News >> വഞ്ചനയുടെയും സ്നേഹത്തിന്‍റെയും ഇന്നുമുയരുന്ന അടയാളങ്ങള്‍


വത്തിക്കാനില്‍നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ, റോമാനഗരത്തിന്‍റെ വടക്കന്‍ പ്രവിശ്യയായ ക്യാസില്‍ നുവോവോ ദി പോര്‍ത്തോ Castelnuovo di Porto എന്ന സ്ഥലത്തെ അഭയാര്‍ത്ഥി ക്യാമ്പിലാണ് പാപ്പാ ഫ്രാന്‍സിസ് ഇക്കുറി കുലുകഴുകല്‍ ശുശ്രൂഷ നടത്തി തിരുവത്താഴപൂജ അര്‍പ്പിച്ചത്.

അഭയാര്‍ത്ഥികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകഴുകിയ ശേഷം അവര്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിക്കുശേഷം പാപ്പാ അഭയാര്‍ത്ഥികളെ ഓരോരുത്തരെയും അഭിവാദ്യംചെയ്തു. ക്യാമ്പിലെ ആയിരത്തോളം വരുന്ന അന്തേവാസികളെ വ്യക്തിപരമായി അഭിവാദ്യംചെയ്യാന്‍ പാപ്പാ ഒരുമണിക്കൂറിലധികം സമയമെടുത്തു. ചിലര്‍ പാപ്പായ്ക്ക് സമ്മാനങ്ങള്‍ നല്കി. മറ്റു ചിലര്‍ അവരുടെ വേദനകള്‍ എഴുതിയ കത്തുകളും..! പാപ്പായും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. പെസഹായുടെ ആ സൗഹദക്കൂട്ടായ്മയോട് പാപ്പാ യാത്രപറയുമ്പോള്‍ രാത്രി 8 മണി അടുക്കാറായിരുന്നു.

പാപ്പാ ഫ്രാന്‍സിസ് കാലുകഴുകിയ 12 പേര്‍ :

ഇന്ത്യക്കാരനായ യുവാവ് - കുനാല്‍ ശര്‍മ്മ 30 വയസ്സ്, 4 ആഫ്രിക്കന്‍ കത്തോലിക്ക യുവാക്കള്‍, 3 എരിത്രിയന്‍ കോപ്റ്റിക് ക്രൈസ്തവ സ്ത്രീകള്‍, പാക്കിസ്ഥാന്‍, സിറിയ,  മാലി സ്വദേശികളായ  3 മുസ്ലിം യുവാക്കള്‍,  അഭയാര്‍ത്ഥി കേന്ദ്രത്തിലെ ഉദ്യോഗസ്ഥ -  കത്തോലിക്കയായ ഇറ്റലിക്കാരി ആഞ്ചെലാ ഫേരി. എരിത്രിയക്കാരി തെസ്മ 23 വയസ്സ് തന്‍റെ കൈക്കുഞ്ഞിനെയുമായിട്ടാണ് കാലുകഴുകല്‍ ശുശ്രൂഷയ്ക്കെത്തിയത്. തെസ്മയുടെ കാലുകഴുകി ചുംബിച്ച പാപ്പാ, കുഞ്ഞിനെ ആശീര്‍വ്വദിക്കാന്‍ മറന്നില്ല.

കാലുകഴുകി തുടച്ച് അത് ചുംബിച്ച പാപ്പാ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി പുഞ്ചിരിച്ചു. പരിത്യക്താവസ്ഥയില്‍ കഴിയുന്ന ചെറുപ്പക്കാര്‍ പാപ്പായുടെ സാന്ത്വന സ്പര്‍ശത്തില്‍ കരയുകയായിരുന്നു.

കാലുകഴുകല്‍ ശുശ്രൂഷയ്ക്കു മുന്‍പ് പാപ്പാ അവര്‍ക്ക് ഹ്രസ്വസന്ദേശം നല്കി:

ക്രിസ്തു തന്‍റെ ശിഷ്യന്മാരുടെ കാലുകഴുകിയ സംഭവത്തില്‍ രണ്ട് അടയാളങ്ങള്‍ കാണാം.  ഒന്ന് ക്രിസ്തു എന്ന വലിയ മനുഷ്യന്‍ ശിഷ്യരുടെ കാലുകഴുകിയ സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും എളിമയുടെയും അടയാളമാണ്. മറ്റേത്, കാശിനുവേണ്ടി യൂദാസ് ഗുരുവിനെ ഒറ്റുകൊടുത്ത വഞ്ചനയുടെ അടയാളവും. 30 വെള്ളിക്കാശിനാണ് യൂദാസ് ഗുരുവിനെ വിറ്റത്. യൂദാസിന്‍റെ പിന്നില്‍ പണം കൊടുക്കാനും ആയുധമുയര്‍ത്താനും ആളുകളുണ്ടായിരുന്നു.

ലോകത്ത് ഇന്നും ഇത് ആവര്‍ത്തിക്കപ്പെടുന്നു. മനുഷ്യര്‍ മുസല്‍മാനും ഹിന്ദുക്കളും ക്രൈസ്തവരും സമൂഹത്തില്‍ സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാന്‍ പരിശ്രമിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ പണത്തിനും ലാഭത്തിനും സുഖലോലുപതയ്ക്കുംവേണ്ടി ആയുധങ്ങളുണ്ടാക്കി പരസ്പരം കൊല്ലുന്ന വഞ്ചനയുടെ കഥ തുടരുന്നു. അങ്ങനെ ലോകത്ത് സമാധാനം ഇല്ലാതായിട്ടുണ്ട്. യൂറോപ്യന്‍ നഗരമായ ബ്രസ്സല്‍സിലുണ്ടായ സ്ഫോടനവും നിര്‍ദ്ദോഷികളുടെ മരണവും പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതിന്‍റെ പിന്നില്‍ പണവും ആയുധകച്ചവടവും വഞ്ചനയുമാണ്. നാം പാടേ ഉപേക്ഷിക്കേണ്ട തിന്‍മയുടെ അടയാളമാണ്.

കാലുകഴുകല്‍ ശുശ്രൂഷ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും അടയാളമാണ്. വിവിധ രാജ്യക്കാരും മതസ്ഥരും ഭാഷക്കാരും തമ്മില്‍ നമുക്ക് അനരഞ്ജിതരാകാം. ലോകത്ത് സ്നേഹം വളരട്ടെ. കലാപങ്ങളും അധിക്രമങ്ങളും ഇല്ലാതാവട്ടെ. തിന്മയുടെയും വഞ്ചനയുടെയുമല്ല, നന്മയുടെയും സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അടയാളമായി ജീവിക്കാം! നമുക്ക് സമാധാനത്തിന്‍റെ ദൂതരാകാം. അതിനായി പ്രാര്‍ത്ഥിക്കാം. ദൈവമേ, ഞങ്ങളെ അങ്ങേ സമാധാനദൂതരാക്കണമേ!

ഇറ്റലിയുടെ ദേശീയ സുരക്ഷാകേന്ദ്രമായ 'ക്യാരാ'യില്‍ (Reception Center for Asylum Seekers,  C.A.R.A.) കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള അനധികൃത കുടേയറ്റക്കാരാണ് ക്യാമ്പിലെ അന്തേവാസികള്‍.  സ്ത്രീകളും കുട്ടുകളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ഇപ്പോള്‍ അവിടെ പാര്‍ക്കുന്നു. അധികവും 30 വയസ്സിനുതാഴെ പ്രായമുള്ള ചെറുപ്പക്കാരാണ്. ബഹൂഭൂരിപക്ഷം മുസ്ലീങ്ങളാണ്. കൂട്ടത്തില്‍ രണ്ട് ഇന്ത്യക്കാരും, ഏതാനും പാക്കിസ്ഥാനികളും ശ്രീലങ്കക്കാരുമുണ്ട്.

2007-ല്‍ ഇറ്റാലിയന്‍ സര്‍ക്കാരും റോമാ-ലാസിയോ പ്രവിശ്യയിലെ സര്‍ക്കാരേതര സംഘടകളും സംയുക്തമായി അനധികൃത കുടിയേറ്റക്കാരെ, വിശിഷ്യാ യുവജനങ്ങളായവരെ തുണയ്ക്കുന്നതിന് ആരംഭിച്ചാണ് പാപ്പാ സന്ദര്‍ശിക്കുന്ന ക്യാസില്‍നുവോവോ ദി പോര്‍ത്തോയിലെ അഭയാര്‍ത്ഥികേന്ദ്രം. 100 ഏക്കറോളം വരുന്ന ഭൂമിയില്‍ അടിസ്ഥാന പാര്‍പ്പിട സൗകര്യങ്ങളും, തൊഴിലിനും വിശ്രമത്തിനുമായുള്ള സംവിധാനങ്ങളും യുവജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. രാജ്യാന്തര വിമോചനവും, കുടിയേറ്റത്തിന്‍റെ ഔദ്യോഗിക രേഖകളും, തൊഴില്‍ അവസരങ്ങളും പ്രതീക്ഷിച്ചാണ് ഈ യുവജനങ്ങള്‍ അഭയാര്‍ത്ഥികേന്ദ്രത്തില്‍ കഴിയുന്നത്.

Source: Vatican Radio