News >> ദാരിദ്യ്രത്തിനും രോഗങ്ങള്‍ക്കുമെതിരേ പോരാടുക: ഫ്രാന്‍സിസ് മാര്‍പാപ്പ
ഫാ. ഐസക് ആരിക്കാപ്പള്ളി സിഎംഐ
വത്തിക്കാന്‍സിറ്റി: ലോകത്തിലെ വിഭവങ്ങള്‍ ദാരിദ്യ്രത്തിനും രോഗങ്ങള്‍ക്കും എതിരായ പോരാട്ടത്തിനു വിനിയോഗിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കാന്‍ ലോകം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈസ്റര്‍ ദിനത്തില്‍ നഗരത്തിനും ലോകത്തിനുമായുള്ള (ഊര്‍ബി എത് ഓര്‍ബി) സന്ദേശത്തിലാണു മാര്‍പാപ്പയുടെ ആഹ്വാനം.
വിവിധ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങളും സംഘര്‍ഷങ്ങളും പരാമര്‍ശിച്ചുകൊണ്ടായിരുന്നു സന്ദേശം. വിവിധ നാടുകളില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനു വേണ്ടിയും അദ്ദേഹം അഭ്യര്‍ഥിച്ചു.
പലസ്തീനിലെയും പശ്ചിമേഷ്യയിലെയും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഉത്ഥാനം ചെയ്ത രക്ഷകന്റെ ഈസ്റര്‍ സന്ദേശം എല്ലാ ജനതകള്‍ക്കുമുള്ളതാണ്; അതു കാലം തോറും മാറ്റൊലി കൊള്ളുന്നു; മെച്ചപ്പെട്ടൊരു ഭാവി തേടുന്ന കുടിയേറ്റക്കാരുടെയും യുദ്ധത്തിലും വിശപ്പിലും പട്ടിണിയിലും ദാരിദ്യ്രത്തിലും അനീതിയിലും നിന്ന് രക്ഷതേടുന്ന അഭയാര്‍ഥികളുടെയും കാര്യം വിസ്മരിക്കരുതെന്ന് ഈസ്റര്‍ നമ്മോടു പറയുന്നു: മാര്‍പാപ്പ വിശദീകരിച്ചു.
കര്‍ത്താവിനു നന്ദി പറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ് എന്ന 136-ാം സങ്കീര്‍ത്തനവാക്യം ഉദ്ധരിച്ചാണു മാര്‍പാപ്പ സന്ദേശമാരംഭിച്ചത്. ദാഹിക്കുന്നവര്‍ക്കു ഞാന്‍ ജീവജലത്തിന്റെ ഉറവയില്‍നിന്നു വെള്ളം നല്കും എന്ന വെളിപാടു പുസ്തകത്തിലെ വാക്യം ഉദ്ധരിച്ചായിരുന്നു സമാപനം. ഭീകരാക്രമണ ഭീഷണിക്കിടയിലും രണ്ടു ലക്ഷത്തിലേറെപ്പേര്‍ ഈസ്റര്‍ ദിവ്യബലിയില്‍ സംബന്ധിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലല്ല, ചത്വരത്തിലായിരുന്നു രാവിലെ പത്തിനു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചത്.
Source: Deepika