News >> ക്രിസ്തുവിശ്വാസാര്‍ത്ഥികളുടെ പട്ടികയില്‍ ഒരു ഭാരതീയനും
പെസഹാജാഗരശുശ്രൂഷാവേളയില്‍ പാപ്പായില്‍ നിന്ന് ജ്ഞാന്സ്നാനം സ്വീകരിക്കുന്ന മുതിര്‍ന്നവരായ ക്രിസ്തുവിശ്വാസാര്‍ത്ഥികളുടെ അഥവാ, കാറ്റെക്കൂമെന്‍സിന്‍റെ പട്ടികയില്‍ ഒരു ഭാരതീയനും ഉള്‍പ്പെടുന്നു. 50 വയസ്സുള്ള സന്ദീപ് മഹജന്‍ ആണ് ഈ ഇന്ത്യക്കാരന്‍. ഫ്രാന്‍സീസ് പാപ്പായില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുന്ന 22 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള മൊത്തം 12 പേരില്‍ ചൈനക്കാരിയായ ലി ഷാങ് ആണ് ഏറ്റം പ്രായം കുറഞ്ഞ വ്യക്തി, 22 വയസ്സ്. 60 കാരനായ യൊങ് ജൂണ്‍ ലീ എന്ന കൊറിയ സ്വദേശിയാണ് ഇവരില്‍ ഏറ്റം പ്രായം കൂടിയ ആള്‍. അല്‍ബേനിയക്കാരായ 6 പേരും, കൊറിയക്കാരായ 2 പേരും ഇറ്റലി, കാമെറൂണ്‍, ചൈന, ഇന്ത്യ എന്നീ നാട്ടുകാരായ ഓരോരുത്തരും അടങ്ങുന്നതാണ് ഈ പന്ത്രണ്ട് ക്രിസ്തുവിശ്വാസാര്‍ത്ഥികള്‍. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ശനിയാഴ്ച രാത്രി നടക്കുന്ന പെസഹാജാഗര തിരുക്കര്‍മ്മത്തില്‍ തീ വെഞ്ചെരിപ്പ്, പെസഹാത്തിരി കത്തിക്കല്‍, പെസഹാപ്രഘോഷണം എന്നിവയുള്‍പ്പെട്ട ഒന്നാം ഭാഗത്തിനും, തുടര്‍ന്നുള്ള വചനശുശ്രൂഷയ്ക്കും ശേഷം മൂന്നാം ഘട്ടത്തിലാണ് ജ്ഞാനസ്നാനകര്‍മ്മം. ഞായറാഴ്ച രാവിലെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സാഘോഷമായ ഉയിര്‍പ്പുതിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കുകയും അതിനുശേഷം, റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി സന്ദേശവും ആശീര്‍വ്വാദവും നല്കുകയും ചെയ്യും. Source: Vatican Radio