News >> മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിന്റെ വിശുദ്ധിപദവി; ബ്രിജിറ്റൈന്‍ സന്യാസിനി സമൂഹം ആഹ്ളാദത്തില്‍
ബംഗളൂരു: മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിനെ വിശുദ്ധിപദവിയിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം വിശുദ്ധ ബ്രിജിത്തയുടെ സഹോദരികളെ ആഹ്ളാദത്തിലാക്കിയിരിക്കുന്നു. വിശുദ്ധ ബ്രിജിത്തയുടെ സഹോദരികള്‍ എന്നറിയപ്പെടുന്ന ദിവ്യരക്ഷകന്റെ സഭയുടെ പുനരുദ്ധാരകയായ മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണ്‍ അഞ്ചിനാണു വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സ്വീഡനില്‍നിന്നു 600 വര്‍ഷത്തിനുള്ളിലുണ്ടാകുന്ന ആദ്യ വിശുദ്ധപദവിയാണ് മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിന്റേത്. 17 രാജ്യങ്ങളിലായി 55 ഭവനങ്ങളുള്ള ബ്രിജിറ്റൈന്‍ സന്യാസിനി സമൂഹത്തിനു കേരളത്തിലെ നാലു ഭവനങ്ങളടക്കം 21 ഭവനങ്ങളാണ് ഇന്ത്യയിലുള്ളത്.
പ്രൊട്ടസ്റന്റ് വിപ്ളവത്തെത്തുടര്‍ന്നു കത്തോലിക്കസഭയെ പരിത്യജിച്ചു മാര്‍ട്ടിന്‍ ലൂഥറിന്റെ ആശയങ്ങളില്‍ വിശ്വാസമര്‍പ്പിച്ച സ്വീഡന്‍ ജനത, സ്വീഡന്റെയും കത്തോലിക്ക സഭയുടെയും സന്താനമായ വിശുദ്ധ ബ്രിജിത്തയെ ഭക്ത്യാദരങ്ങളോടെ അന്നും ഇന്നും അംഗീകരിച്ചുവരുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത സ്ഥാപിച്ച ദിവ്യരക്ഷകന്റെ സഭയെ പുനരുദ്ധരിച്ചത് സ്വീഡനില്‍നിന്നുള്ള എലിസബത്ത് ഹെസല്‍ ബ്ളാഡ് ആയിരുന്നു.
1870 ജൂണ്‍ നാലിന് സ്വീഡനിലെ ലൂഥറന്‍ കുടുംബത്തിലാണു മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡ് ജനിച്ചത്. ന്യൂയോര്‍ക്കിലെ റൂസ്വെല്‍റ്റ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വേദനയുടെ മഹത്വം മനസിലാക്കി. ജീവിതം ഒരു അന്വേഷണവും അര്‍ഥം തേടിയുള്ള തീര്‍ഥാടനവുമാണെന്നു തിരിച്ചറിഞ്ഞാണ് എലിസബത്ത് വിശുദ്ധ ജീവിതത്തിലേക്കു തിരിഞ്ഞത്. കത്തോലിക്കസഭയെക്കുറിച്ച് പഠിച്ച എലിസബത്ത് 1902ല്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. രോഗബാധിതയായ എലിസബത്ത് 1903ല്‍ റോമിലെ പിയാസെ ഫര്‍നേസയിലുള്ള വിശുദ്ധ ബ്രിജിത്തയുടെ ഭവനത്തിലെത്തി.
ഈ ഭവനത്തിലെ ജീവിതം സന്യാസത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലാനും പ്രേഷിതപ്രവര്‍ത്തനത്തില്‍ ജീവിതം കാഴ്ചവയ്ക്കാനും എലിസബത്തിനു പ്രേരണ നല്‍കി.
വിശുദ്ധ ബ്രിജിത്തയുടെ ആഴമായ ആധ്യാത്മികജീവിതവും ധ്യാനാത്മകമായ പ്രാര്‍ഥനാജീവിതവും സഭയുടെ ചൈതന്യമാക്കി സ്വീകരിച്ചുകൊണ്ട് എലിസബത്ത് ബ്രിജിത്തായുടെ സഭയില്‍ നവീകരണത്തിന്റെ ശംഖൊലി മുഴക്കി 1911ല്‍ സഭയ്ക്കു പുനര്‍ജന്മം നല്‍കി. പ്രാര്‍ഥനയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും ജീവിതം സമര്‍പ്പിക്കാന്‍ സഭാമക്കളെ ആഹ്വാനം ചെയ്തുകൊണ്ട് ലാളിത്യത്തിന്റെയും വിനയത്തിന്റെയും മാതൃകയായി മദര്‍ എലിസബത്ത് ജീവിതം നയിച്ചു.
വിശുദ്ധ കുര്‍ബാനയില്‍ ദിവ്യകാരുണ്യനാഥന് ആരാധനയര്‍പ്പിച്ചു ലോകജനതയ്ക്കായി അനുഗ്രഹാശിസുകള്‍ തേടുന്ന മദര്‍ എലിസബത്തിന്റെ ബ്രിജിറ്റൈന്‍ സന്യാസിനി സമൂഹം കത്തോലിക്കാ സഭയ്ക്ക് ആധ്യാത്മിക സ്രോതസായി മാറി. "ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍" എന്ന ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ക്കു മറുപടിയായി ഈശോ സഭാംഗമായി ഫാ. എഡ്വേര്‍ഡ് ബെരേറ്റയുടെ ആവശ്യപ്രകാരം മദര്‍ എലിസബത്ത് 1937ല്‍ കേരളത്തില്‍ കോഴിക്കോട് രൂപതയില്‍ മേരിക്കുന്നില്‍ സഭയുടെ ആദ്യഭവനം സ്ഥാപിച്ചു. ഇപ്പോള്‍ കോഴിക്കോടിനു പുറമേ കണ്ണൂര്‍ പരിയാരം, കളമശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബ്രിജിറ്റൈന്‍ സന്യാസിനി സമൂഹത്തിനു ഭവനങ്ങളുണ്ട്. കൂടാതെ നെയ്യാറ്റിന്‍കര, മംഗലാപുരം, ചിക്മംഗളൂരു, ബംഗളൂരു, മൈസൂരു, സിപ്കോട്, വിശാഖപട്ടണം, ഭഗല്‍പ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ബ്രിജിറ്റൈന്‍ സന്യാസിനി സമൂഹം പ്രവര്‍ത്തിക്കുന്നു.
റോമിലെ പിയാസെ ഫര്‍ണേസയിലെ മാതൃഭവനത്തില്‍ 1957 ഏപ്രില്‍ 24നായിരുന്നു മദര്‍ എലിസബത്ത് ഹെസല്‍ ബ്ളാഡിന്‍െ ജീവിതത്തിന്റെ അന്ത്യനിമിഷങ്ങള്‍. വിശുദ്ധപദവി പ്രഖ്യാപനത്തിനായുള്ള ഒരുക്കങ്ങള്‍ക്കു ബ്രിജിറ്റൈന്‍ സന്യാസിനി സമൂഹം തുടക്കംകുറിച്ചു കഴിഞ്ഞു.
Source: Deepika