News >> ചാവേര്‍ സ്ഫോടനം: ഉത്ഥാനത്തിരുന്നാളിന്മേല്‍ വേദനയുടെ നിഴല്‍
പാക്കിസ്ഥാനിലെ, ലാഹോറില്‍ എഴുപതോളം നിരപരാധികളുടെ ജീവനെടുത്ത ചാവേര്‍സ്ഫോടനം ഉത്ഥാനത്തിരുന്നാളിന്മേല്‍ ദു:ഖത്തിന്‍റെയും ആശങ്കയുടെയും നിഴല്‍ പരത്തിയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റെ (പ്രസ് ഓഫീസിന്‍റെ) മേധാവി, ഈശോസഭാ വൈദികനായ ഫെദറീക്കൊ ലൊംബാര്‍ദി. വിദ്വേഷമെന്ന ഘാതകന്‍ നിസ്സഹായരായ വ്യക്തികളോട് ഒരിക്കല്‍ കൂടി ക്രൂരത കാട്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഉയിര്‍പ്പുതിരുന്നാള്‍ ഞായറാഴ്ച (27/03/16) പുറപ്പെടുവിച്ച പ്രസ്താവനയില്‍ പ്രതികരിക്കുന്നു. ഈ ഭീകരാക്രമണത്തെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പായെ ധരിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഫാദര്‍ ലൊംബാര്‍ദി പാക്കിസ്ഥാനില്‍ തീവ്രവാദത്തിന്‍റെ ഫലമായ ആക്രമണത്തിന്‍റെ പ്രഹരം ഒരിക്കല്‍കൂടി ഏറ്റിരിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും മുറിവേറ്റിരിക്കുന്ന പാക്കിസ്ഥാനിലെ മുഴുവന്‍ ജനതയുടെയും ഈ ആക്രമണത്തില്‍ പരിക്കേറ്റവരുടെയും ഇതിന്‍റെ ആഘാതമേറ്റിരിക്കുന്ന കുടുംബങ്ങളുടെയും ചാരെ പാപ്പായൊടപ്പം ആയിരിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും എല്ലാവരെയും ക്ഷണിക്കുന്നു. വിദ്വേഷത്തിന്‍റെ ഭീകരമായ പ്രകടനങ്ങള്‍ തുടരുന്നുണ്ടെങ്കിലും അനുകമ്പയുടെയും ക്ലേശിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും സംഭാഷണത്തിന്‍റെയും നീതിയുടെയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സരണികള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ധൈര്യവും പ്രത്യാശയും, നമുക്കായി ക്രൂശിക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത, ക്രിസ്തുനാഥന്‍ നിരന്തരം നല്കട്ടെയെന്ന്, പാപ്പായുടെ ഉത്ഥാനത്തിരുന്നാള്‍ ദിനത്തിലെ ഈ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് വൈദികന്‍ ഫെദറീക്കൊ ലൊംബാര്‍ദി ആശംസിച്ചു പാക്കിസ്ഥാനില്‍, പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലോഹോറിലെ ഇഖ്ബാല്‍ ടൗണ്‍ പ്രദേശത്തുള്ള ഗുല്‍ഷന്‍ ഇഖ്ബാല്‍ പാര്‍ക്കിലാണ് ഉയിര്‍പ്പു ഞായറാഴ്ച വൈകുന്നേരം ഏതാണ്ട് 7 മണിയോടടുത്ത് 69 പേരുടെ ജീവനപഹരിക്കുകയും മുന്നൂറിലേറെ പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ചാവേര്‍ സ്ഫോടനമുണ്ടായത്. നിരപരധികളായ അനേകരെ കുരുതികഴിച്ച ഈ ദുരന്തത്തെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (28/03/16) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍ അനുസ്മരിക്കുകയും നന്ദ്യവും നിരര്‍ത്ഥകവുമായ ഈ ഭീകരാക്രമണത്തിനിരകളായവര്‍ക്കും ഈ ആക്രമണത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും അക്രമവും കൊലപാതകത്തിനു പ്രേരകമായ വൈര്യവും നയിക്കുക വേദനയിലേക്കും വിനാശത്തിലേക്കും മാത്രമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഫോണില്‍ സംസാരിക്കുകയും ലാഹോര്‍ സ്ഫോടനത്തെ അപലപിക്കുകയും ചെയ്തു.Source: Vatican Radio