News >> പരിക്കേറ്റവരെ രക്ഷിക്കുന്നവര്‍ക്കു സംരക്ഷണം: സര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു
ന്യൂഡല്‍ഹി: അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിനും അപകടത്തെക്കുറിച്ച് പോലീസില്‍ അറിയിക്കുന്നതിനും ഇനി ജനങ്ങള്‍ക്ക് ഭയക്കേണ്ടതില്ല. ഇത്തരത്തില്‍ നല്ല ശമരിയാക്കാരാകുന്നവര്‍ക്കു മാന്യമായ പെരുമാറ്റവും സംരക്ഷണവും ലഭ്യമാക്കുന്നതിനുള്ള നിയമം പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ച സാഹചര്യത്തിലാണിത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിയമം ബാധകമായിരിക്കും.
ജസ്റീസ് വി. ഗോപാല ഗൌഡയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് അംഗീകാരം നല്‍കി ഉത്തരവായത്. റോഡ് അപകടങ്ങളിലെ സാക്ഷികള്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരേ പുതിയ നിയമപ്രകാരം കേസ് രജിസ്റര്‍ ചെയ്യാം. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പോലീസിന്റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റമായിരിക്കുമെന്നും പോലീസ് സ്റേഷനില്‍നിന്ന് ഇറങ്ങാന്‍ നേരമുണ്ടാകില്ലെന്നുമുള്ള ധാരണമൂലം പലപ്പോഴും ജനങ്ങള്‍ അപകടസ്ഥലത്തുനിന്ന് ഒഴിഞ്ഞുമാറാനാണു ശ്രമിച്ചിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചാലുടന്‍ വിലാസം നല്‍കാതെതന്നെ സഹായിച്ച വ്യക്തിക്ക് പോകാം. അപകടത്തെക്കുറിച്ചു വിവരം നല്‍കുന്നയാള്‍ ആരാണെന്നു വെളിപ്പെടുത്തുവാന്‍ പോലീസ് നിര്‍ബന്ധിക്കാന്‍ പാടില്ല.
എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം പേരു പറയുന്നതിനു തടസമില്ല. സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികള്‍ പരിക്കേറ്റയാളെ എത്തിക്കുന്ന വ്യക്തിയില്‍നിന്നു രജിസ്ട്രേഷന്റെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെയും തുക ഈടാക്കുകയോ ആ വ്യക്തിയെ തടഞ്ഞുനിര്‍ത്തുകയോ ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. പോലീസിന് ഇങ്ങനെയുള്ള വ്യക്തികളെ ഭീഷണിപ്പെടുത്താനോ ചോദ്യംചെയ്യാനോ അവകാശമില്ല. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വകുപ്പുതല അച്ചടക്ക നടപടിക്കു വിധേയമാകേണ്ടിവരുമെന്ന മുന്നറിയിപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ സാക്ഷിയായി ഹാജരാകേണ്ടിവന്നാല്‍ ഒറ്റ സിറ്റിംഗില്‍ത്തന്നെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കേണ്ടതാണ്. കോടതിയില്‍ പോകാതെ, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്‍കാനുള്ള അവസരം നല്‍കാവുന്നതുമാണ്.
Source: Deepika