News >> ദൈവിക കാരുണ്യത്തിന്‍റെ അവതാരമാകണം വൈദികര്‍
മാര്‍ച്ച് 24-ാം തിയതി പെസഹാവ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വൈദികര്‍ക്കൊപ്പം പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പിക്കവെ നല്കിയ സുവിശേഷചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ക്രിസ്തുവിന്‍റെ സാക്ഷികളും ശുശ്രൂഷകരുമെന്ന നിലയില്‍ വൈദികര്‍ ദൈവിക കാരുണ്യത്തിന്‍റെ അവതാരകരും അവതാരവുമാകുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഉള്‍ക്കൊള്ളേണ്ടത്. ജീവിതത്തില്‍ പുരോഹിതര്‍ പങ്കുവയ്ക്കുന്ന അല്ലെങ്കില്‍ മനുഷ്യരോടു പ്രകടമാക്കുന്ന കാരുണ്യം വ്യക്തികളെ ആശ്ലേഷിക്കുകയും അത് ജീവിതത്തില്‍ അവര്‍ക്ക് അനുഭവവേദ്യമാവുകയും ചെയ്യുന്നു. അങ്ങനെ ദൈവികകാരുണ്യം ക്രിയാത്മകമായി അനുദിനജീവിത്തില്‍ പ്രാവര്‍ത്തികമാക്കുവാനും, അത് കുടുംബങ്ങളെയും സംസ്ക്കരങ്ങളെയും സ്വാധീനിക്കുവാനും ഇടയാകു. അധികവും റോമാരൂപതയിലെ വൈദികരും , മെത്രാന്മാരും കര്‍ദ്ദിനാളന്മാരും, വിശ്വാസികളുമാണ് പാപ്പായുടെ കാര്‍മ്മികത്വത്തിലുള്ള പൗരോഹിത്യകൂട്ടായ്മയുടെ ബലിയര്‍പ്പണത്തില്‍ സന്നിഹിതരായിരുന്നത്. ദൈവം അവിടുത്തെ കാരുണ്യം മനുഷ്യരിലേയ്ക്ക് എത്തിക്കുന്ന രണ്ടു പ്രായോഗിക മേഖലകളെക്കുറിച്ചാണ് പാപ്പാ വചനചിന്തയില്‍ ഉദ്ബോധിപ്പിച്ചത് : ക്രിസ്തു ദൈവരാജ്യത്തിന്‍റെ സന്ദേശം പ്രഘോഷിച്ചത് കാരുണ്യവാര്‍ഷമായിട്ടാണ്. അത് ബന്ധിതര്‍ക്ക് വിമോചനവും, രോഗികള്‍ക്ക് സൗഖ്യവും, പാപികള്‍ക്കുള്ള മോചനവുമായിരുന്നു. അങ്ങനെ അനുസ്യൂതം വര്‍ഷിക്കപ്പെടുന്ന ദൈവികകാരുണ്യം ദൈവം സമൃദ്ധമായി നല്കുന്നത് മനുഷ്യരുടെ കൂട്ടായ്മയിലാണെന്ന് പാപ്പാ ആദ്യം വ്യഖ്യാനിച്ചു. തിരിച്ചുവന്ന മകനെ ആലിംഗനംചെയ്തു സ്വീകരിക്കുകയും, ആ തിരിച്ചുവരവ് ആഘോഷിക്കുകയും ചെയ്ത കരുണയുള്ള പിതാവ് സൃഷ്ടിച്ച സ്നേഹക്കൂട്ടായ്മ മാതൃകയായി പാപ്പാ ആദ്യം ചൂണ്ടിക്കാട്ടി. രണ്ടാമതായി, നന്ദിപറയാന്‍ തിരിച്ചുവന്ന സൗഖ്യപ്പെട്ട കുഷ്ഠരോഗിയുടെ ആനന്ദവും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയും പാപ്പാ വിവരിച്ചു. തനിക്കു കിട്ടിയ ആനന്ദം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള അയാളുടെ വ്യഗ്രത അനുദിന ജീവിതത്തില്‍ അനിവാര്യമാകേണ്ട കാരുണ്യ കൂട്ടായ്മയുടെ മറ്റൊരു ഉദാഹരണമായി പാപ്പാ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള ഒത്തുചേരലിന്‍റെ അവസരങ്ങളാണ് ബലിഹീനരായവര്‍ക്ക് വ്യക്തിത്വവും അന്തസ്സും നല്‍കുന്നത്. അത് ജീവതത്തില്‍ ആനന്ദമുഹൂര്‍ത്തങ്ങള്‍ വിരിയിക്കുന്നെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ക്ഷമയാണ്, ദൈവികകാരുണ്യത്തിന്‍റെ രണ്ടാമത്തെ പ്രായോഗിക ഭാവവും വേദിയുമെന്ന് പാപ്പാ തുടര്‍ന്നു വിസ്തരിച്ചു. കണക്കില്ലാതെ നമ്മുടെ കടങ്ങള്‍ പൊറുക്കുന്ന വലിയ യജമാനനാണ് ദൈവം. അതിനാല്‍ മറുവശത്ത്, അനുദിന ജീവിതത്തില്‍ സഹോദരങ്ങളുടെ ചെറിയ കടങ്ങള്‍ ഇളവുചെയ്തു കൊടുക്കുവാനും, അവരോട് ക്ഷമയും കാരുണ്യവും കാട്ടുവാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍, വിശിഷ്യാ അഭിഷിക്തരായവരെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.നീചമായ പാപാവസ്ഥയില്‍നിന്ന് കലവറയില്ലാതെയും വ്യവസ്ഥകളില്ലാതെയും നമ്മോടു ക്ഷമിക്കുകയും നമ്മെ സ്നേഹിക്കുകയുംചെയ്യുന്ന ദൈവത്തിന്‍റെ കാരുണ്യാതിരേകം പാപ്പാ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ബലഹീനരുടെ പാപങ്ങളും കുറവുകളും ഹൃദയംതുറന്ന് നാം ക്ഷമിക്കുമ്പോള്‍ അവര്‍ക്കു ലഭിക്കുന്നത് നവജീവനും ഊര്‍ജ്ജമുള്ള ജീവിതാന്തസ്സുമാണ്. പാപ്പാ കൂട്ടിച്ചേര്‍ത്തു.യേശിവിന്‍റെ കാല്ക്കലെത്തി അനുതാപക്കണ്ണീര്‍ പൊഴിച്ച പാപിനിയായ സ്ത്രീയും, ബലഹീനതകള്‍ ഏറ്റുപറഞ്ഞ് കണ്ണുനീര്‍ വാര്‍ത്ത ശിമയോന്‍ പത്രോസും പുതിയ ജീവിതാന്തസ്സുകളിലേയ്ക്ക് പ്രവേശിച്ചു, അവര്‍ നവമായ ജീവിതാന്തസ്സുള്ളവരായി മാറി. പിന്നീട് അവര്‍ സമൂഹത്തില്‍ നേതൃസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു. പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.....വൈദികര്‍ പാപ്പാ ഫ്രാന്‍സിസിനോടു ചേര്‍ന്ന് പൗരോഹിത്യവ്രത നവീകരണം നടത്തി. രോഗീലേപനം, ജ്ഞാനസ്നാനം, അഭിഷേചനം എന്നിവയ്ക്കുള്ള തൈലങ്ങള്‍ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു നല്കി.Source: Vatican Radio