News >> 'ലോകത്തിനും നഗരത്തിനും' ഉത്ഥിതന്‍ നല്കുന്ന നവജീവന്‍റെ സന്ദേശം


"കര്‍ത്താവിനു നന്ദിപ്രകാശിപ്പിക്കുവിന്‍,  എന്തെന്നാല്‍ അവിടുന്നു നല്ലവനാണ്.  അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനില്‍ക്കുന്നു" '  -  (സങ്കീര്‍ത്തനം 135, 1).

പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍ നേരുന്നു!

ദൈവികകാരുണ്യത്തിന്‍റെ അവതാരമായ യേശു ക്രിസ്തു നമ്മോടുള്ള സ്നേഹത്താല്‍ കുരിശില്‍ മരിച്ചു, മരിച്ചവരില്‍നിന്നും ഉത്ഥാനംചെയ്തു. അതുകൊണ്ടാണ് 'യേശു കര്‍ത്താവാണെന്ന്' നാം പ്രഘോഷിക്കുന്നത്.

സങ്കീര്‍ത്തകന്‍റെ പ്രവചനവാക്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് അവിടുത്തെ ഉത്ഥാനം : കര്‍ത്താവിന്‍റെ കാരുണ്യം എന്നേയ്ക്കും നിലനില്ക്കുന്നു. അതൊരിക്കലും അസ്തമിക്കുന്നില്ല. നാം അവിടുന്നില്‍ പൂര്‍ണ്ണമായും വിശ്വസിക്കണം, മാത്രമല്ല അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കണം. കാരണം നമുക്കുവേണ്ടിയാണ് അവിടുന്ന് ഇത്രത്തോളം താണത്, അഗാധങ്ങളിലേയ്ക്കു താണിറങ്ങിയത്.

മനുഷ്യകുലത്തിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ ഗര്‍ത്തങ്ങളില്‍നിന്നും, വിദ്വേഷവും മരണവും ഉള്‍ത്തിരിക്കുന്ന മനുഷ്യഹൃദയത്തിന്‍റെ കയങ്ങളില്‍ന്നും നമ്മെ രക്ഷിക്കാന്‍ ദൈവത്തിന്‍റെ അനന്ത കാരുണ്യത്തിനു മാത്രമേ സാധിക്കൂ. തിന്മയുടെ ഈ ആഗാധഗര്‍ത്തങ്ങളെ തന്‍റെ സ്നേഹത്താന്‍ നിറയ്ക്കുവാനും, അതില്‍ നാം വീഴാതെ കാക്കുവാനും ദൈവത്തിനു മാത്രമേ കഴിയൂ. അങ്ങനെ സ്വാതന്ത്ര്യത്തിന്‍റെയും ജീവന്‍റെയും ഭൂമിയിലേയ്ക്കുള്ള യാത്ര തുടരുവാന്‍ ദൈവം ഇടയാക്കുന്നു.              

"ക്രൂശിതനായ ക്രിസ്തു ഇവിടെയില്ല, അവിടുന്ന് ഉത്ഥാനംചെയ്തു," എന്ന സദ്വാര്‍ത്തയില്‍നിന്നുമാണ് (മത്തായി 28, 5-6) മരണഗര്‍ത്തത്തിന്‍റെ മാര്‍ഗ്ഗം കൂട്ടിയിണക്കപ്പെടുന്നത്. അങ്ങനെ മനുഷ്യന്‍റെ കണ്ണീരും വിലാപവും വേദനയും ഇല്ലാതാകുമെന്ന സമാശ്വാസത്തിന്‍റെ ഉറപ്പ് നമുക്കു ലഭിക്കുന്നു (വെളി. 21, 4). തന്‍റെ ശിഷ്യഗണങ്ങളാല്‍ ക്രിസ്തു പരിത്യക്തനായി. നീതിയില്ലാത്ത വിധിയുടെയും, നീചവും നിന്ദ്യവുമായ മരണത്തിന്‍റെയും ഭാരത്താല്‍ അവിടുന്ന് അമര്‍ന്നു. എന്നിട്ടും ഉത്ഥാനത്താല്‍ അമര്‍ത്യതയുടെ ജീവനില്‍ അവിടുന്നു നമ്മെ പങ്കുകാരാക്കുന്നു. വിശപ്പും ദാഹവും അനുഭവിക്കുന്നവരെയും, അപരിചിതരെയും തടങ്കലില്‍ കഴിയുന്നവരെയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പുറംതള്ളപ്പെട്ടവരെയും, പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയായവരെയും തന്‍റെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദൃഷ്ടിയാല്‍ കാണാന്‍ അവിടുന്നു സകലരെയും സഹായിക്കുന്നു.

ശാരീരികവും ആത്മീയവുമായ പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ന് ലോകത്ത് നിരവധിയാണ്. ഗാര്‍ഹിക പീഡനത്തിന്‍റെയും, വിവരിക്കാനാവാത്ത വിധത്തിലുള്ള ക്രൂരമായ മനുഷ്യ യാതനകളുടെയും, വന്‍തോതിലുള്ള ആയുധപോരാട്ടത്തിന്‍റെയും കഥകളാണ് അനുദിനം നാം വാര്‍ത്തയായി കാണുന്നതും കേള്‍ക്കുന്നതും. അതിക്രമങ്ങളുടെയും കൂട്ടക്കൊലയുടെയും, നിയമങ്ങളോടും മൂല്യങ്ങളോടുള്ള വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വളര്‍ച്ച, സമൂഹ്യ സുസ്ഥിതിയുടെ തകര്‍ച്ച എന്നിവ കാരണമാക്കിയ ദാരുണമായ ദീര്‍ഘകാല സംഘട്ടനങ്ങളാല്‍ കീറിമുറിക്കപ്പെട്ടസിറിയയ്ക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യാശയുടെ പാത തെളിക്കട്ടെ!

സകലരുടെയും സന്മനസ്സോടും സഹകരണത്തോടുംകൂടെ സമാധാനം ഫലമണിയുവാനും, ഓരോ പൗരന്‍റെയും അന്തസ്സും അവകാശങ്ങളും മാനിക്കുന്ന സാഹോദര്യത്തിന്‍റെ സമൂഹം അവിടെ വാര്‍ത്തെടുക്കുവാനായി പുരോഗമിക്കുന്ന ചര്‍ച്ചകള്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ കരങ്ങളില്‍ നമുക്കു സമര്‍പ്പിക്കാം.

ക്രിസ്തുവിന്‍റെ കല്ലറയുടെ കല്ലുമാറ്റിയ ദൂതന്‍ പ്രഘോഷിച്ച 'നവജീവന്‍റെ സന്ദേശം', മദ്ധ്യധരണിയാഴി പ്രദേശങ്ങളിലും മദ്ധ്യപൂര്‍വ്വദേശത്തും, വിശിഷ്യാ ഇറാക്ക്, യമന്‍, ലിബിയ എന്നിവിടങ്ങളിലുള്ള കഠിനഹൃദയരെ മയപ്പെടുത്തി, ജനങ്ങളുടെയും സംസ്ക്കാരങ്ങളുടെയും  ഫലവത്തായ കൂട്ടായ്മ വളര്‍ത്തട്ടെ! നേരിട്ടുള്ളതും (ഇടനിലക്കാരില്ലാതെ), ആത്മാര്‍ത്ഥവുമായ കൂടിയാലോചനകളിലൂടെയും, ക്ഷമയുടെയും തുറവിന്‍റെയും പ്രതിദിന സമര്‍പ്പണത്തിലൂടെയും വിശുദ്ധനാട്ടിലെ ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങള്‍ക്ക്, നീതിയുടെയും സമാധാനത്തിന്‍റെയും സുസ്ഥിരമായ അടിത്തറ പാകാന്‍ ക്രിസ്തുവിന്‍റെ തിരുമുഖത്ത് തെളിയുന്ന പുതിയ മനുഷ്യന്‍റെ പ്രതിച്ഛായ പ്രചോദനമാവട്ടെ! ബന്ധികളാക്കപ്പെട്ടവരുടെ മോചനം ഉള്‍പ്പെടെ, പ്രചോദനാത്മകവും മാനുഷികവുമായ സഹായങ്ങളിലൂടെ ഉക്രയിനിലെ അഭ്യന്തരയുദ്ധത്തിന് ക്ലിപ്തതയുള്ളൊരു പരിഹാരം ഇനിയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ജീവന്‍റെ അധിനാഥനായവന്‍ പിന്‍തുണയ്ക്കട്ടെ!               

സമാധാനമായ ക്രിസ്തു (എഫേസി. 2, 14) തന്‍റെ ഉത്ഥാനത്താല്‍ തിന്മയെയും പാപത്തെയും കീഴടക്കി. ബെല്‍ജയത്ത് അടുത്തുണ്ടായ ആക്രമണംപോലെ തുര്‍ക്കി, നൈജീരിയ, ചാദ്, ക്യാമറൂണ്‍, ഐവറി കോസ്റ്റ്, ഇറാക്ക് എന്നിവിടങ്ങളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും, ഭീകരാക്രമത്തിന്‍റെ അന്ധവും മൃഗീയവുമായ അതിക്രമങ്ങള്‍ക്ക് ഇരകളായി രക്തം ചിന്തുന്നവരോട് സഹതപിക്കുവാന്‍ ഈ ഉത്ഥാനമഹോത്സത്തില്‍ അവിടുന്ന് നമ്മെ സഹായിക്കട്ടെ! ആഫ്രിക്കയില്‍ അവിടുന്ന് പ്രത്യാശയുടെ വിത്തു പാകി നനയ്ക്കുകയും സമാധാനത്തിന്‍റെ സാധ്യതകള്‍ വളര്‍ത്തുകയും ചെയ്യട്ടെ. രാഷ്ട്രീയവും സാമൂഹ്യവുമായ സംഘര്‍ഷങ്ങളില്‍ കഴിയുന്ന ബറൂണ്ടി, മൊസാംബിക്, കോംഗോ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളെയും ഇന്നേദിവസം പ്രത്യേകമായി അനുസ്മരിക്കുന്നു. 

സ്വാര്‍ത്ഥതയെയും മരണത്തെയും ദൈവം കീഴ്പ്പെടുത്തിയത് സ്നേഹത്തിന്‍റെ ആയുധങ്ങള്‍ കൊണ്ടാണ്. സകലര്‍ക്കുമായി ലോകത്ത് മലര്‍ക്കെ തുറക്കപ്പെട്ട 'കാരുണ്യകാവട'മാണ് ദൈവപുത്രനായ ക്രിസ്തു! ക്ലേശങ്ങള്‍ അനുഭവിക്കുന്ന വെനസ്വേലയിലെ പ്രിയപ്പെട്ട ജനതയും, ആ രാജ്യത്തിന്‍റെ ഭാവിഭാഗധേയത്വത്തിന് ഉത്തരവാദികളുമായവര്‍ക്ക് ക്രിസ്തുവിന്‍റെ ഉത്ഥാനസന്ദേശം പൂര്‍വ്വോപരി ശക്തമായി അനുഭവേദ്യമാകട്ടെ! അങ്ങനെ സകലരും സംവാദത്തിന്‍റെയും പരസ്പരണ സഹകരണത്തിന്‍റെയും പാതയില്‍ പൊതുനന്മയ്ക്കായി പരിശ്രമിക്കട്ടെ! സകലരുടെയും ആത്മീയവും ഭൗതികവുമായ ശ്രേയസ്സ് ഉറപ്പുവരുത്തുവാന്‍ കെല്പുള്ളതും, കൂട്ടായ്മയുടെയും നീതിയുടെയും പരസ്പരാദരവിന്‍റെയും സംസ്കൃതി വളര്‍ത്തുവാന്‍ പോരുന്നതുമായ പരിശ്രമങ്ങള്‍ എവിടെയും പൂവണിയട്ടെ! 

യുദ്ധം വിശപ്പ്, പട്ടിണി, സാമൂഹ്യാനീതി എന്നിവ മൂലവും, നല്ലഭാവി തേടിയും പുറപ്പെട്ടു പോകുന്ന, എന്നാല്‍ പൂര്‍വ്വോപരി വര്‍ദ്ധിച്ചുവരുന്നതുമായ - കുട്ടികള്‍ ഉള്‍പ്പെടെയുള്ള - അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും വന്‍ജനസഞ്ചയത്തെക്കുറിച്ച് കരുതലുള്ളവരായിരിക്കാന്‍, കാലാന്തരങ്ങളായി മനുഷ്യരുടെ കാതുകളില്‍ പ്രതിധ്വനിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ ജീവസന്ദേശം ഇന്നും സകലരെയും ക്ഷണിക്കുന്നു.  നമ്മുടെ ഈ സഹോദരങ്ങളില്‍ പലരും അവരുടെ ജീവപ്രയാണത്തില്‍ പലപ്പോഴും മരണത്തിനിരയാവുകയോ, അവരെ പിന്‍തുണയ്ക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടവരാല്‍ത്തന്നെ ചൂഷണംചെയ്യപ്പെടുകയോ തിരസ്കൃതരാവുകയോ ചെയ്യുന്നുണ്ട്. മനുഷ്യവ്യക്തിയെ കേന്ദ്രീകരിച്ചും, അവന്‍റെയും അവളുടെയും അന്തസ്സ് മാനിക്കത്തക്ക വിധത്തിലും; അതുപോലെ കലാപങ്ങള്‍ക്കും മറ്റു അടിയന്തിര അവസ്ഥകള്‍ക്കും, വിശിഷ്യ മതാത്മകവും വംശീയവുമായ പീഡനങ്ങള്‍ക്ക് ഇരകളായ പാവങ്ങളെ തുണയ്ക്കുന്ന വിധത്തിലുമുള്ള നയങ്ങള്‍ എടുക്കുന്നതില്‍ ആസന്നമാകുന്ന 'മാനിവിക ഉച്ചകോടി'(Humanitarian Summit) വീഴ്ച വരുത്താതിരിക്കട്ടെ! 

പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തച്ചുടയ്ക്കുമാറ് അത് ദുര്‍വിനിയോഗംചെയ്യപ്പെടുകയും ആര്‍ത്തിയോടെ ചൂഷണം ചെയ്യപ്പെടുകയാണെങ്കിലും, ഈ ഉത്സവനാളില്‍ "ഭൂമി ആഹ്ലാദിക്കട്ടെ, പ്രശോഭിക്കട്ടെ," എന്നു നമുക്കു പ്രഘോഷിക്കാം (cf. പെസഹാ പ്രഘോഷണം).  കാലംതെറ്റിവരുന്ന കലാവസ്ഥാ കാരണമാക്കുന്ന വരള്‍ച്ചയും വെള്ളപ്പൊക്കവും മറ്റു കെടുതികളും മൂലം അനുഭവവേദ്യമാകുന്ന ഭക്ഷ്യക്ഷാമത്താല്‍ ക്ലേശിക്കുന്ന ലോകത്തുള്ള വിവിധ ജനസമൂഹങ്ങളെ നമുക്ക് അനുസ്മരിക്കാം.

ക്രിസ്തുവിന്‍റെ നാമത്തിലും വിശ്വാസത്തെപ്രതിയും പീ‍ഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളെയും, ഇന്നു തലപൊക്കുന്ന തിന്മയുടെ ശക്തികളുടെ കൈകളില്‍ വ്യഥകള്‍ അനുഭവിക്കുന്ന ജനസമൂഹങ്ങളെയും ഓര്‍ത്ത് ക്രിസ്തുവിന്‍റെ സാന്ത്വനവചസ്സുകള്‍ ഒരിക്കല്‍ക്കൂടി നമുക്കു ശ്രവിക്കാം, "ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹ. 16, 33).

വിജയത്തിന്‍റെ തേജസ്സാര്‍ന്ന ദിനമാണിത്. കാരണം ക്രിസ്തു തന്‍റെ പുനരുത്ഥാനത്താല്‍ തിന്മയെ കീഴ്പ്പെടുത്തുകയും, ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (2 തീമോ. 1, 10). "ബന്ധനത്തില്‍നിന്നു സ്വാതന്ത്ര്യത്തിലേയ്ക്കും, ദുഃഖത്തില്‍നിന്നു സന്തോഷത്തിലേയ്ക്കും, വിലാപത്തില്‍നിന്ന് ആനന്ദത്തിലേയ്ക്കും, അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേയ്ക്കും, അടിമത്വത്തില്‍നിന്നു രക്ഷയിലേയ്ക്കും കടക്കുവാന്‍ അവിടുന്ന് ഇടയാക്കി. അവിടുത്തെ സാന്ത്വനസാന്നിദ്ധ്യത്തെ നമുക്കു പ്രഘോഷിക്കാം, അല്ലേലൂയ..!" (Melito of Sardis, Easter Homily).

ഭാവിയുടെ പ്രത്യാശ സമൂഹത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്നു തോന്നുന്ന യുവജനങ്ങളെയും, ഏകാന്തതയില്‍ ക്ലേശിക്കുകയും തങ്ങളുടെ ശക്തി ക്ഷയിക്കുന്നുവെന്നു ചിന്തിക്കുകയും ചെയ്യുന്ന വയോജനങ്ങളെയും, ജീവിതത്തിന്‍റെ പ്രത്യാശയും സന്തോഷവും നഷ്ടപ്പെട്ടുവെന്നു കരുതുന്നവരെയും,  "ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു..... ദാഹിക്കുന്നവനു ജീവജലത്തിന്‍റെ ഉറവയില്‍നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും,"  എന്ന ഉത്ഥിതന്‍റെ വാക്കുകളാല്‍ ഏവരെയും ഒരിക്കല്‍ക്കൂടി  അഭിസംബോധനചെയ്യുന്നു (വെളി. 21, 5-6). ദൈവത്തോടെന്നപോലെ സഹോദരങ്ങളുമായുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കായി നവോത്മേഷത്തോടും, പൂര്‍വ്വോപരി തീക്ഷ്ണമായ ആത്മധൈര്യത്തോടും പ്രത്യാശയോടുംകൂടെ പരിശ്രമിക്കാന്‍ ക്രിസ്തുവിന്‍റെ ഈ സാന്ത്വസന്ദേശം നമ്മെ ഓരോരുത്തരെയും പ്രചോദിപ്പിക്കട്ടെ! അതിനായി നമുക്കു പരിശ്രമിക്കാം!!

Source: Vatican Radio