News >> പുരോഗതിയ്ക്ക് നല്‍കേണ്ടിവന്നിട്ടുള്ള വിലയെന്ത്?


പുരോഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആധുനികസമൂഹം പുന:സംശോധിക്കേ​ണ്ടതിന്‍റെ ആവശ്യമുണ്ടെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

     കാനഡയിലെ ടോറന്‍റൊ പട്ടണത്തിലെ സെന്‍റ് മൈക്കിള്‍സ് കോളേജ് സര്‍വ്വകലാശാലയില്‍ തിങ്കളാഴ്ച (21/03/16) സംസാരിക്കുകയായിരുന്നു അദ്ദേഹം.

     ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ച അങ്ങേയ്ക്കു സ്തുതി, അഥവാ, ലൗദാത്തൊ സീ ​എന്ന ചാക്രികലേഖനത്തെ അവലംബമാക്കിയുള്ളതായിരുന്നു ഈ പ്രഭാഷണം.

     വ്യവസായിക യുഗം പുരോഗതി കൊണ്ടുവന്നി‌ട്ടുണ്ട് എന്നാല്‍ അതിനു നല്കേണ്ടി വന്നിട്ടുള്ള വില എന്താണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും വരും തലമുറകള്‍ക്കുവേണ്ടി പരിസ്ഥിതിയെ കാത്തുപരിപാലിക്കുകയും സാമൂഹ്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടുള്ളതായിരിക്കണം പുരോഗതിയെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറഞ്ഞു.

     ഭൂമിയെ നമ്മു‌ടെ പൊതുസ്വത്തായി കരുതി അതിനോടുള്ള പ്രതിജ്ഞാബദ്ധതയോടുകൂടിയായരിക്കണം പുരോഗതിക്ക് തുടക്കം കുറിക്കേണ്ടതെന്നും ഭൂമിയുടെ ഫലങ്ങള്‍ എക്കാലത്തെയും നരകുലത്തിന് ഉപകാരപ്രദമായി ഭവിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

Source: Vatican Radio