News >> ലാഹോറിലെ ഭീകരാക്രമണം: ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പാക്കിസ്ഥാനിലെ ന്യൂനപക്ഷ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് ദേവാലയാങ്കണത്തില്‍ ഇന്നലെ പ്രാര്‍ഥനാവേളയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഈസ്റര്‍ ദിനത്തില്‍ പാക് നഗരമായ ലാഹോറില്‍ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്കു വേണ്ടി മാര്‍പാപ്പ പ്രാര്‍ഥിച്ചു. ജീവഹാനി നേരിട്ട 72 പേരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. ഇവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 350 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ഈസ്ററിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ലാഹോറിലെ പാര്‍ക്കില്‍ ഒത്തുകൂടിയവരെ ലക്ഷ്യമിട്ടു നടത്തിയ ഈ ചാവേര്‍ ആക്രമണം അങ്ങേയറ്റം നീചമാണെന്നു മാര്‍പാപ്പ പറഞ്ഞു. വിദ്വേഷവും അക്രമവും നാശത്തിനും വേദനയ്ക്കും മാത്രമേ ഇടയാക്കൂ. പരസ്പരബഹുമാനവും സൌഹാര്‍ദ്ദവുമാണു സമാധാനത്തിനുള്ള മാര്‍ഗം. പാക്കിസ്ഥാനിലെ സിവില്‍ അധികാരികളും സാമൂഹിക നേതൃത്വവും മതന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം.ലാഹോറില്‍ ദുരന്തത്തിനിരയായവര്‍ക്കു വേണ്ടി വിശ്വാസികളുടെ പ്രാര്‍ഥനയും മാര്‍പാപ്പ അഭ്യര്‍ഥിച്ചു.

ഈസ്റര്‍ ആഘോഷിക്കുന്ന ക്രൈസ്തവരെയായിരുന്നു തങ്ങള്‍ ലക്ഷ്യം വച്ചതെന്നു താലിബാന്‍ വക്താവ് എഹ്സാനുള്ള എഹ്സാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ക്രൈസ്തവര്‍ക്കു പുറമേ ഏതാനും മുസ്്ലിംകളും കൊല്ലപ്പെട്ടുവെന്നു മാത്രം. താലിബാന്റെ അവാന്തര വിഭാഗമായ ജമാഅത്ത് അല്‍ അഹ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
Source: Deepika