News >> പ്രത്യാശയുടെ തിരുനാള്‍: Deepika Editorial
ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതു പ്രതീക്ഷയാണ്. അങ്ങനെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയാലും ജീവിതം മരണത്തോടെ അവസാനിക്കുകയാണെങ്കിലോ? എങ്കില്‍ പ്രതീക്ഷയും ജീവിതവും അര്‍ഥശൂന്യമാണ്. എന്നാല്‍, മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല എന്നു വന്നാലോ? എങ്കില്‍ എല്ലാം അര്‍ഥപൂര്‍ണമായിത്തീരുന്നു. മരണത്തിനുശേഷമുള്ളത് ഇരുട്ടല്ല, പ്രകാശമാണെന്നും അനന്തമായ ജീവനാണെന്നുമുള്ള വിശ്വാസം പകരുന്ന പ്രത്യാശ അപാരമായൊരു കരുത്താണ്. ആ പ്രത്യാശ ലോകത്തിനു സ്ഥിരീകരിച്ചുകൊടുത്ത സംഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്. യേശുവിന്റെ പുനരുത്ഥാനം ക്രൈസ്തവജീവിതത്തിന്റെ അടിത്തറയാണ്. ആ വിശ്വാസസത്യം ഉള്‍ക്കൊള്ളാത്ത ഒരാള്‍ക്ക് ക്രൈസ്തവനായിരിക്കുക അസാധ്യമാണ്. "മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം''(1 കോറിന്തോസ് 15: 13-14). യേശുവിന്റെ പുനരുത്ഥാനം ലോകത്തിനു നല്‍കുന്ന പ്രത്യാശ, മറ്റൊന്നിനും നല്‍കാന്‍ കഴിയാത്ത ഊര്‍ജമാണു പകരുന്നത്.
ജീവിതം ദുരിതങ്ങളും ദുഃഖങ്ങളും നിറഞ്ഞതാണ്. എന്നാല്‍ അവയെല്ലാം അര്‍ഥപൂര്‍ണമാക്കുന്നു ഉയിര്‍പ്പു നല്‍കുന്ന പ്രത്യാശ. ആ പ്രത്യാശയാകട്ടെ സ്നേഹത്തോടും കാരുണ്യത്തോടും അഭേദ്യബന്ധമുള്ളതാണ്. സഹജീവികളുടെ ജീവിതപ്രശ്നങ്ങളിലേക്കു കടക്കാനും അവര്‍ക്കു സ്നേഹവും കരുണയും പകര്‍ന്നുനല്‍കാനും സാധിക്കുന്നതാണ് യഥാര്‍ഥ മാനവികത. ആ മാനവികതയിലേക്കു മനുഷ്യനെ വളര്‍ത്തുന്നതാണ് ഈസ്ററിന്റെ പ്രത്യാശ. ഉയിര്‍ത്തെഴുന്നേറ്റ യേശു ലോകാവസാനം വരെ മനുഷ്യരോടൊപ്പമുണ്ട്. കാരുണ്യവും സ്നേഹവുമായി അവിടുന്നു മനുഷ്യരില്‍ പ്രത്യക്ഷപ്പെടുന്നു. മരണത്തിനു കെടുത്താനാവാത്ത പ്രത്യാശയായി അവിടുത്തെ ഉത്ഥാനം എന്നും മനുഷ്യനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിരൂക്ഷമായ പീഡകളുടെയും പൈശാചികതയുടെയും കാലമാണിത്. പക്ഷേ, പീഡകള്‍ക്കും മരണത്തിനുംശേഷം ഉയിര്‍പ്പുണ്െടന്ന് ഈസ്റര്‍ പറയുന്നു. ലിബിയയിലും യെമനിലും ഇറാക്കിലും സിറിയയിലും ബന്ദികളാക്കപ്പെട്ടിരിക്കുന്നവരും ക്രൂരമായി കൊലചെയ്യപ്പെട്ടവരും ഗുരുതരമായ ജീവിതസാഹചര്യങ്ങളില്‍ ഇപ്പോഴും ഭയന്നു കഴിയുന്നവരും ഈസ്ററിന്റെ പ്രത്യാശ അറിയേണ്ടതുണ്ട്. എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോള്‍ ഉദിക്കുന്നതാണ് യേശുവിന്റെ ഉത്ഥാനം നല്‍കുന്ന പ്രത്യാശ. ക്രിസ്തുപ്രബോധനങ്ങള്‍ കാച്ചിക്കുറുക്കിയെടുത്താല്‍ കിട്ടുന്നതു സ്നേഹവും കരുണയുമാണ്. ഫ്രാന്‍സിസ് അസീസിയെയും ഫാദര്‍ ഡാമിയനെയും മദര്‍ തെരേസയെയും മാത്രമല്ല, അനേകമനേകം പേരെ കാരുണ്യത്തിന്റെ പാതയിലേക്കു നയിച്ചതു യേശുവിന്റെ സമാനതകളില്ലാത്ത കാരുണ്യവും സ്നേഹവുമാണ്.അവരെ ധീരരാക്കിയതു യേശുവിന്റെ പുനരുത്ഥാനം പകര്‍ന്ന ഉള്‍ക്കരുത്തായിരുന്നു.
എല്ലാ അന്ധകാരത്തെയും അതിജീവിക്കുന്ന പ്രകാശമാണ് ഉത്ഥാനത്തിന്റെ പ്രത്യാശ. മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്ന ആശങ്കയില്‍നിന്ന് മരണം മറ്റൊരു ജീവിതത്തിന്റെ ആരംഭമാണെന്ന പ്രത്യാശ നല്‍കുന്ന സൂര്യപ്രകാശം ജീവിതത്തെ ഏതു വേനലിലും പച്ചപ്പു നിറഞ്ഞതാക്കുന്നു. നമുക്കു ചുറ്റുമുള്ളവരെ അവഗണിച്ചുകൊണ്ടു നമ്മുടെ ജീവിതത്തെ സാര്‍ഥകമാക്കാന്‍ സാധ്യമല്ല.
ചാവേറുകള്‍ സ്വന്തം ജീവന്‍ ഹോമിക്കുന്നത് തങ്ങള്‍ക്കു കിട്ടാന്‍ പോകുന്ന വലിയ നേട്ടങ്ങളെക്കുറിച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങളില്‍ അഭിരമിച്ചാണ്. മറ്റുള്ളവരുടെ ജീവനെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്െടന്നു ഭീകരപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതും തെറ്റായ ബോധ്യങ്ങളില്‍നിന്നാണ്. പകയും സംഹാരവുമല്ല, കാരുണ്യവും ജീവന്റെ അംഗീകാരവുമാണു ജീവദായകം. ബ്രസല്‍സില്‍ നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയവര്‍ക്കു തങ്ങളുടെ കൈവശമുള്ള സ്ഫോടകവസ്തുക്കള്‍ വരുത്താന്‍ പോകുന്ന വലിയ ദുരന്തത്തെക്കുറിച്ചു വേണ്ടത്ര ബോധ്യമുണ്ടായിരുന്നു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സൌന്ദര്യത്തിനു പകരം പകയുടെയും വിദ്വേഷത്തിന്റെയും അന്ധകാരമാണ് അവരെ ഗ്രസിച്ചത്. തിന്മയുടെ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഇന്നു സജീവമാണ്. ആളും അര്‍ഥവും നല്‍കി അവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കും.
സ്വയം ശൂന്യവത്കരിച്ച് സ്വര്‍ഗസ്ഥനായ പിതാവിന്റെ ആഗ്രഹസാക്ഷാത്കാരമായി വേദനാപൂര്‍ണമായ മരണം വരിച്ച് മനുഷ്യകുലത്തെ രക്ഷിച്ച യേശു പഠിപ്പിച്ചതു സ്നേഹിക്കാനും കരുണ കാണിക്കാനുമാണ്. കാരിരുമ്പാണികളാല്‍ കരതലങ്ങളും പാദങ്ങളും തുളയ്ക്കപ്പെട്ടപ്പോഴും ക്ഷമയുടെ വാക്കുകള്‍ മാത്രം ഉച്ചരിച്ച, മറ്റുള്ളവരെക്കുറിച്ചു കരുതല്‍ കാട്ടിയ യേശുവിന്റെ സന്ദേശം എന്നെന്നും ക്ഷമിക്കുകയെന്നതും അവസാനം വരെ മറ്റുള്ളവരോടു കരുതല്‍ കാട്ടുക എന്നതുമായിരുന്നല്ലോ. കാരുണ്യപൂര്‍ണമായ, സ്നേഹമയമായ ആ മരണത്തില്‍നിന്നാണ് അവിടുന്നു ജീവനിലേക്കു കടന്നത്.
ഉത്ഥാനാനുഭവം എല്ലാ മനുഷ്യര്‍ക്കും അനുഭവവേദ്യമാകണം. പ്രത്യാശ ലോകത്തിനു മുഴുവന്‍ പ്രകാശം ചൊരിയണം. വിശ്വാസസത്യമായി മാത്രമല്ല, ജീവിതസാക്ഷ്യമായിക്കൂടി ഉത്ഥാനത്തെ സ്വജീവിതത്തിലേക്കു കൊണ്ടുവരുമ്പോഴാണു നമുക്കു ലൌകികതയുടെ പുറത്തേക്കു കടക്കാന്‍ കഴിയുക. ദുഃഖങ്ങളുടെയും പീഡകളുടെയും കുരിശുമെടുത്ത് കാല്‍വരിയിലേക്കു കയറാന്‍ നമുക്കു കരുത്തു നല്‍കുന്നതാണ് ഉത്ഥാനത്തിലുള്ള വിശ്വാസം.
ചുറ്റുമുള്ളവരെ വിസ്മരിച്ചുകൊണ്ടു ജീവിക്കാനോ യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാനോ നന്മയുള്ള ഒരു മനുഷ്യനും സാധിക്കില്ല. നിത്യജീവിതത്തില്‍ വിശ്വസിച്ചുകൊണ്ട്, അതു ലക്ഷ്യമാക്കിക്കൊണ്ട് ലോകജീവിതം അര്‍ഥപൂര്‍ണമാക്കാന്‍ സാധിക്കുന്നതു സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയുമാണ്. ജീവിതത്തിന്റെ നിരവധിയായ പ്രശ്നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ പുനരുത്ഥാനം. ഈസ്റര്‍ നല്‍കുന്ന പ്രത്യാശ എല്ലാവരുടെയും ജീവിതത്തില്‍ ദീപക്കാഴ്ചയായി നിലകൊള്ളട്ടെ. |
|
|
Source: Deepika