News >> പ്രകടനപത്രികയില്‍ മദ്യനിരോധനം പ്രഖ്യാപിക്കണം: മാര്‍ ഞരളക്കാട്ട്

തലശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കണമെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. തലശേരി അതിരൂപത ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. 

മദ്യവര്‍ജനമല്ല, പൂര്‍ണമായ മദ്യനിരോധനമാണു വേണ്ടത്. മദ്യം ലഭ്യമാകുമ്പോള്‍ മദ്യപാനികളുടെ എണ്ണം കൂടും. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മദ്യപാനികളുടെ എണ്ണം വലിയനിലയില്‍ കുറഞ്ഞു. അതുകൊണ്ടുതന്നെ ഇനിവരുന്ന സര്‍ക്കാരും മദ്യനിരോധനവുമായി മുന്നോട്ടുപോകണം. അതില്‍ മായംചേര്‍ക്കരുത്. 

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിനോട് എതിര്‍പ്പുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകളും നിര്‍ത്തലാക്കണം. ഇവ കഴിക്കുന്നതിലൂടെ ആളുകള്‍ മദ്യപാന ശീലത്തിലേക്ക് അടുക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. 

ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നു ജനങ്ങളാണു തീരുമാനിക്കുന്നത്. അത് അവര്‍ക്കു വിട്ടുകൊടുക്കണം. സഭയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. ആര്‍ക്കു വോട്ട് ചെയ്യണമെന്നു വിശ്വാസികളോടു സഭ പറയാറില്ല. ഇത്തരത്തില്‍ എന്തെങ്കിലും പറയാനുണ്െടങ്കില്‍ കേരളത്തിലെ സഭാതലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്യങ്ങള്‍ വ്യക്തമാക്കും. 

മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ മറ്റു പല ആവശ്യങ്ങളും ഇനിയും പരിഹരിച്ചിട്ടില്ല. അധ്യാപക പാക്കേജ്, കസ്തൂരിരംഗന്‍ വിഷയം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. എല്ലാ കാര്യങ്ങളും ഒറ്റയടിക്കു നടപ്പാക്കാന്‍ സാധിക്കില്ലെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. 

സര്‍ക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ അഴിമതി നടന്നിട്ടുണ്െടങ്കില്‍ അതുമായി പൊരുത്തപ്പെടാന്‍ സഭയ്ക്കു സാധിക്കില്ല. മന്ത്രിമാരും ജനനേതാക്കളും അഴിമതിയുടെ കറപുരളാതിരിക്കാന്‍ ശ്രദ്ധിക്കണം. തലശേരി രൂപതയുടെ പ്രഥമബിഷപ് മാര്‍ സെബാസ്റ്യന്‍ വള്ളോപ്പിള്ളിയുടെ പത്താംചരമവാര്‍ഷിക ദിനമാണ് ഏപ്രില്‍ നാല്. 

മദ്യത്തിനെതിരേ നിലകൊണ്ട പിതാവിന്റെ ഏറ്റവും വലിയ അഭിലാഷമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം. വരാന്‍ പോകുന്ന സര്‍ക്കാര്‍ ഇതു നടപ്പാക്കുമെന്നുതന്നെയാണു പ്രതീക്ഷിക്കുന്നതെന്നും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം, അതിരൂപത ചാന്‍സിലര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Source; Deepika