News >> മെത്രാന്‍ എന്നത് സേവനത്തിന്‍റെ നാമം
മെത്രാന്‍ എന്നത് ബഹുമതിയുടെയല്ല, പ്രത്യുത, സേവനത്തിന്‍റെ നാമമാണെന്ന് മാര്‍പ്പാപ്പാ. ദക്ഷിണാഫ്രിക്ക, ബൊത്സ്വാന, ലെസോതൊ, നമീബിയ എന്നീ നാടുകളിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മോണ്‍സിഞ്ഞോര്‍ പീറ്റര്‍ ബ്രയന്‍ വ്വെല്‍സ്, മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ കാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ മിഗേല്‍ ആംഹെല്‍ അയൂസൊ ഗിസ്സേത് എന്നിവരെ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച(19/03/16) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച് താന്‍ മെത്രാന്മാരായി വാഴിച്ച തിരുക്കര്‍മ്മവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. സകലജനതകളോടും സുവിശേഷം പ്രഘോഷിക്കാനും, എല്ലാവരെയും ഏക ഇടയന്‍റെ കീഴില്‍ ഒന്നാക്കിത്തീര്‍ക്കാനും പവിത്രീകരിക്കാനും രക്ഷയിലേക്കു നയിക്കാനും ക്രിസ്തു പന്ത്രണ്ടു ശിഷ്യരെ ഏല്പിച്ച ദൗത്യം മെത്രാന്മാരുടെ അഭംഗുര പിന്തുടര്‍ച്ചവഴി സഭയുടെ സജീവപാരമ്പര്യത്തില്‍ തുടരുകയാണെന്ന് അനുസ്മരിച്ച പാപ്പാ മെത്രാന്‍റെ ഓരോ ശുശ്രൂഷയിലൂടെയും പ്രവര്‍ത്തനനിരതനാകുന്നത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്നെയാണെന്ന് വിശദീകരിച്ചു. ദൈവം തങ്ങളെ ഭരമേല്പിച്ചവരെ, വൈദികരും നര്‍ദ്ധനരും, ബലഹീനരും സഹായം ആവശ്യമുള്ളവരുമായ എല്ലാവരെയും, മെത്രാന്മാര്‍ പിതൃസന്നിഭവും സഹോദരനിര്‍വ്വിശേഷവുമായ വാത്സല്യത്തോടുകൂടെ സ്നേഹിക്കണമെന്നും പ്രാര്‍ത്ഥനയാണ് മെത്രാന്‍റെ പ്രഥമ ദൗത്യമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. പ്രാര്‍ത്ഥിക്കാത്ത മെത്രാന് ഒന്നും ചെയ്യാനാകില്ലയെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.Source: Vatican Radio