News >> EWTN ടിവി നെറ്റ്വര്‍ക്ക് സ്ഥാപിച്ച മദര്‍ ആഞ്ജലിക്ക അന്തരിച്ചു

അയണ്‍ഡെയ്ല്‍ (അലബാമ): എറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (ഇഡബ്ള്യുടിഎന്‍) സ്ഥാപകയായ മദര്‍ മേരി ആഞ്ജലിക്ക (92) അന്തരിച്ചു.

അമേരിക്കയിലെ ഏറ്റവും പ്രശസ്ത കത്തോലിക്കാ മാധ്യമപ്രവര്‍ത്തക 1981-ലാണ് എളിയനിലയില്‍ ഈ നെറ്റ്വര്‍ക്ക് തുടങ്ങിയത്. ഇപ്പോള്‍ 144 രാജ്യങ്ങളിലായി 26.4 കോടി വീടുകളില്‍ ഈ നെറ്റ്വര്‍ക്ക് എത്തുന്നു. റേഡിയോ പരിപാടികളും നാഷണല്‍ കാത്തലിക് രജിസ്റര്‍ എന്ന പ്രസിദ്ധീകരണവും കാത്തലിക് ന്യൂസ് ഏജന്‍സിയും നെറ്റ്വര്‍ക്കിന്റെ കീഴിലുണ്ട്. 

ഒഹായോയിലെ കാന്റണില്‍ ജനിച്ച ഇവരുടെ ബാല്യത്തിലെ പേര് റീത്ത എന്നായിരുന്നു. കൌമാരത്തില്‍ സ്ഥിരമായി അലട്ടിയിരുന്ന വയറുവേദന വിശുദ്ധ ചെറുപുഷ്പത്തിന്റെ നൊവേന നടത്തിയതിനെത്തുടര്‍ന്നു മാറിയത് സന്യാസത്തിലേക്കു തിരിയാന്‍ റീത്തയെ പ്രേരിപ്പിച്ചു. പുവര്‍ ക്ളെയേഴ്സ് ഓഫ് പെര്‍പെച്വല്‍ അഡോറേഷന്‍ എന്ന സഭയില്‍ ചേര്‍ന്ന് മംഗളവാര്‍ത്തയുടെ മേരി ആഞ്ജലിക്ക എന്ന പേരു സ്വീകരിച്ചു.

നെറ്റ്വര്‍ക്ക് തുടങ്ങുംമുമ്പ് റേഡിയോ ടിവി പ്രഭാഷണങ്ങള്‍ സ്ഥിരമായി നടത്തിയിരുന്നു. താന്‍ പ്രഭാഷണം നടത്തിപ്പോന്ന ഒരു ചാനല്‍ ദൈവദൂഷണപരമായ ഒരു പരിപാടി പ്രക്ഷേപണം ചെയ്തതില്‍ പ്രതിഷേധിച്ച് അവരുമായുള്ള ബന്ധം വിച്ഛേദിച്ചു. തുടര്‍ന്നാണ് സ്വന്തം നെറ്റ്വര്‍ക്ക് തുടങ്ങിയത്. രണ്ടു ദശകം നെറ്റ്വര്‍ക്കിന്റെ ചുമതല വഹിച്ച അവരുടെ മദര്‍ ആഞ്ജലിക്ക ലൈവ് ഏറെ പ്രേക്ഷകരെ ആകര്‍ഷിച്ചു. 

അമിത പുരോഗമനവാദികളായ പലരോടും മദര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. വൈദികരല്ലാത്തവര്‍ക്കു കത്തോലിക്കാ സഭ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ക്രോസ് ഓഫ് ഓണര്‍ നല്‍കി 2009ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മദര്‍ ആഞ്ജലിക്കയെ ആദരിച്ചു.
Source: Deepika