News >> സമുദായ പരിഷ്കര്‍ത്താവായിരുന്ന ഷെവ. സി.ജെ. വര്‍ക്കി
ജോണ്‍ കച്ചിറമറ്റം
സമുദായപരിഷ്കരണരംഗത്തും സംഘടനാരംഗത്തും വിദ്യാഭ്യാസരംഗത്തും പത്രപ്രവര്‍ത്തനരംഗത്തും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഷെവ. സി.ജെ. വര്‍ക്കിയുടെ 125-ാം ജന്മവാര്‍ഷികം ഇന്ന്. അദ്ദേഹം 1891 മാര്‍ച്ച് 20-ന് തൃശൂര്‍ ജില്ലയിലെ കോട്ടപ്പടി ഇടവകയില്‍ ചുങ്കത്ത് കുടുംബത്തില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജ്, തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരളത്തില്‍നിന്നുള്ള പല പ്രതിഭാശാലികളെയും വാര്‍ത്തെടുത്ത തൃശിനാപ്പള്ളി കോളജ്, വര്‍ക്കിയില്‍ വേരൂന്നിയിരുന്ന സമുദായസ്നേഹം ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ കളമൊരുക്കി. അവിടെ പഠിച്ചിരുന്ന കേരളീയ വിദ്യാര്‍ഥികളുമായി സമുദായപ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചകള്‍ പ്രായോഗികതലത്തിലേക്കു കൊണ്ടുവരാന്‍ വര്‍ക്കിക്കു സാധിച്ചതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.
പഠനത്തില്‍ അതിസമര്‍ഥനായിരുന്ന വര്‍ക്കി ഡിസ്റിംഗ്ഷനോടെ ഇന്റര്‍മീഡിയറ്റ് പാസായി. ഓണേഴ്സിനും അവിടെത്തന്നെ പഠിച്ച് പ്രശസ്ത വിജയം നേടി. 23-ാം വയസില്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ ലക്ചറര്‍ ആയി. ഏറെത്താമസിയാതെ പ്രഫസര്‍ സ്ഥാനത്തെത്തി. തെക്കേ ഇന്ത്യയിലെ പ്രഗത്ഭനായ അധ്യാപകന്‍ എന്ന പ്രശസ്തിക്ക് അദ്ദേഹം അര്‍ഹനായി.
സംഘടനാരംഗം
1919-ല്‍ മംഗലാപുരത്ത് കത്തോലിക്കരെ സംഘടിപ്പിക്കുകയും അതിനെ അഖിലേന്ത്യാ പ്രസ്ഥാനമായി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അതാണ് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍. ഇതിനിടെ പല പ്രസിദ്ധീകരണങ്ങളും അദ്ദേഹം ആരംഭിക്കുകയും സംഘടനാ പ്രവര്‍ത്തനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു. സൌത്ത് കാനറ കാത്തലിക് അസോസിയേഷന്റെ സ്ഥാപകനായ അദ്ദേഹം അതിന്റെ സ്ഥാപക സെക്രട്ടറിയായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചു. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച എഡ്യൂക്കേഷന്‍ സബ്കമ്മിറ്റിയുടെ സെക്രട്ടറിയും അദ്ദേഹംതന്നെയായിരുന്നു. അതിന്റെ ഔദ്യോഗിക ജിഹ്വയായി 'മാംഗലോര്‍' എന്ന മാസിക പ്രസിദ്ധീകരിച്ചു. അതിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു.
വേദോപദേശത്തിന് ഇന്റര്‍കൊളീജിയറ്റ് പരീക്ഷ നടത്തുന്ന സമ്പ്രദായം ആരംഭിക്കുകയും ദീര്‍ഘകാലം അതിന്റെ പരീക്ഷാബോര്‍ഡ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. മദ്രാസ് പ്രസിഡന്‍സിയിലെ കാത്തലിക് എഡ്യൂക്കേഷന്‍ കൌണ്‍സിലിന്റെ ആരംഭകനും അതിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്നു. മംഗലാപുരത്തെ കാത്തലിക് യൂണിയന്‍ ക്ളബ്ബും ജെന്റില്‍മെന്‍സ് സൊസൈറ്റിയും വര്‍ക്കിയുടെ കരപരിലാളനമേറ്റു വളര്‍ന്നതാണ്.
കാത്തലിക് എഡ്യൂക്കേഷണല്‍ റിവ്യൂ
മദ്രാസില്‍വച്ച് 1920 ല്‍ നടന്ന മരിയന്‍ കോണ്‍ഗ്രസിന്റെ സ്മാരകമായി കാത്തലിക് എഡ്യൂക്കേഷണല്‍ റിവ്യൂ എന്ന പ്രസിദ്ധീകരണം ആരംഭിക്കാന്‍ വര്‍ക്കിയെ പ്രേരിപ്പിച്ചത് കത്തോലിക്കാ വിദ്യാഭ്യാസ രംഗങ്ങളെ ഏകോപിപ്പിക്കുയെന്ന ലക്ഷ്യമായിരുന്നു. അതിന്റെ ഉടമസ്ഥനും പത്രാധിപരും എല്ലാം അദ്ദേഹംതന്നെയായിരുന്നു. സാമ്പത്തിക കാരണങ്ങളാല്‍ ആ പ്രസിദ്ധീകരണം നിറുത്തേണ്ടിവന്നെങ്കിലും കത്തോലിക്കാ വിദ്യാഭ്യാസ അവകാശസംരക്ഷണത്തിനുവേണ്ടി തന്റെ നാവും തൂലികയും ബുദ്ധിയും അനുസ്യൂതം പ്രയോഗിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ കാത്തലിക് ട്രൂത്ത് സൊസൈറ്റിയുടെ നാല് ആരംഭകരില്‍ ഒരാളായിരുന്നു വര്‍ക്കി. മംഗലാപുരം കൊങ്കണി ട്രൂത്ത് സൊസൈറ്റിയുടെ ആരംഭകനും വര്‍ക്കിതന്നെ.
1930-ല്‍ മംഗലാപുരത്ത് നടന്ന അഖിലേന്ത്യാ കാത്തലിക് കോണ്‍ഗ്രസിന്റെയും 1931-ല്‍ ആരംഭിച്ച അഖിലേന്ത്യ കാത്തലിക് ലീഗിന്റെയും ആരംഭകനും സെക്രട്ടറിയും സി.ജെ. വര്‍ക്കി തന്നെയായിരുന്നു. ഏഴുവര്‍ഷക്കാലം കാത്തലിക് ലീഗ് ഇന്ത്യന്‍ കത്തോലിക്കരുടെ ഔദ്യോഗിക വക്താവായിരുന്നു. ലീഗിന്റെ ആഭിമുഖ്യത്തില്‍ ഒരു ബുള്ളറ്റിന്‍ പ്രസിദ്ധപ്പെടുത്തുകയും അഖിലേന്ത്യ ലേമെന്‍ ഡയറക്ടറി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ലീഗിന്റെ ശ്രമഫലമായി കത്തോലിക്കാ പ്രസിദ്ധീകരണ പ്രദര്‍ശനവും നടത്തി. കാത്തലിക് യൂണിയന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ വര്‍ക്കി ഷെവ. രത്നസ്വാമി പ്രസിഡന്റായപ്പോള്‍ അതിന്റെ വൈസ ്പ്രസിന്റാകാനും തയാറായി. പദവിയുടെ സ്ഥാനവലിപ്പം ഒന്നും അദ്ദേഹത്തിനു പ്രശ്നമായിരുന്നില്ല.
മലബാര്‍ കാത്തലിക്
സ്റുഡന്റ്സ് ലീഗ്
ഫാ.ഒണോരെ എസ്.ജെയുടെ നേതൃത്വത്തില്‍ എംസിഎസ്എല്‍ രൂപീകരിക്കുന്നതില്‍ വര്‍ക്കി മുഖ്യപങ്കുവഹിച്ചു. ആ വിദ്യാര്‍ഥിസംഘടനയുടെ പ്രസിഡന്റായി നാലുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. എംസിഎസ്എലിന്റെ മുഖപത്രമായ മലബാര്‍ കാത്തലിക് സ്റുഡന്റ്സ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ച വര്‍ക്കി അതിന്റെ മുഖ്യപത്രാധിപരുമായിരുന്നു. പില്‍ക്കാലത്ത് എംസിഎസ്എല്‍ പ്രവര്‍ത്തനം നിലച്ചപ്പോള്‍ അതിനെ പുനരുദ്ധരിക്കുന്നതിലും വര്‍ക്കി നിര്‍ണായകപങ്ക് വഹിച്ചു.
മന്ത്രിസ്ഥാനത്തേക്ക്
1935-ലെ ഇന്ത്യ ആക്ടിനെത്തുടര്‍ന്ന് മദ്രാസ് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വര്‍ക്കി വിജയിച്ചു. അതേത്തുടര്‍ന്നു മദ്രാസില്‍ രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി വര്‍ക്കി നിയമിതനായി. വര്‍ക്കിയുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായി അധികം താമസിയാതെ അദ്ദേഹത്തെ വിദ്യാഭ്യാസമന്ത്രിയായി നിയമിച്ചു. ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ മന്ത്രിയായിരുന്നു വര്‍ക്കി.
ഭാരത സ്വാതന്ത്യ്രസമരത്തിന്റെ ഗതി മാറിയതോടെ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയോട് ഇടഞ്ഞ് രാജിവച്ചു. അതോടെ പ്രമുഖനായ ഭരണകര്‍ത്താവ് തൊഴില്‍രഹിതനായി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഒരുവര്‍ഷം ഓണററി പ്രഫസറായി ജോലിനോക്കി. തേവര കോളജിന്റെ ആരംഭഘട്ടത്തില്‍ അഞ്ചുവര്‍ഷം വൈസ് പ്രിന്‍സിപ്പലുമായിരുന്നു. തേവര കോളജിന്റെ ഇന്നത്തെ ഉയര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ടത് ഷെവ.വര്‍ക്കിയായിരുന്നു. ഭരണരംഗത്തും വിദ്യാഭ്യാസരംഗത്തും അദ്ദേഹം ആര്‍ജിച്ച കഴിവുകള്‍ തേവര കോളജിന്റെ ഔന്നത്യത്തിനു കാരണമായി.
വിദ്യാഭ്യാസരംഗത്ത് അദ്ദേഹത്തിന്റെ കഴിവുകള്‍ വിനിയോഗിക്കാന്‍ കേരളം തയാറായില്ല. പരാതിയോ പരിഭവമോ ഇല്ലാതെ മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജിന്റെ പ്രിന്‍സിപ്പല്‍ ആയി അദ്ദേഹം ജോലി സ്വീകരിച്ചു. രണ്ടുവര്‍ഷത്തിനുശേഷം രോഗം മൂലം ജോലിയില്‍ നിന്ന് വിരമിക്കേ ണ്ടിവന്നു.
വര്‍ക്കിയുടെ വിവിധങ്ങളായ കഴിവുകള്‍ നേരിട്ടു മനസിലാക്കിയ മദ്രാസ് സര്‍വകലാശാല അദ്ദേഹത്തിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. മദ്രാസ് സര്‍വകലാശാലയുടെ യൂണിവേഴ്സിറ്റി ജേര്‍ണലിന്റെ ആരംഭകനും ആദ്യകാല പത്രാധിപരുമായിരുന്നു. ചരിത്ര ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് എക്സാമിനര്‍, എക്സാമിനര്‍ ബോര്‍ഡ് ചെയര്‍മാന്‍, മദ്രാസ് സര്‍വകലാശാലാ സിന്‍ഡിക്കറ്റംഗം, സെനറ്റംഗം എന്നീ നിലകളിലും വിലപ്പെട്ട സേവനം കാഴ്ചവച്ചു. മദ്രാസ് സര്‍വകലാശാലയുടെതന്നെ അക്കാഡമിക് കൌണ്‍സിലിലും അഫിലിയേറ്റഡ് കോളജ് കൌണ്‍സില്‍, ആര്‍ട്സ് ഫാക്കല്‍റ്റി മുതലായവയില്‍ ദീര്‍ഘകാലം അംഗമായി പ്രവര്‍ത്തിച്ചു.
ഉന്നതമായ സ്ഥാനമാനങ്ങള്‍ വഹിച്ചപ്പോഴും കത്തോലിക്കാസമുദായത്തിലെ ഒരംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മറന്നില്ല. 1919 മുതല്‍ കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യയിലെ കത്തോലിക്കരെ സംഘടിപ്പിക്കുന്നതിന് മുന്‍ കൈയെടുത്ത് പ്രവര്‍ത്തിച്ച വര്‍ക്കി 1945 ഓടുകൂടിയാണ് കേരളത്തില ജനകീയ പ്രക്ഷോഭങ്ങളില്‍ വിശിഷ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസ പ്രക്ഷോഭണങ്ങളില്‍ സജീവമായി പങ്കുചേരുന്നത്. വിദ്യാഭ്യാസ പ്രക്ഷോഭകാലത്ത് എകെസിസി ജനറല്‍ സെക്രട്ടറി സിറിയക് കണ്ടത്തിലിനെ വീട്ടുതടങ്കലിലാക്കിയപ്പോള്‍ സി.ജെ. വര്‍ക്കി ആക്ടിംഗ് ജനറല്‍സെക്രട്ടറിയായി.
എകെസിസിയുടെ ഔദ്യോഗിക ജിഹ്വയായി ബുള്ളറ്റിന്‍ ആരംഭിക്കുന്നതിനു മുന്‍കൈയെടുത്ത വര്‍ക്കിയെതന്നെ അതിന്റെ ഉപദേശകനായി വര്‍ക്കിംഗ് കമ്മിറ്റി നിയമിച്ചു. എകെസിസി ഭരണഘടന പരിഷ്കരിക്കാന്‍ നിയുക്തമായ കമ്മിറ്റിയുടെ കണ്‍വീനറും വര്‍ക്കിതന്നെയായിരുന്നു. 1945 മുതല്‍ 1951 വരെ എകെസിസി വര്‍ക്കിംഗ് കമ്മിറ്റിയില്‍ അദ്ദേഹം അംഗമായിരുന്നു. കമ്യൂണിസ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരേ സി.ജെ. വര്‍ക്കി തന്റെ തൂലിക പടവാളാക്കി.
കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി നടത്തപ്പെട്ട ഒരു പ്രസ്ഥാനമാണ് ഗ്രീഷ്മകാല വിദ്യാലയം. യുവാക്കന്മാര്‍ക്ക് സാമൂഹ്യസേവന വിഷയത്തില്‍ വേണ്ട പരിശീലനവും ജ്ഞാനവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 1949-ല്‍ ഗ്രീഷ്മകാല വിദ്യാലയം ആരംഭിച്ചത്. അവധിക്കാലത്ത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ആവിഷ്കരിച്ചത്. കമ്യൂണിസ്റ് വിപത്തിനെ മുന്നില്‍ക്കണ്ടാണ് ഈ പ്രസ്ഥാനത്തിനു രൂപംകൊടുത്തത്. ഗ്രീഷ്മകാല വിദ്യാലയത്തിന്റെ ഉപജ്ഞാതാവ് വര്‍ക്കിതന്നെയായിരുന്നു.
ജയഭാരതം മാസിക
കത്തോലിക്കാ വിജ്ഞാനത്തെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ജയഭാരതം മാസിക വര്‍ക്കി ആരംഭിച്ചത്. ഇംഗ്ളീഷ് ഭാഷയിലാണ് വര്‍ക്കി കൂടുതല്‍ ഗ്രന്ഥങ്ങളും എഴുതിയത്. മഹാത്മജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സമഗ്രപഠനമാണ് വാര്‍ധാപദ്ധതി. അതിന്റെ പരിഭാഷ തമിഴിലും വേണ്ടിവന്നു. ഇന്ത്യാ ചരിത്രം, ഗ്രീക്കുചരിത്രം, റോമാചരിത്രം, ബ്രിട്ടീഷ് ഭരണഘടനാ ചരിത്രം എന്നിവ അദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥങ്ങളാണ്. സഭയും മതപരമായ അധികാരവും, മാനസാന്തരവും അല്മായരും, കേരളത്തിലെ സുറിയാനി കത്തോലിക്കാസമൂഹം, കത്തോലിക്കാവിദ്യാഭ്യാസം, സൌഹാര്‍ദം, ക്രിസ്തുവിന്റെ പടയാളികള്‍, അലക്സ് എം. ലെപ്പസിയെ എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.
പനമ്പള്ളി 1950-ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസപദ്ധതിക്കെതിരേ പ്രക്ഷോഭത്തിനു സി.ജെ. വര്‍ക്കി സജീവമായ നേതൃത്വം നല്‍കി. അന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഇംഗ്ളീഷില്‍ തയാറാക്കിയ നിവേദനത്തിനു രൂപം നല്‍കിയത് സി.ജെ. വര്‍ക്കിയാണ്. തന്റെ കഴിവുകള്‍ മുഴുവനും സഭയ്ക്കും സമുദായത്തിനുംവേണ്ടി വിനിയോഗിച്ച ഒരു യോഗിയായിരുന്നു വര്‍ക്കി. ഭക്തനും ആദര്‍ശശാലിയുമായിരുന്ന വര്‍ക്കിയുടെ വിശിഷ്ട സേവനങ്ങള്‍ കണക്കിലെടുത്ത് മാര്‍പാപ്പ അദ്ദേഹത്തെ ഷെവലിയര്‍ സ്ഥാനം നല്‍കി ആദരിച്ചു.
ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ മന്ത്രി സാമ്പത്തികമായി കഷ്ടപ്പെട്ടാണ് അവസാനകാലം ചെലവഴിച്ചത്. 1953 മേയ് 25-ന് അദ്ദേഹം നിര്യാതനായി. കോന്തുരുത്തി പള്ളി സെമിത്തേരിയില്‍ പ്രഗത്ഭ നേതാക്കള്‍ ആരുടെയും സാന്നിധ്യമില്ലാതെ മൃതദേഹം സംസ്കരിച്ചു.
Source: Deepika