കൊച്ചി: സീറോ മലബാര്‍ മിഷന്‍ സപ്പോര്‍ട്ടിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബെനഫാക്ടേഴ്സ് ദിനാചരണം നടത്തി. സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന ദിനാചരണം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മിഷന്‍ സപ്പോര്‍ട്ട് വിഭാവനം ചെയ്തിട്ടുള്ള നിങ്ങളുടെ ഭവനത്തിന് ഒരു വൈദികന്‍, നിങ്ങളുടെ ഭവനത്തിന് ഒരു സന്യാസിനി എന്നീ പദ്ധതികളിലൂടെ സുവിശേഷ വേലയ്ക്കായി വൈദിക, സന്യാസ പരിശീലനം നേടുന്നവരെ സാമ്പത്തികമായും പ്രാര്‍ഥന വഴിയായും സഹായിക്കുക എന്നത് നമ്മുടെ കടമയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ മിഷന്‍ സപ്പോര്‍ട്ടിന്റെ ചുമതലയുള്ള ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ മിഷന്‍ സപ്പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ മിഷന്‍ രൂപതകളിലും കേരളത്തിനു പുറത്തുമുള്ള മിഷന്‍ പ്രദേശങ്ങളിലെ വൈദിക വിദ്യാര്‍ഥികളെയും സന്യാസിനിമാരെയും സഹായിക്കുകയാണു മിഷന്‍ സപ്പോര്‍ട്ടിന്റെ ലക്ഷ്യം. മിഷന്‍ സപ്പോര്‍ട്ടിന്റെ സെക്രട്ടറി ഫാ. ജോസഫ് പുലവേലില്‍, സിസ്റര്‍ ആന്‍സി, സിസ്റര്‍ അല്‍ഫോന്‍സ എന്നിവര്‍ പ്രസംഗിച്ചു.Source: Deepika |
Copyright © 2017 - All Rights Reserved to the Eparchy of Kothamangalam
Powered by SMCIM