News >> ബള്‍ഗേറിയയില്‍ പീഡങ്ങള്‍ക്കു നടുവിലും ഓജസ്സു നിലനിറുത്തിയ സഭ


ബള്‍ഗേറിയയില്‍ പതിറ്റാണ്ടുകള്‍ പീഡിപ്പിക്കപ്പെട്ട സഭ അതിന്‍റെ ഓജസ്സു നിലനിറുത്തിക്കൊണ്ട് വീണ്ടും തഴച്ചുവളരുന്നതില്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.

     ചതുര്‍ദിന സന്ദര്‍ശനപരിപാടിയുമായി ശനിയാഴ്ച ബള്‍ഗേറിയയിലെത്തിയ അദ്ദേഹം അന്നാടിന്‍റെ തലസ്ഥാനമായ സോഫിയയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ  നാമത്തിലുള്ള ദേവാലയത്തില്‍ ഞായറാഴ്ച അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനത്തിലാണ് ഈ സംതൃപ്തി രേഖപ്പെടുത്തിയത്.

     ഭാരതമുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തൊഴില്‍ പഠനപരങ്ങളായ കാര്യങ്ങളാല്‍ സോഫിയായില്‍ വസിക്കുന്നതു അനുസ്മരിച്ച കര്‍ദ്ദിനാള്‍ പരോളിന്‍ അവര്‍ കത്തോലിക്കസഭയുടെ സാര്‍വ്വത്രികതയ്ക്ക് സാക്ഷ്യമേകുന്നുവെന്ന് പറഞ്ഞു.

     ക്രൈസ്തവസഭകളുമായും അക്രൈസ്തവമതങ്ങളുമായും സംഭാഷണത്തിലേര്‍പ്പെടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

     തിങ്കളാഴ്ച (21/03/16) കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ബള്‍ഗേറിയയുടെ പ്രസിഡന്‍റ് റോസെന്‍ പ് ലെവ്നെലിയെവുള്‍പ്പടെയുള്ള സര്‍ക്കാരധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

     മുന്‍ യഗൊസ്ലാവ്യന്‍ റിപ്പബ്ലിക്കായ മാസിഡോണിയയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ കര്‍ദ്ദിനാള്‍ പരോളിന്‍ അവിടെ നിന്നാണ് ശനിയാഴ്ച ബള്‍ഗേറിയായില്‍ എത്തിയത്.

Source: Vatican Radio