News >> നാക് റീ-അക്രഡിറ്റേഷന്‍ എ ഗ്രേഡ് തിളക്കത്തില്‍ ന്യൂമാന്‍ കോളജ്
തൊടുപുഴ: നാക് റീ-അക്രഡിറ്റേഷന്‍ പരിശോധനയില്‍ തൊടുപുഴ ന്യൂമാന്‍ കോളജിനു തുടര്‍ച്ചയായ രണ്ടാം വട്ടവും എ ഗ്രേഡിന്റെ തലയെടുപ്പ്. സുവര്‍ണജൂബിലിയാഘോഷത്തിന്റെ മധുരം മാറുന്നതിനു മുമ്പു തന്നെ മറ്റൊരു സുവര്‍ണനേട്ടത്തിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുകയാണ് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കലാലയമായ ന്യൂമാന്‍ കോളജ്. നാക് പീര്‍ ടീം പരിശോധനയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ് കോളജ് നേടിയത്. 3.32 പോയിന്റോടെയാണ് ന്യൂമാന്‍ കോളജ് എ ഗ്രേഡ് നേടിയത്. 3.75 പോയിന്റ് നേടിയ ഔറംഗബാദ് എം.എസ് മണ്ഡല്‍ കോളജ് മാത്രമാണ് ന്യൂമാനു മുന്നില്‍ എത്തിയത്.
ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലായിരുന്നു നാക് പീര്‍ ടീം പരിശോധന. കോളജിലെ അടിസ്ഥാന സൌകര്യങ്ങളില്‍ നാക് ടീമിനു പൂര്‍ണ സംതൃപ്തിയായിരുന്നു. ഒപ്പം അധ്യാപക നിലവാരം, യൂണിവേഴ്സിറ്റി റാങ്കുകള്‍, വിജയശതമാനം, ലാംഗ്വേജ് ലാബ്, ഹോം തിയറ്റര്‍, ജിംനേഷ്യം, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള പാര്‍ക് എന്നിവയടക്കമുള്ള അത്യാധുനിക സൌകര്യങ്ങളും അവരില്‍ മതിപ്പുണ്ടാക്കി. ഏറെ സന്നിഗ്ധ ഘട്ടത്തിലുടെ കടന്നുപോയ ന്യൂമാന്‍ കോളജിനെ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഈ നേട്ടത്തിലെത്തിച്ചതെന്നു പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് പറഞ്ഞു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതില്‍ വലിയ പങ്കാണുള്ളത്. കാലത്തിന്റെ മാറ്റം കണ്ടറിഞ്ഞു ഏറ്റവും മികച്ച സൌകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കെത്തിക്കാന്‍ മനസു കാണിച്ച കോതമഗലം രൂപതാ മാനേജ്മെന്റിന്റെ പിന്തുണ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോളജ് അര്‍ഹിച്ച നേട്ടത്തിലെത്തിയെങ്കിലും ന്യൂമാനിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇനിയും മികച്ച നേട്ടങ്ങള്‍്ക്കായുള്ള അധ്വാനം അവര്‍ തുടരുകയാണ്.
Source: Deepika