News >> പ്രത്യാശയുടെ ശില്പികളും സാക്ഷികളും ആയിത്തീരുക
അനുദിനയാതനകളും നിരാശയും ശൂന്യതാബോധവും എകാന്തതയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും പ്രത്യാശയുടെ മേല്‍ പലപ്പോഴും ആധിപത്യം പുലര്‍ത്തുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ, ജീവിതത്തിന്‍റെ വിവിധമേഖലകളില്‍ വര്‍ത്തിക്കുന്നവര്‍ ഓട്ടിസം ബാധിച്ചവരുടെ ചാരെയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ത്സിഗ്മണ്ച് ത്സിമോസ്ക്കി (ZIGMUNT ZIMOWSKI) ഉറപ്പുനല്കുന്നു. കുട്ടികളില്‍ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടുകാണുന്ന ഒരു തരം മാനസികവ്യതിയാനമായ ഓട്ടിസത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് അനുവര്‍ഷം ഏപ്രില്‍ 2 ന് ആചരിക്കപ്പെടുന്ന ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച (02/04/16) "
പ്രത്യാശയുടെ ശില്പികളും സാക്ഷികളും" എന്ന ശീര്‍ഷകത്തില്‍ പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്. രക്ഷയുടെ സുനിശ്ചിത അടയാളമായി പ്രശോഭിക്കുന്നതിനും ദൈവത്തിന്‍റെ കരുണയുടെ വദനവുമായി മുഖാമുഖം കാണുന്നതിലേക്കു നയിക്കുന്ന സരണിയില്‍ വെളിച്ചം വിശുന്നതിനും വേണ്ടി, പ്രത്യാശയുടെ ദീപം അണയാതെ ദൃശ്യമാക്കി നിറുത്താനുള്ള കടമ സഭയ്ക്കുണ്ട് എന്ന്, ആര്‍ച്ചുബിഷപ്പ് ത്സിമോസ്ക്കി ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഓട്ടിസം ബാധിച്ചാല്‍ അത് ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നതിനാല്‍ അതിനിരകളായവരോടും അവരുടെ കുടുംബങ്ങളോടും എന്നും ഐക്യദാര്‍ഢ്യം പുലര്‍ത്തുകയും അവര്‍ക്ക് എന്നും സഹായഹസ്തം നീട്ടുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. Source: Vatican Radio