News >> വിളിച്ച ദൈവത്തിലുള്ള പ്രത്യാശ നിഗൂഢമെങ്കിലും മുന്നോട്ടു നമ്മെ നയിക്കും
പ്രത്യാശ നമ്മെ മുന്നോട്ടു നയിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പു. മാര്‍ച്ച് 17-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.വിളിച്ച ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട്, എല്ലാം ഉപേക്ഷിച്ച്, തന്‍റെ ജനത്തോടൊപ്പം പതറാതെ ഇറങ്ങിപ്പുറപ്പെടുകയും മുന്നേറുകയുംചെയ്ത പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ ചിത്രം ഉല്പത്തിപുസ്തകത്തില്‍നിന്നും (ഉല്പത്തി 17, 33-9) പ്രചോദനമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ പ്രത്യാശയുടെ പാഠം പങ്കുവച്ചത്.പ്രതിസന്ധികളുടെ ചുഴിയില്‍ മുങ്ങിപ്പോകാതെ ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രത്യാശ അനിവാര്യമാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. ദൈവം കാണിച്ച വഴിയില്‍ ചരിക്കുമ്പോഴും അബ്രാഹത്തിന് ഏറെ പ്രയാസങ്ങളും പ്രലോഭനങ്ങളും ഉണ്ടായെന്നും, വാഗ്ദത്ത നാട്ടിലേയ്ക്കു നീങ്ങാന്‍ സാഹിയിച്ചത് ദൈവത്തിലുള്ള പ്രത്യാശ മാത്രമായിരുന്നു. അങ്ങനെ രക്ഷാകര ചരിത്രത്തിന്‍റെ തുടര്‍ക്കഥയും അവസാനം അതു നല്കുന്ന ആനന്ദവും ദൈവത്തിലുള്ള പ്രത്യാശയാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.തപസ്സുകാലത്തെ ആമുഖ പ്രാര്‍ത്ഥനയിലൂടെ സഭ വിശ്വാസികളെ പ്രചോദിപ്പിക്കുന്നത് പ്രത്യാശ നല്കുന്ന ആനന്ദത്തിലൂടെയാണെന്ന് (Hope as our source of joy) തന്‍റെ വചനചിന്തയില്‍ പാപ്പാ അനുസ്മരിപ്പിച്ചു. മറിയത്തിന്‍റെ സന്ദര്‍ശനത്തില്‍ ചാര്‍ച്ചക്കാരി എലിസബത്ത് സന്തോഷിച്ചതുപോലെ, ജീവിതത്തില്‍ ദൈവം നല്കുന്ന പ്രത്യാശ നിഗൂഢമാണെങ്കിലും ആത്മനിര്‍വൃതിയും ആനന്ദവും പകരുന്നതാണ്. നിഗൂഢമായ ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രത്യാശയും, അതിന്‍റെ സന്തോഷവുമാണ് നമ്മെ അനുദിനം മുന്നോട്ടു നയിക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അബ്രാഹത്തില്‍ തുടങ്ങിയ രക്ഷയുടെ ചരിത്രം ക്രിസ്തുവില്‍ അവസാനിക്കുമ്പോഴും മാനവരാശിയെ ചരിത്രത്തില്‍ മുന്നോട്ടു നയിക്കേണ്ടത് ദൈവത്തിലുള്ള പ്രത്യാശതന്നെയാണെന്ന് പാപ്പാ പ്രസ്താവിച്ചു. പ്രശാന്തവും, താഴ്മയുള്ളതും എന്നാല്‍ ശക്തവും ഉറപ്പുള്ളതുമായ പ്രത്യാശ നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല, എന്ന വാക്കുകളോടെയാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.Source: Vatican Radio