News >> പെസഹായുടെ സ്നേഹദര്‍ശനം: Deepika Editorial
സഹനത്തിനു മുന്നോടിയായുള്ള അതുല്യമായൊരു സ്നേഹപ്രകാശനത്തിന്റെ തിരുനാളാണു പെസഹാ. മനുഷ്യരോടുള്ള സ്നേഹാതിരേകത്താല്‍ ദൈവം തന്റെ പുത്രനെ അവരുടെ ഇടയിലേക്കയച്ചു. ഈ പുത്രനായ യേശുവാകട്ടെ മനുഷ്യരോടുള്ള സ്നേഹത്തെപ്രതി ആത്മബലിയായി. മണിക്കൂറുകള്‍ക്കുശേഷം ശരീരത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഠോരവേദനകളെ ഒരു മനസ് മുന്‍കൂട്ടി അനുഭവിച്ച വേളയായിരുന്നു യേശുവിന്റെ പെസഹ. ഏറ്റവും ഉദാരമായ സ്നേഹത്തിന്റെ വേളയായി മാറുകയായിരുന്നു യേശുവിന്റെ അവസാനത്തെ അത്താഴം. വേദനയില്‍ മുങ്ങുമ്പോഴും സ്നേഹവും കരുണയും ഒഴുക്കുകയായിരുന്നു യേശു.
കരുണയുടെ സംവത്സരത്തില്‍ പെസഹായുടെ സന്ദേശത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്. പകയും ചതിയും ക്രൂരതയും അഹന്തയും മുഖമുദ്രകളായുള്ള ഈ കാലഘട്ടത്തില്‍ സ്നേഹത്തെയും കാരുണ്യത്തെയും ത്യാഗത്തെയും എളിമയെയും കുറിച്ചു കേള്‍ക്കുന്നതുതന്നെ കുളിര്‍മയാണ്. സ്നേഹ-കാരുണ്യ-ത്യാഗ- വിനയങ്ങളെ ദൈവികതയുടെ പ്രകാശത്തില്‍ മനുഷ്യകുലത്തിനു മുന്നില്‍ അവതരിപ്പിച്ചു യേശുവിന്റെ പെസഹ. പങ്കുവയ്ക്കലിന്റെയും സേവന മനോഭാവത്തിന്റെയും സമഭാവനയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ഇത്ര ശക്തമായി പകര്‍ന്നുതന്ന മറ്റൊരു ആചരണമില്ല.
ലോകചരിത്രത്തില്‍ യേശുവല്ലാതെ ഒരു നേതാവും ഒരു ആത്മീയാചാര്യനും തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിത്തുടച്ചു ചുംബിച്ചിട്ടില്ല. "കഴുകൂ എന്റെ പാദങ്ങള്‍'' എന്ന ഭാവത്തില്‍ സിംഹാസനാരൂഢരായിരിക്കുന്ന നേതാക്കളെ എത്രവേണമെങ്കിലും ഇന്നു കാണാന്‍ കഴിയും. സഹജീവിയുടെ പാദത്തിലേക്കു ശിരസു കുനിക്കാന്‍ തയാറാകുന്നതാണു മഹത്ത്വമെന്നു കരുതാന്‍ ഇന്നത്തെ വലിയ ആദര്‍ശധീരന്മാര്‍ക്കുപോലും കഴിയുന്നില്ല. താന്‍പോരിമയുടെ, തന്നിഷ്ടത്തിന്റെ, ഗര്‍വിന്റെ മുഖമാണ് ഇന്നത്തെ മനുഷ്യര്‍ക്ക്. "നീ ഒരിക്കലും എന്റെ പാദം കഴുകരുത്''(യോഹ.13:8)എന്നു പത്രോസ് പറയുമ്പോള്‍ "ഞാന്‍ നിന്റെ കാല്‍ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടി പങ്കില്ല'' എന്നാണു യേശു പ്രതിവചിച്ചത്. അധികാരം നേതൃത്വവും ശുശ്രൂഷയുമാണെന്നു ലോകത്തെ എക്കാലത്തെയും എല്ലാ അധികാരികളോടും നേതാക്കളോടുമായി യേശു പറയുകയായിരുന്നു അപ്പോള്‍. "നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദം കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം'' (യോഹ.13:14)എന്നും യേശു പറഞ്ഞു. തന്നെക്കാള്‍ താഴെയുള്ളവരുടെ മാത്രമല്ല സമന്മാരുടെയും ശുശ്രൂഷയ്ക്ക് ഓരോരുത്തരും സന്നദ്ധനാകണമെന്ന ആഹ്വാനമായിരുന്നു അത്. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പു മനുഷ്യരുടെ പരസ്പര സഹകരണത്തിലും സാഹോദര്യത്തിലുമാണെന്ന ചൂണ്ടിക്കാട്ടലുമായിരുന്നു അത്. ദുഃഖപാരവശ്യങ്ങളെല്ലാം ഉള്ളിലൊതുക്കി യേശു തന്റെ ശിഷ്യരുമായി നടത്തിയ സംഭാഷണങ്ങള്‍ എക്കാലവും മാനവകുലം പിന്തുടരേണ്ട വഴികള്‍ ചൂണ്ടിക്കാട്ടുന്നവയായിരുന്നു.
നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്െടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യരാണെന്ന് അതുമൂലം എല്ലാവരും അറിയും(യോഹ. 13:35). തന്റെ ശിഷ്യന്മാര്‍ ലോകത്തിനു മുന്നില്‍ അറിയപ്പെടേണ്ടതു പരസ്പര സ്നേഹത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും ആയിരിക്കണമെന്ന് യേശു ആഗ്രഹിച്ചു. സ്നേഹത്തിന്റെ പാഠങ്ങളാണു യേശു എന്നും നല്‍കിയിട്ടുള്ളത്.""നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക'' എന്നത് യേശുവിന്റെ സുപ്രധാനവും എക്കാലത്തേക്കുള്ളതുമായ ആഹ്വാനമാണല്ലോ.
പുറമേ എല്ലാം മോടിയില്‍ കാണുമ്പോഴും വ്യക്തികളുടെ മനസില്‍ ഇരുട്ടു തിങ്ങുകയാണ്. ക്രൂരതകളിലൂടെയാണ് ഇക്കാലം കടന്നുപോകുന്നത്. ജനസേവനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവര്‍ മനുഷ്യത്വം തൊട്ടുതേച്ചിട്ടില്ലാത്തവരുടെ മര്‍ദനത്തിനും വെടിയുണ്ടകള്‍ക്കുമിരയാകുന്നു. യെമനിലെ പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ എത്ര ക്രൂരമായാണ് ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയത്. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനും ജീവനുംവേണ്ടി അനേകരുടെ പ്രാര്‍ഥന ഉയരുന്ന നാളുകളാണിത്.
പരമ്പരാഗത ചടങ്ങുകളുടെ ആവര്‍ത്തനത്തിലൂടെ യാന്ത്രികമായി നടത്തേണ്ടതല്ല പെസഹാ ആചരണം. ഹൃദയശുദ്ധീകരണത്തിനാണ് ഏറ്റവും പ്രസക്തി. പെസഹാ തിരുനാളും ദുഃഖവെള്ളിയും ലൌകികതയുടെ ശൂന്യതയും ഹൃദയശുദ്ധീകരണത്തിന്റെ പ്രാധാന്യവും വെളിപ്പെടുത്തുന്നു. പെസഹാവിരുന്നിന് അത്താഴമേശയില്‍ തന്നോടൊപ്പം ഇരുന്ന യൂദാസിന്റെ ഹൃദയത്തിലെ കള്ളത്തരം യേശു മനസിലാക്കുന്നുണ്ടായിരുന്നു. പക്ഷേ അതു മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ അവിടുന്നു തയാറായില്ല. കള്ളത്തരങ്ങള്‍ ചെയ്യുക, മറ്റുള്ളവരുടെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കുക, അവ വിളിച്ചുപറയുക- ഇതാണ് ഇന്നത്തെ മനുഷ്യരുടെ ഏറ്റവും സാധാരണമായ പ്രവര്‍ത്തനം. ഈ പ്രവത്തനങ്ങളില്‍ മുഴുകി വ്യക്തികള്‍ മാത്രമല്ല പ്രസ്ഥാനങ്ങളും കാലം തള്ളിവിടുന്നു. മറ്റുള്ളവര്‍ക്കു ഗുണകരമായി എന്തെങ്കിലും എന്നെങ്കിലും ഇതിലൂടെ ഉണ്ടാകുന്നില്ല. മനുഷ്യരുടെ യാതനകള്‍ വര്‍ധിപ്പിക്കാനല്ലാതെ അല്പമെങ്കിലും കുറയ്ക്കാന്‍ ഇതൊന്നും ഉതകുന്നില്ല.
അധികാരം- ഇന്ന് എല്ലാവര്‍ക്കും വേണ്ടത് അതാണ്; അതു മാത്രമാണ്. അതിനുവേണ്ടി എന്തും ചെയ്യാന്‍, എന്തു വേഷവും കെട്ടാന്‍ ആളുകള്‍ തയാറാവുന്നു. അധികാരമുള്ളവര്‍ക്ക് അതു കൈവിട്ടുപോകുമോ എന്ന ഉത്കണ്ഠ, അധികാരമില്ലാത്തവര്‍ക്ക് അത് എത്തിപ്പിടിക്കാനുള്ള വ്യഗ്രത- ഇതാണു ലോകത്തെ അസ്വസ്ഥമാക്കുന്നത്. അധികാരം വേണ്ട, സേവനവും ശുശ്രൂഷയും നല്‍കാന്‍ അവസരം മതി എന്നു വിചാരിക്കാന്‍ മനുഷ്യനു കഴിഞ്ഞിരുന്നെങ്കില്‍, പിടിച്ചുപറ്റുന്നതിലല്ല ദാനം ചെയ്യുന്നതിലാണു സന്തോഷമെന്നു മനസിലാക്കാന്‍ അവനു കഴിഞ്ഞിരുന്നെങ്കില്‍, ഈ ലോകം എത്ര നന്നായേനേ.
Source: Deepika