News >> ചങ്ങനാശേരി അസംപ്ഷന്‍ കോളജിനു സ്വയംഭരണ പദവി

സ്വന്തം ലേഖകന്‍

ചങ്ങനാശേരി: മധ്യതിരുവിതാംകൂറിലെ ആദ്യ വനിതാ കലാലയമായ ചങ്ങനാശേരി അസംപ്ഷന്‍ കോളജിനു സ്വയംഭരണ പദവി. 67-ാം വര്‍ഷത്തിന്റെ നിറവിലെത്തുമ്പോഴാണു ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള അസംപ്ഷന്‍ കോളജിന് അഭിമാന മുഹൂര്‍ത്തമായി സ്വയംഭരണ പദവി കൈവരുന്നത്. 

കേരളത്തിലെ മികച്ച വനിതാ കലാലയമെന്ന നിലയിലും അക്കാഡമിക് രംഗത്തെയും കലാ-കായിക രംഗത്തെയും മികവിന്റെ അടിസ്ഥാനത്തിലും മികച്ച അടിസ്ഥാന -പശ്ചാത്തല സൌകര്യങ്ങള്‍ കണക്കിലെടുത്തുമാണ് അസംപ്ഷന് സ്വയംഭരണ പദവിക്കുള്ള അംഗീകാരം നേടിക്കൊടുത്തത്. 2016-17 വര്‍ഷം മുതല്‍ ആറു വര്‍ഷത്തേക്ക് അക്കാദമിക സ്വയംഭരണത്തിനുള്ള യുജിസിയുടെ അംഗീകാരവും അനുവാദവും ലഭിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. സിസ്റര്‍ അമല എസ്എച്ച് അറിയിച്ചു. വനിതാ വിദ്യാഭ്യാസരംഗത്തു നൂനത തരംഗങ്ങള്‍ സൃഷ്ടിക്കാനും തൊഴിലധിഷ്ഠിതമായ പുതിയ പാഠ്യപരിഷ്കരണങ്ങള്‍ നടത്താനും അസംപ്ഷനു ലഭിച്ച സുവര്‍ണാവസരമാണ് സ്വയംഭരണ പദവിയിലൂടെ കൈവന്നിരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. 

ചങ്ങനാശേരി രൂപതാധ്യക്ഷനായിരുന്ന ബിഷപ് മാര്‍ ജയിംസ് കാളാശേരി 1949 ഓഗസ്റ് 12ന് അസംപ്ഷന്‍ കോളജിന്റെ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ കന്യകമറിയത്തിന്റെ സ്വര്‍ഗാരോപണം പത്താം പീയൂസ് മാര്‍പാപ്പ വിശ്വാസസത്യമായി പ്രഖ്യാപിച്ച 1950ലാണ് ഈ വനിതാ കലാലയത്തിന് അസംപ്ഷന്‍ കോളജ് എന്നു നാമകരണം ചെയ്തത്. എസ്ബി കോളജിന്റെ വനിതാ വിഭാഗം എന്ന നിലയിലാണു കോളജിന് തുടക്കമിട്ടത്.

എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് വില്യം പ്രഥമ പ്രിന്‍സിപ്പലും സിസ്റര്‍ മേരി സേവ്യര്‍ പ്രഥമ വൈസ് പ്രിന്‍സിപ്പലുമായിരുന്നു. 

ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് കോളജിന്റെ രക്ഷാധികാരി. വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ മാനേജരും ഡോ. സിസ്റര്‍ അമല എസ്എച്ച് പ്രിന്‍സിപ്പലുമായി സേവനം അനുഷ്ഠിക്കുന്നു. സിസ്റര്‍ ചെറുകുസുമം, ഡോ. റെജിമോള്‍ സി. ചെറിയാന്‍ എന്നിവര്‍ വൈസ് പ്രിന്‍സിപ്പല്‍മാരും റവ. ഡോ. തോമസ് പാറത്തറ ബര്‍സാറുമാണ്.
Source: Deepika