News >> വൈരുദ്ധ്യങ്ങളുടെ അടയാളമായ കുരിശ്
വൈരുദ്ധ്യങ്ങളുടെ അടയാളമായ കുരിശില്‍ വിജയക്കൊടി ദര്‍ശിക്കാന്‍ പാപ്പാ ക്ഷണിക്കുന്നു.പതിവുപോലെ ഇക്കൊല്ലവും ദു:ഖവെള്ളിയാഴ്ച(25/03/16) പ്രാദേശികസമയം രാത്രി 9:15ന്, ഇന്ത്യയിലെ സമയം ശനിയാഴ്ച പുലര്‍ച്ചെ 1.45 ന് റോമിലെ കൊളോസിയത്തില്‍ ആരംഭിച്ച ശ്ലീവാപ്പാതയുടെ സുദീര്‍ഘമായ സമാപന പ്രാര്‍ത്ഥനയിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണം അന്തര്‍ലീനമായിരിക്കുന്നത്.ക്രിസ്തുവിന്‍റെ കുരിശില്‍ പാപ്പാ, ദൈവിക സ്നേഹത്തിന്‍റെയും, ഒപ്പം, മാനുഷിക അനീതിയുടെയും അടയാളം കാണുന്നു.ആ കുരിശ് സ്നേഹത്താലുള്ള പരമയാഗത്തിന്‍റെയും അതോടൊപ്പം മനുഷ്യന്‍റെ മൗഢ്യത്തിന്‍റെ ഫലമായ അത്യന്ത സ്വാര്‍ത്ഥയുടെയും പ്രതിരൂപവും, മൃത്യുവിന്‍റെ ഉപകരണവും ഒപ്പം ഉത്ഥാനത്തിന്‍റെ സരണിയും, അനുസരണത്തിന്‍റെ അടയാളവും അതോടൊപ്പംതന്നെ വഞ്ചനയുടെ മുദ്രയും, പീഢനത്തിന്‍റെ തട്ടും ഒപ്പം വിജയക്കൊടിയും ആണെന്ന് പാപ്പാ തന്‍റെ പ്രാര്‍ത്ഥനയില്‍ പറയുന്നു.വധിക്കപ്പെട്ട സഹോദരങ്ങളില്‍, ജീവനോടെ ദഹിപ്പിക്കപ്പെട്ടവരില്‍, ഭീതിപരത്തിയ മൂകതയില്‍ വാളിനാല്‍ കഴുത്ത് പിളര്‍ക്കപ്പെടുകയും നിഷ്ഠൂരം ഗളച്ഛേദം ചെയ്യപ്പെടുകയും ചെയ്തവരില്‍, യുദ്ധത്തിന്‍റെയും അക്രമത്തിന്‍റെയും പിടിയില്‍ നിന്ന് പലായനം ചെയ്യുകയും മരണവുമായും കൈകള്‍ കഴുകുന്ന പീലാത്തോസുമാരുമായും മാത്രം പലപ്പോഴും കണ്ടുമുട്ടേണ്ടിവരികയും ചെയ്യുന്നവരില്‍ ക്രിസ്തുവിന്‍റെ കുരിശ് ഇന്ന് ഉയര്‍ന്നിരിക്കുന്നതായി കാണുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു. ദൈവത്തിന്‍റെ നാമത്തെ നിന്ദിക്കുന്നതായ ചില മതാനുയായികളുടെ അക്രമപ്രവര്‍ത്തനങ്ങളിലും മൗലികവാദത്തിന്‍റെ ആവിഷ്ക്കാരങ്ങളിലും, ശവക്കോട്ടയായി മാറിയിരിക്കുന്ന മദ്ധ്യധരണ്യാഴിയിലും ആജിയന്‍ സമുദ്രത്തിലും ക്രിസ്തുവിന്‍റെ കുരിശിനെ കാണുന്നുവെന്നും പാപ്പാ പറയുന്നു. ഇന്ന് ലോകത്തിലുള്ള അന്ധകാരഹേതുക്കളായ ഇത്തരം അവസ്ഥകളെക്കുറിച്ചു പരാമര്‍ശിച്ചതിനു ശേഷം അവസാനം പാപ്പാ നിശയുടെ അന്ധകാരത്തെക്കാള്‍ ശക്തമാണ് സൂര്യോദയം എന്ന് പഠിപ്പിക്കേണമെയെന്ന് ക്രിസ്തുവിന്‍റെ കുരിശിനോടു പ്രാര്‍ത്ഥിക്കുന്നു.Source: Vatican Radio