News >> പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ് മര്‍ചേലോ റിബേലോ വത്തിക്കാനില്‍
പാപ്പാ ഫ്രാന്‍സിസുമായി പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി.മാര്‍ച്ച് 17-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, മര്‍ചേലോ റിബേലോ ഡിസൂസ പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയതെന്ന് വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയില്‍ പോര്‍ച്ചുഗലിന് പരിശുദ്ധസിംഹാസനവുമായുള്ള ദീര്‍ഘകാല നയതന്ത്രബന്ധം പുനര്‍സ്ഥാപിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും കുടുംബങ്ങളുടെ ക്ഷേമത്തിനുമായി സഭാസ്ഥാപനങ്ങള്‍ രാഷ്ട്രത്തിനു നല്കുന്ന സേവനങ്ങള്‍ക്ക് പ്രസിഡന്‍റ് മര്‍ചേലോ പാപ്പായ്ക്ക് നന്ദിപ്രകടിപ്പിച്ചുവെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തമാക്കി.യൂറോപ്പും മദ്ധ്യധരണിയാഴി പ്രവിശ്യയും നേരിടുന്ന കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ചും, മറ്റു രാജ്യാന്തര മാനവിക പ്രതിസന്ധികളെക്കുറിച്ചും പ്രസിഡന്‍റ് മര്‍ചേലോ പാപ്പായുമായി ചിന്തകള്‍ പങ്കുവച്ചതായി ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി.Source: Vatican Radio