News >> കര്‍ദ്ദിനാള്‍ ഷോര്‍ജ് കൊത്തിയെ അന്തരിച്ചു,പാപ്പാ അനുശോചിച്ചു


ദൈവശാസ്ത്രജ്‍ഞനായിരുന്ന കര്‍ദ്ദിനാള്‍ ഷോര്‍ജ് മരീ മര്‍ത്തീന്‍ കൊത്തിയെ (GEORGES MARIE MARTIN COTTIER) കാലം ചെയ്തു. 

     94 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് വെള്ളിയാഴ്ച (31/03/16) രാത്രി റോമിലെ ജെമെല്ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

     സ്വിറ്റ്സര്‍ലണ്ടിലെ ജെനീവയിലുള്ള കറൂജ് എന്ന സ്ഥലത്ത് 1922 ഏപ്രില്‍ 25 നായിരുന്നു കര്‍ദ്ദിനാള്‍ ഷോര്‍ജ് മരീ മര്‍ത്തീന്‍ കൊത്തിയെയുടെ ജനനം.

     1945 ല്‍ ഡൊമീനിക്കന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1951 ജൂലൈ 2ന് പൗരോഹ്യത്യം സ്വീകരിക്കുകയും 2003 ഒക്ടോബര്‍ 20 ന് ആര്‍ച്ചുബിഷപ്പായി അഭിഷിക്തനാകുകയും തൊട്ടടുത്തദിവസം, അതായത്, ഒക്ടോബര്‍ 21ന്  കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

     സാഹിത്യം, തത്വശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം വിവിധ സര്വ്വകാലാശാലകളില്‍ അദ്ധ്യാപകനായും, പേപ്പല്‍ ഭവനത്തിലെ ദൈവശാസ്ത്രജ്ഞനായും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘം, സാംസ്ക്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി എന്നിവയില്‍ ഉപദേശകനായും വിവിധ പൊന്തിഫിക്കല്‍ അക്കാദമികളിലും വിവിധ സംഘടനകളിലും ആംഗമായും സേവനമനുഷ്ഠിച്ചി‌ട്ടുണ്ട്.

     കര്‍ദ്ദിനാള്‍ ഷോര്‍ജ് മരീ മര്‍ത്തീന്‍ കൊത്തിയെയുടെ അന്ത്യോപചാരശുശ്രൂഷകള്‍ ശനിയാഴ്ച(02/04/16) രാവിലെ പ്രാദേശികസമയം 8.30 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ സൊദാനൊയുടെ കാര്‍മ്മികത്വത്തില്‍ നടക്കും   

     കര്‍ദ്ദിനാള്‍ ഷോര്‍ജ് മരീ മര്‍ത്തീന്‍ കൊത്തിയെയുടെ നിര്യാണത്തില്‍ ഫ്രാന്‍സീസ് പാപ്പാ അതിയായ ദു:ഖം രേഖപ്പെടുത്തി.

     അദ്ദേഹത്തിന്‍റെ മരണത്തോടെ കര്‍ദ്ദിനാള്‍സംഘത്തിലെ അംഗസംഖ്യ 215 ആയി താണു. ഇവരില്‍ 116 പേര്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവരാകയാല്‍ മാര്‍പ്പാപ്പായെ തെരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശം ഉള്ളവരാണ്. 

Source: Vatican Radio