News >> ദിവസവും 500 പൊതിച്ചോറുകള്‍; വിശപ്പിന്റെ വിളിക്കു മറുപടിയുമായി ന്യൂമാന്‍ കോളജ്

ജോണ്‍സണ്‍ വേങ്ങത്തടം

തൊടുപുഴ: കത്തുന്ന വിശപ്പിന്റെ കണ്ണീരുപ്പുമായി ജീവിതം തള്ളി നീക്കുന്ന സഹോദരനെ കണ്ടില്ലെന്നു നടിക്കാന്‍ ന്യൂമാന്‍കോളജിലെ എന്‍സിസി കേഡറ്റുകള്‍ക്കായില്ല. അവര്‍ തുടങ്ങിവച്ച ഷെയര്‍ എ ബ്രേഡ് പദ്ധതി കോളജ് ഏറ്റെടുക്കുകയും ചെയ്തു. വിശക്കുന്നുവെന്നുപോലും പറയാന്‍ കഴിയാത്ത മനോരോഗികള്‍ക്കു ചോറ് നല്‍കുന്ന കുട്ടികളുടെ കഥയാണിത്. സമൃദ്ധിയുടെ തീന്‍മേശയില്‍ നിന്നും താഴെ വീഴുന്ന അപ്പമല്ല, പകരം ഉള്ളതിന്റെ പങ്ക് വിതം വയ്ക്കുന്ന മനുഷ്യസ്നേഹത്തിന്റെ നേര്‍ക്കാഴ്ചയാണിത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ 108 എന്‍സിസി കേഡറ്റുകളാണ് പദ്ധതി തുടങ്ങിയത്. ദിവസവും 500 പൊതിച്ചോറുകള്‍ ശേഖരിച്ച് ആരോരുമില്ലാത്ത മനോരോഗികളെ സംരക്ഷിക്കുന്ന മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിനു കൈമാറുകയാണു വിദ്യാര്‍ഥികള്‍. 300 പൊതിച്ചോറില്‍ തുടങ്ങിയ പദ്ധതി ഇപ്പോള്‍ 500 കടന്നിരിക്കുന്നു. 

രണ്ടു വര്‍ഷം മുമ്പു എന്‍സിസി കേഡറ്റുകള്‍ അരിയുമായി ദിവ്യരക്ഷാലയം സന്ദര്‍ശിച്ചു. അപ്പോഴാണ് അറിയുന്നത് ഇതു ഒരു നേരത്തെ ആഹാരത്തിനു പോലും തികയില്ലെന്ന്. സ്വന്തം സഹോദരനെപ്പോലെ മനോരോഗികളെ ശുശ്രൂഷിക്കുന്ന ദിവ്യരക്ഷാലയത്തിലെ ടോമി, ജോബി എന്നിവരൊക്കെ കുട്ടികള്‍ക്കു അഭ്ഭുതമായിരുന്നു. അധികം വൈകിയില്ല, അശരണരെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ കോളജില്‍ രൂപപ്പെട്ടു. എന്‍സിസി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ജോണ്‍സണ്‍ ജോര്‍ജ്, ആന്‍സ് മരിയ, ഗോപിക രാജേഷ്, എമിന്‍ സേവ്യര്‍, അനുരഞ്ച് സ്കറിയ, ഡോണി ഫിലിപ്പ് തുടങ്ങിയവര്‍ സേവനനേതൃത്വം ഏറ്റെടുത്തു. 

രണ്ടു വര്‍ഷം മുമ്പു പൊതിച്ചോറില്‍ പദ്ധതി ആരംഭിച്ചു. ഇഷ്ടമുള്ളവര്‍ക്കു പൊതിച്ചോറ് കൊണ്ടുവരാമെന്നായി. അതോടെ കുട്ടികള്‍ ഇലകളില്‍ പൊതിച്ചോറ് കെട്ടി ക്കൊണ്ടുവരാന്‍ തുടങ്ങി. എല്ലാ ദിവസവും ഇല വെട്ടുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ടിഫിന്‍ബോക്സുകള്‍ വാങ്ങി. 500 ടിഫിന്‍ബോക്സുകള്‍. ഓരോ കുട്ടിക്കും ഓരോ ടിഫിന്‍ബോക്സ് കൊടുത്തുവിടും. എല്ലാ കുട്ടികളും ഈ പുണ്യപ്രവര്‍ത്തനത്തിനു തയാറായി മുന്നിട്ടുനില്‍ക്കുകയാണ്. ചോറ് മാത്രമേ കുട്ടികള്‍കൊണ്ടു വരുന്നുള്ളൂ. കറി ദിവ്യരക്ഷാലയത്തില്‍ ഉണ്ടാക്കും. പൊതികള്‍ രാവിലെ ഒമ്പതു മുതല്‍ 9.45 വരെ എന്‍സിസി കേഡറ്റുകള്‍ കോളജിലെ കൌണ്ടറുകളില്‍ സ്വീകരിക്കും. 10നു ദിവ്യരക്ഷാലയത്തില്‍ നിന്ന് വാഹനം എത്തും.

ന്യൂമാന്‍ കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. ജോണ്‍ എന്‍സിസി കേഡറ്റുകളുടെ ചാര്‍ജ് വഹിച്ചിരുന്ന കാലഘട്ടത്തില്‍ അരിവിതരണം ആരംഭിച്ചിരുന്നു. പിന്നീട് എന്‍സിസി ഓഫീസര്‍ ലഫ്. പ്രജീഷ് സി. മാത്യുവാണു ഷെയര്‍ എ ബ്രെഡ് പദ്ധതി ആവിഷ്കരിച്ചത്. കോളജ് മാനേജരായിരുന്ന മോണ്‍. ഫ്രാന്‍സീസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്ത നിര്‍ധനരെ സഹായിക്കുന്ന പദ്ധതിക്കു മാനേജ്മെന്റ് നിര്‍ലോഭസഹായം നല്‍കി വരുന്നു. ഇപ്പോഴത്തെ മാനേജര്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം കുട്ടികളുടെ സേവനത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു. പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ജോസഫ്, ബര്‍സാര്‍ ഫാ. ഫ്രാന്‍സീസ് കണ്ണാടന്‍ തുടങ്ങിയവരും അധ്യാപകരും കുട്ടികളോടൊപ്പമുണ്ട്.


Source: Deepika