News >> മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ അതിയായ ആഹ്ളാദമെന്നു കെസിബിസി
കൊച്ചി: മദര്‍ തെരേസ സെപ്റ്റംബര്‍ നാലിനു വിശുദ്ധയായി പ്രഖ്യാപിക്കുമെന്നതില്‍ ഭാരതത്തിലെ കത്തോലിക്കാസഭ അത്യധികം ആഹ്ളാദിക്കുന്നുവെന്നു കെസിബിസി. മനുഷ്യനു സേവനം ചെയ്യുന്നവന്‍ ദൈവത്തിനു തന്നെയാണു സേവനം ചെയ്യുന്നതെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണു മദര്‍. തന്റെ അടിയുറച്ച ദൈവവിശ്വാസത്തിലൂടെയാണ് ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ദുരിതങ്ങളില്‍ പങ്കുചേരാനും അത്തരം സാഹചര്യങ്ങളോടു സ്നേഹത്തോടും കരുണയോടും കൂടി പ്രത്യുത്തരിക്കാനും മദറിനു കഴിഞ്ഞത്.
മദറിന്റെ ജീവിതം ആയിരക്കണക്കിനു യുവതീയുവാക്കള്‍ക്കു ജീവിതത്തില്‍ സ്വന്തമായതെല്ലാം ഉപേക്ഷിക്കാനും ആ അമ്മയുടെ മാതൃക സ്വീകരിക്കാനും പ്രചോദനമായി. ദരിദ്രര്‍ക്കും പരിത്യജിക്കപ്പെട്ടവര്‍ക്കുമായി മദര്‍ തെരേസയുടെ സന്യാസസമൂഹത്തിലെ സന്യാസിനികളും സഭയും കാണിക്കുന്ന പ്രതിജ്ഞാബദ്ധതയെ, ഈ നാളുകളില്‍ യമനില്‍ കിരാതമായി വധിക്കപ്പെട്ട സഹോദരിമാര്‍ ഓര്‍മപ്പെടുത്തുന്നു. മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനായി കേരളസഭ ഏറെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നതെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.
Source: Deepika