News >> ദൈവകൃപയില്‍ വിശ്വസിച്ച്

സാബു ജോണ്‍

തിരുവനന്തപുരം: അടിമലത്തുറയിലെ മണല്‍പ്പരപ്പിലൂടെ ഓടിക്കളിച്ചു നടന്ന കൊച്ചുക്രിസ്തുദാസില്‍ വീട്ടുകാരും അധ്യാപകരും നല്ലൊരു കായികതാരത്തെ കണ്ടിരുന്നു. ജി.വി. രാജ സ്കൂളില്‍ ചേര്‍ത്ത് ക്രിസ്തുദാസിനെ മികച്ച ഫുട്ബോള്‍ താരമായി വളര്‍ത്തിയെടുക്കാന്‍ രക്തത്തില്‍ ഫുട്ബോള്‍ പ്രേമം അലിഞ്ഞു ചേര്‍ന്ന അവര്‍ പദ്ധതിയിട്ടു.

പക്ഷേ പത്താം ക്ളാസ് പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും ക്രിസ്തുദാസ് തെരഞ്ഞെടുത്തതു മറ്റൊരു വഴിയായിരുന്നു. വൈദികനാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ തികഞ്ഞ ഈശ്വരവിശ്വാസികളായ അപ്പന്‍ രാജപ്പനും അമ്മ ആഞ്ചലീനയ്ക്കും നിറഞ്ഞ സന്തോഷം. അങ്ങനെ കൊച്ചു ക്രിസ്തുദാസ് 1987 ല്‍ മേനംകുളം മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനു ചേര്‍ന്നു. 

ദൈവത്തിന്റെ പദ്ധതിക്കൊപ്പം നടന്നു നീങ്ങുന്ന ഫാ. ക്രിസ്തുദാസ് മെത്രാന്‍ പദവിയിലേക്കുയര്‍ത്തപ്പെടുമ്പോഴും സ്വന്തം ബലഹീനതകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമാണു കൂടുതലും ചിന്തിക്കുന്നത്. ദൈവകൃപയില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ടു പുതിയ നിയോഗത്തിലും ദൈവം കൈപിടിച്ചു നിര്‍ത്തുമെന്ന ബോധ്യമാണു പുതിയ ഇടയനു കരുത്താകുന്നത്. നാല്‍പത്തിനാലുകാരനായ റവ. ഡോ. ആര്‍. ക്രിസ്തുദാസ് നാളെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുകയാണ്. 

വിശ്വാസപരിശീലനം കുടുംബത്തില്‍ നിന്ന്

കുടുംബത്തില്‍ നിന്നാണു വിശ്വാസപരിശീലനത്തിന്റെ തുടക്കം. തികഞ്ഞ വിശ്വാസികളായിരുന്ന മാതാപിതാക്കള്‍ മക്കളെ വിശ്വാസവഴിയിലൂടെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ എന്നും ജാഗ്രത കാട്ടിയിരുന്നു. മത്സ്യത്തൊഴിലാളിയായ പിതാവ് കടലില്‍ പോയി ലഭിക്കുന്ന വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയിക്കാനുണ്ടായിരുന്നത്. ദാരിദ്യ്രവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിലും ഈശ്വരചിന്ത കുടുംബത്തില്‍ നിറഞ്ഞുനിന്നിരുന്നു. ഓരോ ചലനത്തിലും ഈശ്വരനെ ചിന്തിച്ചിരുന്ന മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ വിശ്വാസം തന്നെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചെന്നു റവ. ഡോ. ക്രിസ്തുദാസ് ഓര്‍മിക്കുന്നു. കരയില്‍ നിന്നു വള്ളം കടലിലേക്കിറങ്ങുന്ന നിമിഷം വെള്ളത്തില്‍ തൊട്ടു നെറ്റിയില്‍ കുരിശു വരയ്ക്കുന്ന പിതാവിന്റെ ചിത്രം ഇന്നും റവ. ഡോ. ക്രിസ്തുദാസിന്റെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.

' നിനക്ക് എന്റെ കൃപ മതി'

പുതിയ പദവിയിലേക്കു വരുമ്പോള്‍ മനസില്‍ ആശങ്കകളുണ്ടായിരുന്നു. സ്വന്തം ബലഹീനതകളും പോരായ്മകളും ഭാവിയേക്കുറിച്ചുള്ള ആശങ്കകളും അലട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ ദൈവം കാതുകളില്‍ വന്നു മന്ത്രിക്കുന്നതു പോലെ തോന്നി. നിനക്ക് എന്റെ കൃപ മതി എന്ന പൌലോസ് ശ്ളീഹായുടെ വാക്യമായിരുന്നു അത്. സ്വന്തം ബലഹീനതകള്‍ എന്തൊക്കെയാണെങ്കിലും ദൈവത്തിന്റെ കൃപയില്‍ ആശ്രയിച്ചാല്‍ അതു മാത്രം മതിയെന്ന വിശ്വാസം. നിയുക്ത മെത്രാന്‍ സ്വന്തം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നതും ഈ വാക്യം തന്നെ.

പ്രായം കുറഞ്ഞ മെത്രാന്‍ എന്നത് ഒരേ സമയം ഒരു കുറവായും ഗുണമായും കാണാം. പ്രായവും അതിനപ്പുറവും കണ്ടാണ് ദൈവം ഓരോ തെരഞ്ഞെടുപ്പും നടത്തുന്നത്. മാനുഷികമായ പരിഗണനകള്‍ക്കുമപ്പുറമാണ് ദൈവത്തിന്റെ പദ്ധതികള്‍. പുതിയ തലമുറയിലേക്ക് ഇറങ്ങിച്ചെല്ലാനും വരുംതലമുറയുടെ ചിന്തകള്‍ മനസിലാക്കാനും ദൈവവിശ്വാസത്തിലേക്ക് അവരെ അടുപ്പിക്കാനും പ്രായക്കുറവു സഹായിച്ചേക്കാം.

ഇടയന്റെ പ്രതീക്ഷകള്‍, പ്രത്യാശകള്‍

പൊതുവേ പിന്നോക്കം നില്‍ക്കുന്ന തീരദേശത്തെ ജനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ നിയുക്ത മെത്രാന് ഒരുപാടു പ്രതീക്ഷകളുണ്ട്. ആത്മീയമായ വളര്‍ച്ചയ്ക്കൊപ്പം വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഇനിയും പുരോഗതി പ്രാപിക്കേണ്ടതുണ്ട്. വിദ്യാഭ്യാസപരമായി എത്രകണ്ടു വളരുന്നുവോ അത്രയും സമൂഹത്തില്‍ മാറ്റങ്ങള്‍ വരും. തീരദേശത്തു തിങ്ങിപ്പാര്‍ക്കുന്ന ജനത കുറേക്കൂടി മേഖലകളിലേക്കു വ്യാപിക്കേണ്ടതുണ്ട്. പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നു മാറി മറ്റു മേഖലകളില്‍ കൂടി വ്യാപരിക്കുന്ന സമൂഹമായി സ്വന്തം അജഗണം മാറേണ്ടതുണ്െടന്ന് ഇടയന്‍ തിരിച്ചറിയുന്നു. 

മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യതിന്മകള്‍ മറ്റു സ്ഥലങ്ങളിലേക്കാള്‍ ഭീഷണി ഉയര്‍ത്തുന്നതു പാവപ്പെട്ട തീരദേശവാസികള്‍ക്കിടയിലാണ്. നമുക്കു മദ്യനിരോധനത്തിനൊപ്പം മദ്യവര്‍ജനവും വേണം. നിയമനടപടികള്‍ മാത്രം പോരാ, സ്വയം ബോധ്യത്തില്‍ നിന്ന് മദ്യത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനുള്ള പരിശീലനവും കിട്ടേണ്ടതുണ്ട്. ഈ പാവപ്പെട്ട ജനതയെ ചൂഷണം ചെയ്യാന്‍ എളുപ്പമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ജാഗ്രത ഉണ്ടാകണം.

കടല്‍ പോലെയാണീ ജനത. ആക്രോശിച്ചു വരും. അതുപോലെ ശാന്തമായി തിരിച്ചിറങ്ങും. കടലിന്റെ മക്കള്‍ അങ്ങനെയാണ്.- സ്വന്തം ജനതയെക്കുറിച്ചു നിയുക്തമെത്രാന്റെ വാക്കുകള്‍. 

പുത്തന്‍ തലമുറയും പുതിയ ലോകവും 

ആഗോളീകരിക്കപ്പെട്ട ലോകത്താണു നാം ജീവിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും ഏറെ വളര്‍ന്നിരിക്കുന്നു. ലോകം കൈപ്പിടിയിലാണിന്ന്. എന്നാല്‍, ശാസ്ത്രത്തിന്റെയും സാങ്കേതിവിദ്യയുടെ പുരോഗതി വിശ്വാസജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് ദോഷമാണെന്നു കരുതാന്‍ വയ്യ. ഇതെല്ലാം വിശ്വാസവ്യാപനത്തിനും വളര്‍ച്ചയ്ക്കും ഉപയോഗപ്പെടുത്തണം. പുതിയതിനെയെല്ലാം വിലക്കുകയല്ല വേണ്ടത്. എന്തും പാടില്ല എന്നു പറയുകയല്ല വേണ്ടത്. എങ്ങനെ നന്നായി ഉപയോഗിക്കണം എന്നു പഠിപ്പിക്കുകയാണു ചെയ്യേണ്ടത്. 

പരിസ്ഥിതിയെ നശിപ്പിക്കുമ്പോള്‍ ദോഷം സംഭവിക്കുന്നതു പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമാണെന്നു കരുതുന്ന നിയുക്ത മെത്രാന്‍ അതുകൊണ്ടു തന്നെ ശുദ്ധജലം പോലും കിട്ടാത്ത കാലം വരുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്കു വലിയ പങ്കു വഹിക്കാനുണ്െടന്നു വിശ്വസിക്കുന്ന അദ്ദേഹം അതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്െടന്നും വിശ്വസിക്കുന്നു.

ഇരുപത്തിയാറു വര്‍ഷത്തിനു ശേഷം സഹായമെത്രാനെ ലഭിച്ച ആഹ്ളാദത്തിലാണു തിരുവനന്തപുരം അതിരൂപതയും പതിനായിരക്കണക്കിനു വിശ്വാസികളും. സൂസപാക്യം പിതാവിന്റെ ചിന്തകളോടും നിലപാടുകളോടും ചേര്‍ന്ന് അജപാലദൌത്യം മുന്നോട്ടുകൊണ്ടുപോകാനുള്ള തയാറെടുപ്പില്‍ റവ. ഡോ. ക്രിസ്തുദാസ് പ്രാര്‍ഥനാനിരതനായി കഴിയുമ്പോള്‍ പതിനായിരക്കണക്കിനു വിശ്വാസികളുടെ പ്രാര്‍ഥനയും അതിനൊപ്പമുണ്ട്. 
Source: Deepika