News >> കാരുണ്യത്തെ അധികരിച്ചുള്ള യൂറോപ്യന്‍ പ്രേഷിത സമ്മേളനം
കാരുണ്യത്തെ സംബന്ധിച്ച ആഗോള പ്രേഷിത പ്രസ്ഥാനത്തിന്‍റെ യൂറോപ്യന്‍ മേഖലയുടെ സമ്മേളനമാണ് മാര്‍ച്ച് 31-ാം തിയതി വ്യാഴാഴ്ച റോമില്‍ ആരംഭിച്ചിരിക്കുന്നത്. റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്ത്, വത്തിക്കാനില്‍നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള വിശുദ്ധ അന്ത്രയോസിന്‍റെ ഭദ്രാസന ദേവാലയത്തിലാണ് സമ്മേളനം ആരംഭിച്ചിരിക്കുന്നത്.ഏപ്രില്‍ 4-ാം തിയതി തിങ്കളാഴ്ചവരെ നീണ്ടുനില്ക്കുന്ന സമ്മേളനം കാരുണ്യ പ്രേഷിതത്വത്തിന്‍റെ ആഗോള പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ ബേണിന്‍റെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ചു. എല്ലാ മൂന്നു വര്‍ഷവും ചേരുന്ന കാരുണ്യത്തിന്‍റെ മാനവിക പദ്ധതികളും ചിന്തകളുമായി ബന്ധപ്പെട്ട ആഗോള സമ്മേളനത്തിന്‍റെ പ്രഥമ യൂറോപ്യന്‍ സംഗമമാണ്, കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ റോമില്‍ ആരംഭിച്ചിരിക്കുന്നത്. സഭയിലെ 17 കര്‍ദ്ദിനാളന്മാരുടെ സംഘമാണ് കാരുണ്യത്തെ അധികരിച്ചുള്ള ആ ആഗോള പ്രസ്ഥാനത്തിന്‍റെ പ്രായോക്താക്കള്‍ (World Apostolic Congress of Mercy). 2008-ല്‍ റോമിലെ ആദ്യസംഘമത്തോടെ ആരംഭം കുറിച്ച പ്രസ്ഥാനം 2011-ല്‍ പോളണ്ടിലെ ക്രാക്കോയില്‍ രണ്ടാമത്തെ ആഗോളസംഗമവും, 2014-ല്‍ മൂന്നാമത്തെ അന്തര്‍ദേശീയ സംഗമം കൊളംമ്പിയയിലെ ബഗോട്ടയിലും ചേര്‍ന്നു. കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ പ്രസ്ഥാനത്തിന്‍റെ യൂറോപ്യന്‍ സംഗമം റോമില്‍ ചേര്‍ന്നിരിക്കുന്നത് ഏറെ അര്‍ത്ഥവത്താണെന്ന പ്രസ്താവത്തോടെയാണ് വിയെന്ന അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ ബേണ്‍ പ്രഭാഷണം ആരംഭിച്ചത്. കാരുണ്യത്തെ സംബന്ധിക്കുന്ന ഈ രാജ്യാന്തര പ്രേഷിത പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ഇപ്പോഴത്തെ പ്രസിഡന്‍റുമാണ് കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍.സുവിശേഷത്തിന്‍റെ കാതല്‍ കാരുണ്യമാണെന്നായിരുന്നു ഓസ്ട്രിയയിലെ വിയന്ന അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണ്‍ അവതരിപ്പിച്ച പ്രബന്ധത്തിന്‍റെ ചിന്താധാര. ഏശയ പ്രവാചകന്‍ ചിത്രീകരിക്കുന്ന അമ്മയുടേതുപോലുള്ള നിര്‍മ്മലസ്നേഹമാണ് ദൈവത്തിന് മനുഷ്യരോടുള്ളത്. പെറ്റമ്മ മറന്നാലും ദൈവം നമ്മെ മറക്കുകയില്ലെന്ന പ്രാവചകന്‍റെ വാക്കുകള്‍ ദൈവസ്നേഹത്തിന്‍റെ പ്രായോഗിക മുഖം തെളിയിക്കുകയാണ് (ഏശ. 49, 15). ദൈവത്തിന്‍റെ കാരുണ്യാതിരേകംകൊണ്ട് ഉന്നതത്തില്‍നിന്നും നമ്മെ സന്ദര്‍ശിച്ച ഉദയരശ്മിയെന്ന് ലൂക്കാ സുവിശേഷകന്‍ വിശേഷിപ്പിക്കുന്നത് (ലൂക്ക 1, 78) ക്രിസ്തുവിനെക്കുറിച്ചാണെന്നും, അവിടുത്തെ ജീവിതദൗത്യം ദൈവികകാരുണ്യത്തിന്‍റെ സാക്ഷാത്ക്കാരമായിരുന്നെന്നും കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് വിശദമാക്കി.തന്‍റെ ഭക്തരുടെമേല്‍ ദൈവം അവിടുത്തെ കാരുണ്യം തലമുറകള്‍ തോറും വര്‍ഷിക്കും (ലൂക്ക 1, 50) എന്ന 'Magnificat'
മറിയത്തിന്‍റെസ്തോത്രഗീതത്തില്‍ ക്രിസ്തു ഈ ലോകത്ത് ദൃശ്യമാക്കിയ ദൈവികകാരുണ്യമാണ് പ്രതിഫലിക്കുന്നത്. കാരുണ്യം ഉപരിപ്ലവും ബാഹ്യവുമായ നല്ല പെരുമാറ്റത്തെക്കാള്‍ ദൈവിക നന്മയുടെ പ്രകടനവും പ്രത്യക്ഷ ഭാവുമാണെന്ന് പ്രഭാഷണത്തിന്‍റെ തുടര്‍ന്നുള്ള ചിന്തയില്‍ കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ വ്യക്തമാക്കി.ക്രിസ്തു നായിമിലെ വിധവയുടെ മകനെ തൊട്ട് ഉയര്‍പ്പിക്കുന്നതും (ലൂക്ക 7, 11-15), അവിടുന്ന് കുഷ്ഠരോഗിയെ തൊട്ടു സംഖ്യപ്പെടുത്തുന്നതുമായ (മാര്‍ക്ക് 1, 41-42) രണ്ടു സുവിശേഷ സംഭവങ്ങളെ ആധാരമാക്കിയായിരുന്നു ക്രിസ്തുവില്‍ ദൃശ്യമായ ദൈവികകാരുണ്യത്തിന്‍റെ അനുഭവമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.Source: Vatican Radio