News >> ഈസ്റര്‍ സാഹോദര്യം വളര്‍ത്താനുള്ള അവസരമാകണം: കെസിബിസി

കൊച്ചി: സാഹോദര്യവും ഐക്യവും സ്നേഹവും നന്മയും പങ്കുവയ്ക്കാനും വളര്‍ത്താനുമുള്ള അവസരമായി ഉയിര്‍പ്പു തിരുനാളിനെ കാണണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). ക്രിസ്തു തന്റെ ഉത്ഥാനത്തിലൂടെ ശാന്തിയുടെയും പ്രതീക്ഷയുടെയും നവ്യമായ സന്തോഷമാണു ലോകത്തിനു നല്‍കുന്നത്. ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ സൃഷ്ടി അതിന്റെ ലക്ഷ്യമായ മഹത്വം പ്രാപിക്കുന്നു. ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ പുതുജീവനിലേക്കും ജീവന്റെ സമൃദ്ധിയിലേക്കുമുള്ള പ്രത്യാശയുടെ കവാടമാണ്. ക്രിസ്തുവിന്റെ ജീവിതം മാതൃകയാക്കി നിരാലംബര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം ബലിയര്‍പ്പിക്കുന്നവര്‍ അനശ്വരരായിത്തീരുമെന്ന് ഉയിര്‍പ്പുതിരുനാള്‍ പഠിപ്പിക്കുന്നു. ഓരോ വ്യക്തിയും ആയിരിക്കുന്നിടത്തു നന്മ ചെയ്യുമ്പോള്‍ യേശുവിന്റെ ഉയിര്‍പ്പ് സംഭവിക്കുന്നു. നമുക്ക് സന്തോഷത്തോടെ ഈസ്റര്‍ ആഘോഷിക്കാന്‍ സാധിക്കുമ്പോള്‍ ലോകത്തിലെ അനേകായിരങ്ങള്‍ക്ക് ഉത്ഥാനതിരുനാളിന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുന്നില്ല എന്ന ചിന്ത നമ്മെ പരസ്നേഹത്തിലേക്കു നയിക്കുകയും സത്യത്തിനു സാക്ഷ്യം നല്‍കാന്‍ ശക്തരാക്കുകയും ചെയ്യണം. ഈസ്റര്‍ മംഗളങ്ങള്‍ ഏവര്‍ക്കും നേരുന്നതായും കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. Source: Deepika