News >> അഭയാര്‍ഥികള്‍ക്കുനേരേ മുഖം തിരിക്കരുത്: മാര്‍പാപ്പ

വത്തിക്കാന്‍: അഭയാര്‍ഥികളെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓശാന സന്ദേശം. അഭയാര്‍ഥികളെ അവരുടെ വിധിക്കു വിട്ടു കൈകഴുകുന്നവരെ വിമര്‍ശിക്കാനും ദൈവപുത്രന്റെ ജറുസലം പ്രവേശനത്തിന്റെ ഓര്‍മപുതുക്കുന്ന ഓശാന ഞായറില്‍ മാര്‍പാപ്പ മറന്നില്ല. 

വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ക്കു മുന്നില്‍ കുരുത്തോലകളും ഒലിവിന്റെ ശിഖരങ്ങളും വാഴ്ത്തി മാര്‍പാപ്പ ഓശാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചാണു മാര്‍പാപ്പ അഭയാര്‍ഥികളുടെ കാര്യം പരാമര്‍ശിച്ചത്. യേശുവിനുണ്ടായ നീതിനിഷേധത്തെപ്പറ്റി പ്രസംഗിക്കവെയാണു മാര്‍പാപ്പ അഭയാര്‍ഥികളെ സ്മരിച്ചത്. 

അഭയാര്‍ഥികളായവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെ പരിഗണിക്കാതെ അവരെ അവരുടെ വിധിക്കുവിടുന്നവര്‍ ഏറെയുണ്െടന്ന് അദ്ദേഹം പറഞ്ഞു. 

പതിനൊന്നു ലക്ഷത്തോളം അഭയാര്‍ഥികളാണ് ആഭ്യന്തരയുദ്ധവും ഭരണകൂടത്തകര്‍ച്ചയും മൂലം കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറിയത്. ആ അഭയാര്‍ഥി പ്രവാഹം ഇപ്പോഴും തുടരുകയാണ്. എന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ സമ്പന്ന രാജ്യങ്ങള്‍ പലതും അഭയാര്‍ഥികള്‍ക്കുനേരെ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു മാര്‍പാപ്പയുടെ ഓശാന സന്ദേശം.

കഴിഞ്ഞ ആഴ്ച മാസിഡോണിയ 1500 ഓളം അഭയാര്‍ഥികളെ ഗ്രീസിലേക്കു മടക്കിയയച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
Source: Deepika