News >> അത്യപൂര്‍വ്വരോഗബാധിത ബാലന് പാപ്പായുടെ സാന്ത്വന ദര്‍ശനം
അത്യപൂര്‍വ്വമായ ഒരു രോഗത്തിനടിമയായ എട്ടുവയസ്സുകാരനായ ഒരു ബാലനും ആ കുഞ്ഞിന്‍റെ കുടുംബത്തിനും മാര്‍പ്പാപ്പാ വ്യാഴാഴ്ച (31/03/16) വത്തിക്കാനില്‍ പ്രത്യേക ദര്‍ശനം അനുവദിച്ചു. ആമാശയരോഗവും രോഗപ്രതിരോധശേഷിയില്ലായ്മയും കൂടിച്ചേര്‍ന്ന അസാധാരണമായ രോഗം ബാധിച്ച ഇഞ്ഞാത്സിയൊ ഫൂച്ചി എന്ന ഈ ബാലന്‍ തന്നോട് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ട് എഴുതിയ കത്തിനുള്ള മറുപടിയായിട്ടാണ് ഫ്രാന്‍സീസ് പാപ്പാ ഈ കൂടിക്കാഴ്ച അനുവദിച്ചത്. ലോകത്തില്‍ നാളിതുവരെ ഈ രോഗം ബാധിച്ചിട്ടുള്ളവരുടെ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സംഖ്യ 40 മാത്രമാണ്. വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ വച്ചായിരുന്നു പാപ്പാ ഇഞ്ഞാത്സിയൊ ഫൂച്ചിയും കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രകിയയ്ക്ക് വിധേയനായ ഈ ബാലന്‍ വത്തിക്കാന്‍റെ കീഴില്‍ ഉണ്ണിയേശുവിന്‍റെ നാമത്തിലുള്ള "ബംബീനൊ ജെസു" ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. പ്രധാനമായും ലൂര്‍ദ്ദ് നാഥയുടെ പവിത്രസന്നിധാനത്തിലേക്ക് രോഗികളെ തീര്‍ത്ഥാടനത്തിനായി കൊണ്ടുപോകുന്ന ഇറ്റാലിയന്‍ സംഘടനയായ ഉനിത്താല്‍സിയുടെ (UNITALSI) കീഴില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായ "കാസ ബെര്‍ണദേത്തെ" എന്ന പാര്‍പ്പിടസമുച്ചയത്തില്‍, റോമില്‍, ഈ കുഞ്ഞിന്‍റെ ചികിത്സാര്‍ത്ഥം, സൗജന്യമായി താമസിച്ചുവരികയാണ് ഈ കുടുംബം. "ബംബീനൊ ജെസു" ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയൊ, ഈ ആശുപത്രിയില്‍ ചികിത്സയ്കെത്തുകയൊ ചെയ്യുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക്, ആവശ്യമായിവരുന്ന പക്ഷം, ഈ ഭവനത്തില്‍ സൗജന്യ താമസസൗകര്യം നല്കി വരുന്നു. കുഞ്ഞുങ്ങളോടു, വിശിഷ്യ, ബലഹീനരോട് പ്രത്യേക വാത്സല്യമുള്ള ഫ്രാന്‍സീസ് പാപ്പാ അടുത്തയിടെ ഒരു കുട്ടിയുടെ ചോദ്യത്തിനു മറുപടി പറയവെ, തനിക്ക് ഒരത്ഭുതം പ്രവര്‍ത്തിക്കാന്‍, ഒരത്ഭുതം തെരഞ്ഞെടുക്കാന്‍, കഴിഞ്ഞാല്‍ താന്‍ എല്ലാ കുട്ടികളെയും സൗഖ്യപ്പെടുത്തും എന്നു പറഞ്ഞത് ഇവിടെ സ്മരണീയമാണ്.Source: Vatican Radio