News >> പെസഹാത്രിദിനങ്ങള്‍ ആവിഷ്ക്കരിക്കുന്നത് ദൈവിക കാരുണ്യം
ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടി, പതിവുപോലെ, ഈ ബുധനാഴ്ച (23/03/2016) അരങ്ങേറി . വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണം തന്നെ ആയിരുന്നു. വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ജനങ്ങളുടെ ഇടയിലൂടെ തുറന്ന വെളുത്ത, വാഹനത്തില്‍ നീങ്ങിയ പാപ്പാ അവരെ അഭിവാദ്യം ചെയ്യുകയും, പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും, ചെയ്തുകൊണ്ട് പ്രസംഗവേദിയിലേക്കു നീങ്ങി. റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിശുദ്ധഗ്രന്ഥവായനയായിരുന്നു.
കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി. തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു, അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും - ഒരുവനെ അവന്‍റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും - ക്രൂശിച്ചു. യേശു പറഞ്ഞു പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവന്‍റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു. ലൂക്കായുടെ സുവിശേഷം, ഇരുപത്തിമൂന്നാം അദ്ധ്യായത്തിലെ 32 മുതല്‍ 34 വരെയുള്ള ഈ വാക്യങ്ങള്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു. കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ കാരുണ്യത്തെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പരയില്‍ ഇത്തവണ പാപ്പാ ഈ ജൂബിലിവത്സരത്തിലെ പെസഹാത്രിദിനം വിശകലനം ചെയ്തു.പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു:ദൈവത്തിന്‍റെ കരുണയെക്കുറിച്ചുള്ള മനനം ഇന്നു നമ്മെ പെസാഹാത്രിദിനത്തലേക്ക് ആനയിക്കുകയാണ്. നമ്മുടെ വിശ്വാസത്തിന്‍റെ മഹാരഹസ്യത്തില്‍, അതായത്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഉത്ഥാനത്തിനുള്ളിലേക്ക് കൂടുതലായി കടക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന അതിശക്തമായ നിമിഷങ്ങളെന്നോണം വ്യാഴവും വെള്ളിയും വിശുദ്ധ ശനിയും നമ്മള്‍ ജീവിക്കും. ഈ മൂന്നുദിനങ്ങളിലെല്ലാം തന്നെ സംസാരിക്കുന്നത് കാരുണ്യത്തെക്കുറിച്ചാണ്. ദൈവത്തിന്‍റെ സ്നേഹത്തിന് എവിടംവരെ എത്താന്‍ കഴിയുമെന്ന് ഈ പെസഹാത്രിദിനം കാണിച്ചുതരുന്നു. യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനാളുകളെക്കുറിച്ചുള്ള വിവരണം നാം ശ്രവിക്കും. അതിന്‍റെ അഗാധപൊരുള്‍ ഗ്രഹിക്കാനുള്ള താക്കോല്‍ സുവിശേഷകന്‍ യോഹന്നാന്‍ നമുക്കു നല്കുന്നു. അദ്ദേഹം പറയുന്നു:
ലോകത്തില്‍ തനിക്ക് സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു, യോഹന്നാന്‍റെ സുവിശേഷം, അദ്ധ്യായം 13, വാക്യം 1. അനന്തമായൊരു
അവസാനംവരെ നീളുന്ന സ്നേഹം എന്നാണ് വിശുദ്ധ അഗസ്റ്റിന്‍ ആവര്‍ത്തിച്ചിരുന്നത്. ദൈവം സത്യമായും, ഒന്നും മാറ്റിവയ്ക്കാതെ സകലവും നമുക്കായി നല്കുന്നു. വിഘ്നങ്ങളില്ലാത്ത മഹാസ്നേഹത്തിന്‍റെ കഥയാണ് ഈ വിശുദ്ധവാരത്തില്‍ നാം ആരാധിക്കുന്ന രഹസ്യം.ഗൊല്‍ഗോഥയിലെ തന്‍റെ യാഗമായ പെസഹാവിരുന്നിന്‍റെ മുന്നാസ്വാദനമായി യേശു പെസഹാവ്യാഴാഴ്ച വിശുദ്ധകുര്‍ബ്ബാന സ്ഥാപിച്ചു. തന്നെ നയിക്കുന്ന സ്നേഹം ശിഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് അവിടന്ന് അവരുടെ പാദങ്ങള്‍ കഴുകുകയും, അങ്ങനെ, അവര്‍ എങ്ങനെ പെരുമാറണമെന്നതിന്‍റെ മാതൃക ഒരിക്കല്‍ക്കൂടി നേരിട്ടു നല്കുകയും ചെയ്യുന്നു. ദിവ്യകാരുണ്യം ശുശ്രൂഷയായി ഭവിക്കുന്ന സ്നേഹമാണ്. അത്, സകലരുടെയും, വിശിഷ്യ, ലോകത്തില്‍ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ സാക്ഷ്യത്തിന്‍റെ ജീവിതം നയിക്കാന്‍ ബലഹീനരെ പ്രാപ്തരാക്കുന്നതിന് അവരുടെ വിശപ്പടക്കാന്‍ അഭിലഷിക്കുന്ന ക്രിസ്തുവിന്‍റെ അത്യുല്‍കൃഷ്ട സാന്നിധ്യമാണ്. നമുക്കന്നമായി സ്വയം നല്കുന്നതിലൂടെ യേശു, നമ്മളും, ആവശ്യത്തിലിരിക്കുന്നവരുമായുള്ള യഥാര്‍ത്ഥ ജീവന്‍റെ കൂട്ടായ്മയിലായിത്തീരുന്നതിന് ഈ അപ്പം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ പഠിക്കണമെന്ന് പ്രഖ്യാപിക്കുകയാണ്.സ്നേഹം അതിന്‍റെ പരകോടിയിലെത്തുന്ന വേളയാണ് ദു:ഖവെള്ളി. ലോകത്തിനു മുഴുവനും രക്ഷയേകുന്നതിന് ദൈവപിതാവിന് യേശു കുരിശില്‍ സ്വയം അര്‍പ്പിക്കുന്നതായ അവിടത്തെ മരണം
അവസാനമില്ലാത്ത ഒരവസാനംവരെ നല്കപ്പെട്ട സ്നേഹത്തിന്‍റെ ആവിഷ്ക്കാരമാണ്. സകലരേയും ആശ്ലേഷിക്കുന്നതും, ആരെയും ഒഴിവാക്കാത്തതുമായ സ്നേഹം.അവസാനമായി, വിശുദ്ധ ശനിയാഴ്ച. അത് ദൈവത്തിന്‍റെ മൗനത്തിന്‍റെ ദിനമാണ്. അത് നിശബ്ദതയുടെ ദിനമായിരിക്കണം. നമുക്കും അങ്ങനെ ആയിരിക്കാന്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്യണം. കല്ലറയില്‍ അടക്കപ്പെട്ട യേശു മൃത്യവെന്ന നാടകീയാവസ്ഥ നരകുലം മുഴുവനുമായി പങ്കുവയ്ക്കുകയാണ്. എന്നും പരിത്യക്തരായവരോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയിലുള്ള സ്നേഹത്തെക്കുറിച്ച് വാചാലമാകുകയും ആ സ്നേഹത്തെ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന ഒരു മൗനമാണിത്. ദൈവം നിശബ്ദനാകുന്നു. എന്നാലത് സ്നേഹത്തെ പ്രതിയാണ്. ഇവിടെ പരിശുദ്ധ കന്യകാമറിയം നമുക്ക് വിശുദ്ധ ശനിയാഴ്ചയുടെ മാതൃകാരൂപം ആകണം. കാത്തിരിപ്പിന്‍റെതായ ഒരവസ്ഥയില്‍, ആ വിശുദ്ധ ശനി പരിശുദ്ധ മറിയം എങ്ങനെ ജീവിച്ചുവെന്നു നാം ചിന്തിക്കണം. സന്ദേഹപ്പെടാത്തതും കര്‍ത്താവിന്‍റെ വചനത്തില്‍ പ്രത്യാശവയ്ക്കുന്നതുമായ സ്നേഹം.ഇവയെല്ലാം സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും രഹസ്യമാണ്. അവയെ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ നമ്മുടെ വാക്കുകള്‍ അപര്യാപ്തങ്ങളും അശക്തങ്ങളുമാണ്.നിരക്ഷരയായിരുന്ന ഒരു പെണ്‍കുട്ടി, നോര്‍വ്വിച്ചിലെ ജൂലിയന് ഒരിക്കല്‍ യേശുവിന്‍റെ പീഢാസഹനത്തിന്‍റെ ദര്‍ശനമുണ്ടായി. അതെക്കുറിച്ച് അവിടത്തെ കരുണാര്‍ദ്രസ്നേഹത്തെക്കുറിച്ച്, അവള്‍ ലളിതവും എന്നാല്‍ തീക്ഷ്ണതരവുമായ വാക്കുകളില്‍ വിവരിച്ചിട്ടുണ്ട്. ദര്‍ശനത്തില്‍ കര്‍ത്താവ് അവളോട് ചോദിക്കുന്നു :
"നിനക്കുവേണ്ടി ഞാന്‍ പീഡനങ്ങള്‍ സഹിച്ചതില്‍ നീ സംതൃപ്തയാണോ?" അതിന് അവള്‍ മറുപടി നല്കുന്നു:
"അതെ, നല്ലവനായ കര്‍ത്താവെ. ഞാന്‍ നിനക്ക് ഏറെ നന്ദി പറയുന്നു. അങ്ങ് വാഴ്ത്തപ്പെടട്ടെ". അപ്പോള്‍ യേശു പറയുന്നു :
"നിനക്ക് സന്തോഷമെങ്കില്‍ എനിക്കും അപ്രകാരം തന്നെ. നിനക്കുവേണ്ടി പീഢനങ്ങളേല്‍ക്കാന്‍ കഴിഞ്ഞത് എനിക്കൊരാനന്ദമാണ്, സന്തോഷമാണ്, നിത്യാനന്ദമാണ്. ഇതില്‍ കൂടുതല്‍ സഹിക്കേണ്ടി വന്നാലും ഞാനതു ചെയ്യും".ഇതാണ് നമ്മുടെ യേശു. അവിടന്ന് നാമോരോരുത്തരോടും പറയുന്നു
നിനക്കുവേണ്ടി കൂടുതല്‍ സഹിക്കേണ്ടി വന്നാലും ഞാനതു ചെയ്യും എന്ന്.എത്ര മനോഹരങ്ങളാണ് ഈ വാക്കുകള്‍!. നാം ഒരോരുത്തരോടും കര്‍ത്താവിനുള്ള അപരിമേയവും നിസ്സീമവുമായ സ്നേഹം മനസ്സിലാക്കാന്‍ ഈ വാക്കുകള്‍ നമ്മെ പ്രാപ്തരാക്കുന്നു. നമ്മിലേക്കുവരുന്ന ഈ കാരുണ്യത്താല്‍ വലയിതരാകാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം.ഈ ദിനങ്ങളില്‍ കര്‍ത്താവിന്‍റെ പീഢാസഹനമരണങ്ങളില്‍ നയനങ്ങളൂന്നുന്ന നമുക്ക്, പരിശുദ്ധ കന്യകാമറിയം ആ ഒരു ശനിയാഴ്ച കഴിഞ്ഞതു പോലെ നിശബ്ദമായി ഉത്ഥാനത്തിനായുള്ള കാത്തിരിപ്പില്‍, അവിടത്തെ സ്നേഹത്തിന്‍റെ മാഹാത്മ്യം ഹൃദയങ്ങളില്‍ സ്വീകരിക്കാം.പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന്, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ ഭാഷകളില്‍ വായിക്കപ്പെട്ടു.ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ വിമാനത്താവളത്തിലും മെട്രൊ സ്റ്റേഷനിലും ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തെ ഫ്രാന്‍സീസ് പാപ്പാ ഈ പൊതുകൂടിക്കാഴ്ചാവേളയില്‍ അപലിപിക്കുകയും ഈ ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കും പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മരണംവിതയ്ക്കുകയും ഭീതീപരത്തുകയും മാത്രം ചെയ്യുന്നതായ ഇത്തരം നിഷ്ടൂരാക്രമണങ്ങളെ അപലപിക്കുന്നതില്‍ ഒന്നുചേരാന്‍ പാപ്പാ സന്മനസ്സുള്ള സകലരോടും അഭ്യര്‍ത്ഥിച്ചു..മൗലികവാദത്താല്‍ അന്ധരായവരുടെ ഹൃദയങ്ങള്‍ക്ക് പരിവര്‍ത്തനമുണ്ടാകുന്നതിനും വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സമാശ്വാസം ലഭിക്കുന്നതിനും വേണ്ടി ഈ വിശുദ്ധവരാത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു. Source: Vatican Radio