News >> ദൈവത്തിന്‍റെ കാരുണ്യം നമ്മുടെ പാപങ്ങളെ മായിച്ചുകളയുന്നു
ഉത്ഥാനത്തിരുന്നാളാനന്തര പ്രഥമ ബുധനാഴ്ച (30/03/16) ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാപരിപാടി, പതിവുപോലെ, വത്തിക്കാനില്‍ അരങ്ങേറി. കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണം തന്നെ ആയിരുന്നു. വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍, ഉത്ഥാനത്തിരുന്നാളിനോടനുബന്ധിച്ച് പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരുന്ന വേദിക്കു മുന്നിലായി, ചത്വരത്തില്‍ സന്നിഹിതരായിരുന്നു. തുറന്ന വെളുത്ത വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്യുകയും തന്‍റെ വാത്സല്യം ആംഗ്യങ്ങളാലും പുഞ്ചിരിയാലും സംവേദനം ചെയ്തുകൊണ്ട് അവര്‍ക്കിടയിലൂടെ നീങ്ങി. പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും പാപ്പാ ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാ പ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥവായനയായിരുന്നു:
എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു, എന്‍റെ പാപം എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്. അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കു മാത്രമെതിരായി, ഞാന്‍ പാപം ചെയ്തു. അങ്ങയുടെ മുമ്പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണ്ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്..... അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തു കളയരുതേ! അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ!അമ്പത്തിയൊന്നാം സങ്കീര്‍ത്തനം, മൂന്നും നാലും, പതിനൊന്നും പന്ത്രണ്ടും വാക്യങ്ങള്‍.ഈ സങ്കീര്‍ത്തനഭാഗവായന അവസാനിച്ചപ്പോള്‍ പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ കാരുണ്യത്തെ അധികരിച്ചു താന്‍ നടത്തിപ്പോരുന്ന പ്രബോധനപരമ്പരയില്‍ പാപ്പാ ഇത്തവണ ദൈവിത്തിന്‍റെ കാരുണ്യം നമ്മുടെ പാപത്തെ മായിച്ചുകളയുന്നു എന്ന ആശയം ഈ സങ്കീര്‍ത്തനവാക്യങ്ങളെ അവലംബമാക്കി വിശദീകരിച്ചു.പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു: കാരുണ്യത്തെ അധികരിച്ച് പഴയനിയമ ഗ്രന്ഥാടിസ്ഥാനത്തിലുള്ള വിചിന്തനത്തിന് നമുക്ക്, മിസെരേരെ (MISERERE) അഥവാ, കരുണാകീര്‍ത്തനം എന്നറിയപ്പെടുന്ന സങ്കീര്‍ത്തനത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് ഇന്ന് സമാപനം കുറിക്കാം. ഈ സങ്കീര്‍ത്തനം ഒരു അനുതാപപ്രാര്‍ത്ഥനയാണ്. അതില്‍ മാപ്പപേക്ഷിക്കുന്നതിനു മുമ്പ് അപേക്ഷകന്‍ തെറ്റുകള്‍ ഏറ്റു പറയുകയും അങ്ങനെ കര്‍ത്താവിന്‍റെ സ്നേഹത്താല്‍ വിശുദ്ധീകരിക്കപ്പെടാന്‍ സ്വയം അനുവദിച്ചുകൊണ്ട്, അനുസരിക്കാനും,ദൃഢമാനസനാകാനും, ആത്മാര്‍ത്ഥമായി സ്തുതിയേകാനും കഴിവുറ്റ പുതിയൊരു സൃഷ്ടിയായി മാറുകയും ചെയ്യുന്നു. ദാവീദ് രാജാവിനെയും ഹിത്യനായ ഉറിയായുടെ ഭാര്യ ബെത്ഷെബയുമായി അദ്ദേഹം ചെയ്ത പാപത്തെയും കുറിച്ചു സൂചിപ്പിക്കുന്നതാണ് ഈ സങ്കീര്‍ത്തനത്തിന് ഹെബ്രായപാരമ്പര്യമനുസരിച്ചു നല്കപ്പെട്ടിരിക്കുന്ന ശീര്‍ഷകം. തന്‍റെ ജനത്തെ പരിപാലിക്കാനും ദൈവികനിയമത്തിന്‍റെ പാതയില്‍ നയിക്കാനും ദൈവത്താല്‍ വിളിക്കപ്പെട്ട ദാവിദ് രാജാവ് സ്വന്തം ദൗത്യത്തില്‍ വീഴ്ചവരുത്തുന്നു. ബെത്ഷെബയുമായി വ്യഭിചരിച്ച ദാവീദ് അവളുടെ ഭര്‍ത്താവിനെ കൊല്ലിക്കുകയും ചെയ്യുന്നു. നാത്താന്‍ പ്രവാചകന്‍ ദാവീദ് രാജാവ് ചെയ്ത തെറ്റ് വെളിപ്പെടുത്തുകയും സ്വന്തം തെറ്റ് അംഗീകരിക്കാന്‍ രാജാവിനെ സഹായിക്കുകയും ചെയ്യുന്നു. അത്, സ്വന്തം തെറ്റ് ഏറ്റു പറഞ്ഞ് ദൈവവുമായി അനുരഞ്ജനപ്പെടുന്ന വേളയായി. ഈ സങ്കീ്‍ര്‍ത്തനം ഉപയോഗിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ ദാവിദിനുണ്ടായിരുന്ന പശ്ചാത്താപത്തിന്‍റെയും അദ്ദേഹത്തിന് ദൈവത്തിലുണ്ടായിരുന്ന ആ വിശ്വാസത്തിന്‍റെയുമായ അതേ വികാരങ്ങള്‍ ഉള്ളവാനയിരിക്കാന്‍ വിളിക്കപ്പെടുന്നു. സ്വന്തം തെറ്റു തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം രാജാവായിരുന്നിട്ടും സ്വന്തം കുറ്റം ഏറ്റുപറയാനും സ്വന്തം നികൃഷ്ടത കര്‍ത്താവിനുമുമ്പില്‍ വെളിപ്പെടുത്താനും ഭയപ്പെടാതെ സ്വയം എളിമപ്പെടുകയും ഒപ്പം കര്‍ത്താവിന്‍റെ കാരുണ്യത്തില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം ചെയ്തത് ചെറിയൊരു പാപമായിരുന്നില്ല. ഒരു ചെറിയ നുണ പറയുകയായിരുന്നില്ല. വ്യഭിചാരം ചെയ്തു, കൊലപാതകിയായി.അമ്പത്തിയൊന്നാം സങ്കീര്‍ത്തനം ആരംഭിക്കുന്നതിങ്ങനെയാണ്:ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ, അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്‍റെ അതിക്രമങ്ങള്‍ മായിച്ചു കളയണമേ, എന്‍റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ, എന്‍റെ പാപത്തില്‍ നിന്നെന്നെ ശുദ്ധീകരിക്കേണമേ കാരുണ്യവാനായ ദൈവത്തോടുള്ള യാചനയാണിത്. ദൈവത്തോടുള്ള ഹൃദയംഗമമായ പ്രാര്‍ത്ഥനയാണിത്. അവനു മാത്രമെ പാപം മോചിക്കാന്‍ കഴിയൂ.... നമ്മുടെ പാപത്തെയൊക്കെ ഉലംഘിച്ചു നില്ക്കുന്നവനാണ് ദൈവം. ഇതു നാം മറക്കരുത്. അവിടത്തെ സ്നേഹം ഒരു സമുദ്രം പോലെയാണ്. നമുക്ക് ഭയം കൂടാതെ അതില്‍ നിമജ്ജനം ചെയ്യാം. പൊറുക്കുകയെന്നതിന്‍റെ അര്‍ത്ഥം, ദൈവത്തെ സംബന്ധിച്ചിടത്തോളം, അവിടന്ന് നമ്മെ ഒരിക്കലും കൈവിടില്ല എന്ന ഉറപ്പ് നമുക്കു നല്കലാണ്. പാപികളായ നാം, മാപ്പുലഭിക്കുക വഴി, ആത്മാവിനാല്‍ നിറഞ്ഞവരും സന്തോഷഭരിതരുമായ പുതിയസൃഷ്ടികളായി പരിണമിക്കുന്നു. അങ്ങനെ പുതിയൊരു യാഥാര്‍ത്ഥ്യം നമുക്കായി തുടക്കമിടുന്നു, അതായത്, പുതിയൊരു ഹൃദയവും, നൂതനമായൊരരൂപിയും നവമായൊരു ജീവനും. പാപമോചിതരായ, ദൈവകൃപ സ്വീകരിച്ചവരായ, നമുക്ക്, ഇനിമേല്‍ പാപം ചെയ്യരുതെന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും കഴിയും. ഞാന്‍ ബലഹീനനാണ് പിതാവേ, ഞാന്‍ വീഴുന്നു എന്ന് ഒരുവന്‍ പറയുന്നു. എന്നാല്‍ നീ വീഴുകയാണെങ്കില്‍ എഴുന്നേല്ക്കുക. ഒരു കുഞ്ഞു വീഴുകയാണെങ്കില്‍ എന്താണ് ചെയ്യുക? തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിന് ആ കുഞ്ഞ് അമ്മയുടെ നേര്‍ക്ക്, അപ്പന്‍റെ നേര്‍ക്ക്, കൈനീട്ടുന്നു. അതു തന്നെ നമുക്കും ചെയ്യാം. ബലഹീനതയാല്‍ പാപത്തില്‍ വീഴുകയാണെങ്കില്‍ കൈനീട്ടുക. എഴുന്നേല്‍ക്കാന്‍ കര്‍ത്താവ് നിന്നെ സഹായിക്കും. ദൈവത്തിന്‍റെ മാപ്പു നമുക്കെല്ലാവര്‍ക്കും ആവശ്യമുണ്ട്, അത് അവിടത്തെ കാരുണ്യത്തിന്‍റെ ഏറ്റം വലിയ അടയാളമാണ്. മാപ്പുലഭിച്ച ഒരോ പാപിയും ആ ദാനം അവന്‍ കണ്ടുമുട്ടുന്ന സഹോദരീസഹോദരങ്ങളുമായി പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പൊറുക്കപ്പെടുക മനോഹരമാണ്. എന്നാല്‍ നിനക്ക് മാപ്പു ലഭിക്കണമെങ്കില്‍ നീയും മാപ്പു നല്കണം. കര്‍ത്താവേ, ഹൃദയത്തെ ശുദ്ധീകരിക്കുകയും ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന അങ്ങയുടെ പൊറുതിക്ക് സാക്ഷികളാകാനുള്ള അനുഗ്രഹം, കരുണയുടെ അമ്മയായ പരിശുദ്ധകന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമെ . നന്ദി. Source: Vatican Radio