News >> ലാഹോര്‍ സ്ഫോടനം: ലക്ഷ്യം ക്രൈസ്തവര്‍
ലാഹോര്‍: 72 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബ് സ്ഫോടനത്തിന്റെ ലക്ഷ്യം ക്രൈസ്തവര്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജമാ അത്ത് ഉല്‍ അഹ്റാര്‍ (ജെയുഎ) ഏറ്റെടുത്തു. പാക്കിസ്ഥാനി താലിബാന്റെ (തേഹ്രീക് ഇ താലിബാന്‍ - പാക്കിസ്ഥാന്‍ അഥവാ ടിടിപി) ഒരു വിഘടിത വിഭാഗമാണിത്. ഇപ്പോള്‍ ഈ ഗ്രൂപ്പ് ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകരരുമായി അടുപ്പത്തിലാണ്.
ഈസ്റര്‍ ദിവസം സായാഹ്നത്തില്‍ ലാഹോറിലെ തിരക്കേറിയ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലായിരുന്നു സ്ഫോടനം. 29 കുട്ടികളും എട്ടു സ്ത്രീകളും മരിച്ചവരില്‍പ്പെടുന്നു. മുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ 20 പേര്‍ ക്രൈസ്തവരാണ്.
ജമാ അത്ത് ഉല്‍ അഹ്റാറിന്റെ വക്താവ് ഇഹ്സാനുല്ല ഇഹ്സാന്‍, ടെലഗ്രാഫ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റത്. '"ഈസ്റര്‍ ആഘോഷത്തിനിടെ ക്രൈസ്തവരെ ആക്രമിച്ചതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ ഏല്‍ക്കുന്നു... ഈ വര്‍ഷം ഞങ്ങള്‍ ആരംഭിച്ച വാര്‍ഷിക രക്തസാക്ഷിത്വ ആക്രമണത്തിന്റെ ഭാഗമാണിത്. ഈ അവസരത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു... ഞങ്ങള്‍ പഞ്ചാബില്‍ എത്തിയെന്നും നിങ്ങളെ സമീപിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു"എന്നാണ് വക്താവ് പറഞ്ഞത്. തെക്കന്‍ പഞ്ചാബിലെ മുസാഫര്‍ഗഡിനടുത്തുള്ള ഗുലാം ഫരീദ് എന്നയാളുടെ മകന്‍ മുഹമ്മദ് യൂസഫാണു പാര്‍ക്കില്‍ ചാവേര്‍ ആയതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്ക് 28 വയസുണ്ട്.
ലാഹോര്‍ സ്ഫോടനം മുംതാസ് കാദ്രിയുടെ വധശിക്ഷ നടപ്പാക്കിയതിന്റെ 40-ാം ദിവസമാണെന്നതും ശ്രദ്ധേയമാണ്.
ദൈവനിന്ദക്കുറ്റം ആരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതയെ അനുകൂലിച്ചു നിലപാടെടുത്ത പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ 2011ല്‍ കൊലപ്പെടുത്തിയ കുറ്റത്തിനാണു കാദ്രിക്കു വധശിക്ഷ വിധിച്ചത്. ഗവര്‍ണറുടെ അംഗരക്ഷകനായിരുന്നു കാദ്രി.
കാദ്രിയെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇസ്ലാമാബാദില്‍ ഞായറാഴ്ച ആയിരക്കണക്കിനു പേര്‍ നടത്തിയ പ്രകടനം നേരിടാന്‍ പോലീസിനു കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നിരുന്നു. പ്രകടനക്കാര്‍ ഇന്നലെയും പിരിഞ്ഞുപോയിട്ടില്ല. പ്രകടനവും ലാഹോര്‍ സ്ഫോടനവും തമ്മില്‍ ബന്ധമുണ്േടാ എന്നറിയില്ല. പാക് താലിബാനില്‍നിന്നു തെറ്റിപ്പിരിഞ്ഞ് രണ്ടു വര്‍ഷം മുമ്പു രൂപവത്കരിച്ച ജെയുഎയുടെ മുഖ്യ പ്രവര്‍ത്തനമേഖല അഫ്ഗാന്‍ അതിര്‍ത്തിയാണ്. സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്ന മുഖ്യ താലിബാന്‍ വിഭാഗത്തിന്റെ നയത്തോട് ഇവര്‍ക്കു യോജിപ്പില്ല. സ്വതന്ത്രരുടെ സംഘം എന്നാണു പ്രസ്ഥാനത്തിന്റെ പേരിന്റെ അര്‍ഥം. ഉമര്‍ ഖാലിദ് ഖുറസാനിയാണു മുഖ്യനേതാവ്. ഇയാള്‍ കാഷ്മീരിലെ ശ്രീനഗറിലാണു ജനിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15ന് ലാഹോറിനടുത്ത യൂഹാനാബാദ് ടൌണിലെ കത്തോലിക്കാ ദേവാലയത്തിലും മറ്റൊരു പള്ളിയിലും ബോംബെറിഞ്ഞത് ഈ സംഘമാണ്. ആ ആക്രമണത്തില്‍ 15 പേര്‍ മരിക്കുകയും എഴുപതിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ക്രൈസ്തവര്‍ 24 ലക്ഷം
19 കോടി ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ 24 ലക്ഷം ക്രൈസ്തവരാണുള്ളത്. അതില്‍ 17 ലക്ഷവും ലാഹോര്‍ ഉള്‍പ്പെടുന്ന പഞ്ചാബ് പ്രവിശ്യയിലാണ്. പാക് - പഞ്ചാബ് ജനസംഖ്യയില്‍ 2.3 ശതമാനം വരും ക്രൈസ്തവര്‍.
Source: Deepika