News >> ന്യൂനപക്ഷസംരക്ഷണം ജനാധിപത്യത്തെ പരിപോഷിപ്പിക്കും: മാര്‍ ആലഞ്ചേരി

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന ഭരണഘടനാ സംവിധാനം ജനാധിപത്യ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണലും സഭയുടെ ഉന്നതവിദ്യാഭ്യാസ കമ്മീഷനും സംയുക്തമായി കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കണം. ജനാധിപത്യരാജ്യത്തു തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ന്യൂനപക്ഷങ്ങള്‍ക്കു തികഞ്ഞ അവബോധമുണ്ടാകേണ്ടതുണ്ട്. ഈ രംഗത്തെ ബോധവത്കരണത്തിനും അവകാശസംരക്ഷണത്തിനും കൂട്ടായ പരിശ്രമങ്ങളാണ് ആവശ്യം. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. 

കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.വി.ബി. കുട്ടീനോ, അഡ്വ.ഡോ. സെബാസ്റ്യന്‍ ചമ്പപ്പിള്ളി, അഡ്വ. റോമി ചാക്കോ എന്നിവര്‍ വിഷയാവതരണം നടത്തി. റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ.ഡോ.ജോസ് ചിറമേല്‍, ഡോ.തോമസ് മാത്യു, ഡോ.കൊച്ചുറാണി ജോസഫ്, അഡ്വ.ആന്റണി അമ്പാട്ട് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.

സീറോ മലബാര്‍ സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍, സന്യാസസഭകളുടെ പ്രൊവിന്‍ഷ്യല്‍മാര്‍, നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
Source: Deepika