News >> ഈസ്റര്‍ പ്രത്യാശയുടെ ആഘോഷം: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഇരുളും ഭീതിയും നമ്മെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവര്‍ ഭയത്തിന്റെയും നിരാശയുടെയും തടവറയിലാകരുതെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ശനിയാഴ്ച വിശുദ്ധ കുര്‍ബാനമധ്യേ ഈസ്റര്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഭയവും ഇരുട്ടും മനസുകളെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. പ്രത്യാശയുടെ ആഘോഷമാണ് ഈസ്റര്‍. ഈ പ്രത്യാശ ലോകത്തിന് ഇന്ന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വിശ്വാസികള്‍ ഇത്തവണ ഈസ്റര്‍ ദിനത്തില്‍ നിശ്ചയിച്ചിരുന്ന റോം സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കനത്ത സുരക്ഷയാണു വത്തിക്കാനില്‍ ഏര്‍പ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച നടന്ന ചടങ്ങുകള്‍ക്കിടെ മാര്‍പാപ്പ ബ്രസല്‍സ് ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. വിളക്കുകള്‍ അണച്ച് ഇരുള്‍ മൂടിയ ബസിലിക്കയില്‍ മാര്‍പാപ്പ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായാണു വിശുദ്ധ കുര്‍ബാനയ്ക്കായി എത്തിയത്. അള്‍ത്താരയില്‍ മാര്‍പാപ്പ പ്രവേശിച്ചതോടെ ക്രിസ്തുവിന്റെ പുനരുത്ഥാരണത്തിന്റെ പ്രതീകമായി വിളക്കുകളെല്ലാം തെളിഞ്ഞു. ചൈന, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ 12 പേര്‍ക്കു മാര്‍പാപ്പ ജ്ഞാനസ്നാനം നല്‍കി.
Source: Deepika