News >> മോചനയാത്രയ്ക്ക് ഇന്നു സമാപനം
അങ്കമാലി: എട്ടു ദിവസത്തെ കേരള പര്യടനം പൂര്‍ത്തിയാക്കി കത്തോലിക്ക കോണ്‍ഗ്രസ് മോചനയാത്രയ്ക്ക് ഇന്ന് അങ്കമാലിയില്‍ സമാപനം. ഉച്ചകഴിഞ്ഞ് 2.30നു പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലി, പൊതുസമ്മേളനം എന്നിവയോടെയാണു മോചനയാത്രയ്ക്കു സമാപനമാവുന്നത്. എറണാകുളം- അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും വിപുലമായ ക്രമീകരണം അങ്കമാലിയില്‍ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍നിന്നാരംഭിച്ച മോചനയാത്രകളും എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശുദ്ധ തോമാശ്ളീഹായുടെ തീര്‍ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, കോക്കമംഗലം, പറവൂര്‍ കോട്ടയ്ക്കാവ് എന്നിവിടങ്ങളില്‍നിന്നു വിശുദ്ധന്റെ ഛായാചിത്രങ്ങള്‍ വഹിച്ചുള്ള പ്രയാണങ്ങളും ഉച്ചയ്ക്ക് ഒന്നിന് അങ്കമാലി സെന്റ് ഹോര്‍മീസ് പള്ളിയിലാണ് (കിഴക്കേ പള്ളി) സംഗമിക്കുന്നത്. തുടര്‍ന്നു നടക്കുന്ന റാലി കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഫ്ളാഗ് ഓഫ് ചെയ്യും.
കിഴക്കേ പള്ളിയില്‍ നിന്ന് എംസി റോഡിലെ കപ്പേള, എല്‍എഫ് ആശുപത്രി വഴി ടൌണ്‍ ചുറ്റി ആലുവ റോഡിലുള്ള സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൌണ്ടിലെ സമ്മേളനവേദിയിലേക്കാണു റാലി. അതിരൂപതയിലെ ദേവാലയങ്ങളില്‍ നിന്നും മറ്റു സീറോ മലബാര്‍ രൂപതകളില്‍നിന്നും പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. നിശ്ചലദൃശ്യങ്ങളും മേളങ്ങളും പരമ്പരാഗത ക്രൈസ്തവ കലാരൂപങ്ങളും അകമ്പടിയാകും.
വൈകുന്നേരം നാലിന് അങ്കമാലി മാര്‍ ലൂയീസ് പഴേപറമ്പില്‍ നഗറില്‍ (സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൌണ്ട്്) നടക്കുന്ന സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും.
സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയനിലം വിഷായവതരണം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്യന്‍ ഊരക്കാടന്‍, അങ്കമാലി ബസിലിക്ക റെക്ടര്‍ റവ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ജനറല്‍ കണ്‍വീനര്‍ ഡെന്നീസ് കെ. ആന്റണി, സംസ്ഥാന ട്രഷറര്‍ ജോസുകുട്ടി മാടപ്പള്ളി, പാലാ രൂപത സെക്രട്ടറി രാജീവ് ജോസഫ്, ഷെവ.ഡോ.മോഹന്‍ തോമസ് എന്നിവരും സംസ്ഥാന, രൂപത ഭാരവാഹികളും പ്രസംഗിക്കും. കത്തോലിക്ക കോണ്‍ഗ്രസിന്റെ രാഷ്ട്രീയ, സമൂഹ്യനയം സമ്മേളനത്തില്‍ പ്രഖ്യാപിക്കും. സംഘടന തുടങ്ങുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ മൂലധന ശേഖരണത്തിന് സമ്മേളനത്തില്‍ തുടക്കമാകും. ഗായകസംഘം മോചനയാത്ര തീം സോംഗ് ആലപിക്കും. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെയും സമ്മേളനം ആദരിക്കും.
Source: Deepika