News >> സാന്തോം ബൈബിള്‍ കമന്ററിയുടെ മൂന്നാം വാല്യം തയാറായി
പരിയാരം (കണ്ണൂര്‍): കരുണയുടെ വര്‍ഷത്തില്‍ 'കരുണയുടെ സുവിശേഷമായ' ലൂക്കായുടെ നൂതനവിവര്‍ത്തനവും വ്യാഖ്യാനവും ഏപ്രില്‍ മൂന്നിന് പ്രകാശനം ചെയ്യും. സെന്റ് തോമസ് മിഷനറി സൊസൈറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇതു തയാറാക്കുന്നത്. ബൈബിളിലെ മുഴുവന്‍ പുസ്തകങ്ങള്‍ക്കും മൂലഭാഷകളില്‍ നിന്നുമുള്ള പരിഭാഷയും ആധുനിക ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തിലുള്ള വ്യാഖ്യാനവുമാണ് തയാറാക്കുന്നത്.
വിവിധ ഭാഷകളില്‍ തയാറാക്കുന്ന ഈ പരമ്പരയിലെ മൂന്നാം വാല്യത്തിന് 636 പേജുകളുണ്ട്. ബൈബിള്‍ പണ്ഡിതനും ബഹുഭാഷാവിദഗ്ധനും വിവിധ മേജര്‍ സെമിനാരികളില്‍ അധ്യാപകനുമായ റവ. ഡോ. സെബാസ്റ്യന്‍ കിഴക്കേലിന്റെ നേതൃത്വത്തില്‍ സഭയിലെ ബൈബിള്‍ പണ്ഡിതരുടെ സഹകരണത്തോടെയാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. പുതുഞായറാഴ്ചയായ ഏപ്രില്‍ മൂന്നിന് രാവിലെ 11ന് പരിയാരം സാന്തോം ബൈബിള്‍ സെന്ററില്‍ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ മോണ്‍. മാത്യു വെള്ളാനിക്കലിന് പ്രഥമ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്. എംഎസ്ടി വൈസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. ജോസ് പാലക്കീല്‍, മോണ്‍. റോബിന്‍ ദാനിയേല്‍, റവ. ഡോ. ജസ്റസ് പോള്‍, സിസ്റര്‍ ഡോ. തെരേസ് നടുപ്പടവില്‍, മാണി കവിയില്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Source: Deepika