News >> ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രാര്‍ഥിക്കുക: മാര്‍ ആലഞ്ചേരി
കൊച്ചി: ഭീകരര്‍ ബന്ദിയാക്കിയ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. വൈദികനെ ബന്ദിയാക്കിയ ഭീകരര്‍ പണം ആവശ്യപ്പെടുന്നതായി മാധ്യമങ്ങളില്‍നിന്ന് അറിയാന്‍ കഴിയുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നയതന്ത്രബന്ധ ഇടപെടലിലൂടെ വൈദികന്റെ മോചനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയും മറ്റു രാജ്യങ്ങളും ഇതിനോടു സഹകരിക്കുമെന്നു പ്രതീക്ഷിക്കാം.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനും ലോകസമാധാനത്തിനും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഫാ. ടോം ഉഴുന്നാലില്‍ ഉള്‍പ്പടെയുള്ള മിഷനറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നത്. ഇത് ഒരു മതത്തിന്റെ മാത്രം പ്രവര്‍ത്തനമായി കാണേണ്ടതില്ല.
മാനവനന്മയാണ് ഓരോ മിഷനറിയും ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും പ്രാര്‍ഥനയിലൂടെയും മറ്റും ഫാ. ടോമിന്റെ മോചനത്തിനായുള്ള യത്നത്തില്‍ പങ്കാളികളാവണമെന്നും മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു.
Source: Deepika