News >> സംവാദത്തിലൂടെ പ്രതിസന്ധി ഒഴിവാക്കാം സ്നേഹക്കൂട്ടായ്മ വളര്‍ത്താം


 2015 ആഗസ്റ്റ് 8-ാം തിയതി വെള്ളിയാഴ്ച രാവിലെ  ഏകദേശം 3000-ത്തോളം യുവജനങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും  പാപ്പാ ഫ്രാന്‍സിസിന്‍റെ ക്ഷണപ്രകാരം വത്തിക്കാനില്‍ സമ്മേളിക്കുകയുണ്ടായി. പോള്‍ ആറാന്‍ ഹാളില്‍ സമ്മേളിച്ച ദിവ്യകാരുണ്യ ഭക്തരായ യുവജനങ്ങളുടെ ചേദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പാപ്പാ അവരെ അഭിസംബോധനചെയ്തത്.

യുവജനങ്ങളുടെ ചോദ്യത്തില്‍ ഉയര്‍ന്നു വന്ന മാനസിക പിരിമുറുക്കം, സംഘര്‍ഷം - Tensions and Conflicts  -  ഈ രണ്ടു വാക്കുകള്‍ കുടുംബജീവിതത്തിലും സമൂഹത്തിലും ഏപ്പോഴും അനുഭവവേദ്യമാകുന്ന പ്രശ്നങ്ങളാണ്. എന്നാല്‍ പിരിമുറുക്കവും സംഘര്‍ഷവുമില്ലാത്ത കുടുംബങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കുക! അതൊരു ശ്മശാനം അല്ലെങ്കില്‍ സിമിത്തേരി പോലെയായിരിക്കും. കാരണം മരിച്ചവര്‍ക്ക് പരിമുറുക്കമോ, സംഘര്‍മോ ഒന്നുമില്ല. ജീവിച്ചരിക്കുന്നവര്‍ക്കാണ് അല്ലെങ്കില്‍ ജീവനുള്ളവര്‍ക്കാണ് ഇതെല്ലാം അനുഭവപ്പെടുന്നത്. അതുകൊണ്ട് tensions and conflicts, പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും ജീവിതത്തിന്‍റെ ഭാഗമായും ജീവന്‍റെ അടയാളങ്ങളായും ​അംഗീകരിക്കണമെന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു.

പിരിമുറുക്കവും ജീവിതത്തിന്‍റെ ചെറുതും വലുതുമായ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് നമ്മെ വളര്‍ത്തുന്നത്. അതിനാല്‍ അവയെ നേരിടാനും അവയെ മറികടക്കുവാനുമുള്ള കരുത്തു സംബാധിക്കുകയുമാണ് നാം അനുദിനം ചെയ്യേണ്ടത്. ജീവിത പ്രശ്നങ്ങളുടെയും പിരിമുറുക്കങ്ങളുടെയും മുന്നില്‍ യുവജനങ്ങള്‍ ഒരിക്കലും പതറരുത്. മറിച്ച്, കരുത്താര്‍ജ്ജിക്കയാണു വേണ്ടത്. അനുദിനം അവയെ നേരിടാനുള്ള ധൈര്യം സംഭരിക്കുക. ജീവിതത്തിന്‍റെ പ്രശ്നങ്ങള്‍, അവ കുടുംബത്തില്‍ നിന്നുള്ളതോ സമൂഹത്തില്‍നിന്നുള്ളതോ ആയാലും അവയെ ഭയന്ന് ഭീരുക്കളായി നാം ഒളിച്ചോടുകയാണെങ്കില്‍ അത് ജീവിത പരാജയത്തിന് വഴിതെളിക്കും. അങ്ങനെയുള്ള ഒളിച്ചോട്ടം നല്ലപ്രായത്തിലേ വിരമിക്കുന്നതിന് ത്യല്യമാണ്, retirement ചോദിച്ചു മേടിക്കുന്നതിനു തുല്യമായിരിക്കുമെന്ന് പാപ്പാ വിശേഷിപ്പിച്ചു.

അങ്ങനെ 20-ാം വയസ്സില്‍ റിട്ടയര്‍മെന്‍റ് എടുക്കുന്നവരുണ്ടെന്ന് പുഞ്ചിരിയോടെ യുവജനങ്ങളെ പാപ്പാ ഓര്‍മ്മിപ്പിച്ചു. ശരിയാണ്, പെന്‍ഷന്‍പറ്റിയവര്‍ക്ക് സ്വസ്ഥമായിരിക്കാം, സ്വൈര്യമായിരിക്കാം. അവര്‍ക്ക് ടെന്‍ഷന്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ അത് ശരിയായ മാര്‍ഗ്ഗമല്ലെന്നും പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. അത് ഒളിച്ചോട്ടമാണ്. അത് പരാജയത്തിന്‍റെ അടിയറ പറച്ചിലാണെന്നും പാപ്പാ പ്രസ്താവിച്ചു.

പിരിമുരുക്കത്തിനും സംഘര്‍ഷങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗ്ഗം സംവാദം dialogue ആണെന്ന് യുവജനങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു. ഉദാഹരണത്തിന് കുടുംബജീവിതത്തില്‍ പിരിമുറുക്കമുണ്ടാകുമ്പോള്‍ സംവാദം, അല്ലെങ്കില്‍ കൂട്ടായ്മയിലുള്ള പങ്കുവയ്ക്കല്‍ പ്രശ്ന പരിഹാരത്തിലേയ്ക്ക് പൂര്‍ണ്ണമായില്ലെങ്കിലും ഭാഗികമായ ശമനത്തിലേയ്ക്കും പരിഹാരത്തിലേയ്ക്കും നയിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ പിരിമുറുക്കത്തെ സംഘര്‍ഷംകൊണ്ടോ ബലംപിടുത്തംകൊണ്ടോ നേരിടുകയാണെങ്കില്‍ അത് കൂടുതല്‍ വഷളാകുവാനും കുടുംബത്തില്‍ കൂടുതല്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുവാനുമാണ് സാദ്ധ്യത. അതിനു കാരണമാക്കുന്ന വ്യക്തി പ്രശ്നങ്ങളുടെയും തിന്മയുടെയും മൂര്‍ത്തീഭാവമായി മാറുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ടെന്‍ഷന്‍ മറികടക്കാന്‍ പഠിക്കുന്ന വ്യക്തി കൂട്ടായ്മയുടെയും, സമൂഹ്യഭദ്രതയുടെയും പ്രയോക്താവായി മാറും. യഥാര്‍ത്ഥത്തില്‍ കുടുംബജീവിതത്തില്‍ ഉയരുന്ന ചെറുതും വലുതുമായ പ്രതിസന്ധികളെയും പിരിമുറുക്കങ്ങളെയും മറികടക്കുവാനായാല്‍ കുടുംബത്തില്‍ അത് കൂട്ടായ്മ വളര്‍ത്തുമെന്നതില്‍ സംശയമില്ല. 

അതിനാല്‍ ആദ്യം നാം പ്രശ്നങ്ങളെയും പിരിമുറുക്കത്തെയും ഭയപ്പെടാതിരിക്കുക. രണ്ടാമതായി, സംവാദത്തിന്‍റെ പാതയിലൂടെ പിരിമുറുക്കങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കുക. നമ്മുടെ വ്യക്തിത്വമോ, സ്വഭാവമോ ബലികഴിക്കാതെ കുടുംബത്തിലും, കൂട്ടുകാരുടെ ഇടയിലും സമൂഹത്തിലും വളരുവാനും നിലനില്ക്കുവാനുമുള്ള മാര്‍ഗ്ഗമാണ് സംവാദം. എന്നാല്‍ പരിമുരുക്കങ്ങളില്‍ മുങ്ങിപ്പോകാന്‍ നമ്മെ  ഒരിക്കലും അനുവദിക്കരുത്. കാരണം പിരിമുറുക്കം നമ്മെ ശാരീരികമായും മാനസികമായും നശിപ്പിക്കാന്‍ ഇടയുണ്ട്. അതിനാല്‍ സംവാദത്തിന്‍റെ പാത സ്വീകരിക്കണമെന്ന് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. 

പിന്നെയും യുവജനങ്ങളുടെ വിവിധ തരത്തിലുള്ളതും വ്യത്യസ്ത വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ളതുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയ പാപ്പാ ഫ്രാന്‍സിസ്, അവസാനം ദിവ്യകാരുണ്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് 30 മിനിറ്റോളം നീണ്ട യുവജനങ്ങളുമായുള്ള സംവാദവും ചോദ്യോത്തര പരിപാടിയും ഉപസംഹരിച്ചത്.

"ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍," എന്ന് അന്ത്യത്താഴ വേളയില്‍ ക്രിസ്തു പറഞ്ഞ വാക്യത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്. തന്‍റെ ജീവന്‍ നമുക്കായി, ലോകരക്ഷയ്ക്കായി സമര്‍പ്പിച്ചതിന്‍റെ സ്നേഹസ്മരണയാണ് ക്രിസ്തു സ്ഥാപിച്ച പരിശുദ്ധ കുര്‍ബ്ബാനയെന്ന് പാപ്പാ വിശേഷിപ്പിച്ചു. ആര്‍ക്കും പറയാനാകും, നല്ല ഓര്‍മ്മകള്‍ സ്നേഹമുള്ള ഓര്‍മ്മകളാണ്. നമ്മുടെ കാരണവന്മാരുടെ ഓര്‍മ്മകളും, അവര്‍ നമുക്ക് പകര്‍ന്നുതന്നിട്ടുള്ള നന്മകളും സ്നേഹസ്മരണകളായി മാറുന്നു. അങ്ങനെയുള്ള സ്മരണയ്ക്ക് ഐശ്വര്യമുണ്ട്, ലാളിത്യമുണ്ട്. അതിനാല്‍ ക്രിസ്തു പറയുന്ന ഓര്‍മ്മ, സാംസ്ക്കാരികമോ, ആചാരാനുഷ്ഠാനപരമോ ആയ സ്മരണയല്ല, മറിച്ച് അവിടുന്ന് ജീവിതവും ജീവസമര്‍പ്പണവുംകൊണ്ട് പകര്‍ന്നു നല്കിയ രക്ഷാദാനത്തിന്‍റെ സ്നേഹസ്മരണയാണത്. അങ്ങനെ ക്രിസ്തു ഉച്ചരിക്കുന്ന 'ഓര്‍മ്മ' memory എന്ന പദം ഏറെ മനോഹരമായ വ്യക്തിഗതാനുഭവവും, സ്നേഹപ്രകരണവുമായി മാറുന്നു. അതിനാല്‍ പരിശുദ്ധ കുര്‍ബ്ബനയുടെ അര്‍പ്പണത്തിന്‍റെ കേന്ദ്രസ്ഥാനത്ത് മെത്രാനോ വൈദികനെയോ അല്ല നാം കാണേണ്ടത്. അത് ക്രിസ്തുവാണ്, ക്രിസ്തുവായിരിക്കണം. അങ്ങനെ നാം ഓരോ തവണയും ദിവ്യബലിയില്‍ പങ്കുചേരുമ്പോഴും, ദിവ്യസക്രാരിയുടെ മുമ്പില്‍ മുട്ടുകുത്തുമ്പോഴും തലകുനിക്കുമ്പോഴും അത് ക്രിസ്തുവിന്‍റെ മുന്നില്‍ത്തന്നെയുള്ള പ്രണാമമാണ്, സാഷ്ടാംഗപ്രണാമമാണ്. കാരണം അവിടുന്ന് ഇന്നു നമ്മോടു കല്പിക്കുന്നു, "ഇത് സ്നേഹത്തിന്‍റെ കല്പനയാണ്.... ആകയാല്‍, ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍..!" ഇങ്ങനെ ഉദ്ബോധപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.


(Source: Vatican Radio, William Nellikkal)