് ദീപിക ഡൈവേഴ്സിഫൈഡ് ബിസിനസ് പ്രൊജക്ട് പുരസ്കാരവും മെലന്‍വുഡ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സജോ ജേക്കബ് ബിസിനസ് ദീപിക എക്സലന്‍സ് ഇന്‍ ട്രസ്റഡ് എക്കോ ഫ്രണ്ട്ലി പ്രൊജക്ട് പുരസ്കാരവും ഏറ്റുവാങ്ങി. പീപ്പിള്‍സ് ഡയറി ഡവലപ്മെന്റ് പ്രൊജക്ട് (പിഡിഡിപി) ചെയര്‍മാന്‍ ഫാ. സെബാസ്റ്യന്‍ നാഴിയമ്പാറയ്ക്കു ബിസിനസ് ദീപിക എക്സലന്‍സ് ഇന്‍ ഡയറി പ്രൊഡക്ട്സ് പ്രോസസിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ പുരസ്കാരം സമര്‍പ്പിച്ചു. ഗേറ്റ്വേ ബ്യൂമോണ്ട്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സേവ്യറിനാണു ബിസിനസ് ദീപിക യംഗ് ബിസിനസ്മെന്‍ 2016 പുരസ്കാരം നല്‍കിയത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും റവ. ഡോ. മാണി പുതിയിടവും ചേര്‍ന്നു പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു.

തമിഴ്നാട് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക് മുഖ്യപ്രഭാഷണം നടത്തി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ മുഖ്യാതിഥിയായിരുന്നു. വി.ജെ. കുര്യനു രാഷ്ട്രദീപിക ലിമിറ്റഡിന്റെ ഉപഹാരം മാനേജിംഗ് ഡയറക്ടര്‍ കൈമാറി. മലയാളത്തിലെ ആദ്യത്തെ പത്രമായ ദീപിക കുടുംബത്തില്‍നിന്നുള്ള ബിസിനസ് ദീപികയുടെ പുരസ്കാരം ഏറ്റുവാങ്ങാനായത് തങ്ങളുടെ ബിസിനസ് ജീവിതത്തിലെ അഭിമാനമുഹൂര്‍ത്തമാണെന്നു പുരസ്കാരജേതാക്കള്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പുരസ്കാര സമര്‍പ്പണ സമ്മേളനത്തിന്റെ സ്പോണ്‍സര്‍മാരായ ചുങ്കത്ത് ജ്വല്ലറി ഡയറക്ടര്‍ പ്രിന്‍സ് വര്‍ഗീസ്, നോള്‍ട്ട കുക്ക്വെയറിനുവേണ്ടി തോമസ് ജോസഫ് കൊട്ടാരം, എല്‍സണ്‍സ് ബോംബെ ഡയിംഗിനു വേണ്ടി സുനില്‍ ഷാരോണ്‍ എല്‍സണ്‍, ബിപിസിഎലിനായി വിനീത് എം. വര്‍ഗീസ്, എവിടി പ്രീമിയം ടീക്കു വേണ്ടി രവിശങ്കര്‍ എന്നിവര്‍ ബിസിനസ് ദീപികയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

പുരസ്കാര സമര്‍പ്പണ സമ്മേളനത്തില്‍ മേയര്‍ സൌമിനി ജെയിന്‍, കെത്രിഎ കൊച്ചി സോണ്‍ പ്രസിഡന്റ് കെ.വി. ഷാജി, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ പി.പി. സണ്ണി, മാര്‍ക്കറ്റിംഗ് വിഭാഗം ജനറല്‍ മാനേജര്‍ കെ.സി. തോമസ്, കൊച്ചി യൂണിറ്റ് ന്യൂസ് എഡിറ്റര്‍ ജെക്കോബി എന്നിവര്‍ പ്രസംഗിച്ചു.

സമ്പൂര്‍ണ ദീപിക ഇടവകയായി പ്രഖ്യാപിക്കപ്പെട്ട തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ഇടവകയിലെ ദീപിക ഫ്രണ്ട്സ് ക്ളബ് (ഡിഎഫ്സി) പ്രതിനിധികള്‍ വാര്‍ഷിക വരിസംഖ്യയുടെ ചെക്ക് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. മാണി പുതിയിടത്തിനു കൈമാറി. വ്യവസായ, വാണിജ്യ, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത പുരസ്കാര സമര്‍പ്പണ ചടങ്ങ് കലാവിരുന്നോടെയാണു സമാപിച്ചത്.
Source: Deepika