News >> എഴുതപ്പെടാന്‍ തുറന്നു വച്ചിരിക്കുന്ന കരുണയുടെ സുവിശേഷം
ഉയിര്‍പ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച (03/04/16), ദൈവിക കരുണയുടെ ഞായാറായി തിരുസഭ ആചരിച്ചു. ഈ തിരുന്നാളിനോടനുബന്ധിച്ച് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ തിരുന്നാള്‍ക്കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. ദൈവിക കാരുണ്യാദ്ധ്യാത്മികതയുടെ പ്രചാരകരും, വിവിധരാജ്യക്കാരായിരുന്ന ഇതരവിശ്വാസികളുമുള്‍പ്പടെ പതിനായിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ നടന്ന ഈ തിരുക്കര്‍മ്മത്തില്‍ സംബന്ധിച്ചു.ദിവ്യപൂജാവേളയില്‍,വിശുദ്ധ ഗ്രന്ഥവായനകളെ തുര്‍ന്ന്, പാപ്പാ വചനവിശകലനം നടത്തി. ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായം 19 മുതല്‍ 31 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുകയായിരുന്ന ശിഷ്യര്‍ക്കു മുന്നില്‍ ഉത്ഥിതന്‍ അവിടത്തെ ഉത്ഥാനദിനത്തില്‍, വൈകുന്നേരം, പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുന്നതും, പാപങ്ങള്‍ മോചിക്കാന്‍ അധികാരപ്പെടുത്തി അവരെ അയക്കുന്നതുമായ സംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.പാപ്പായുടെ വചനസന്ദേശം താഴെ ചേര്‍ക്കുന്നു:
"ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും, യേശു, തന്‍റെ ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു". യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ മുപ്പതാമത്തെതായ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് തന്‍റെ വിചിന്തനം ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം തുടര്‍ന്നു. സുവിശേഷം ദൈവത്തിന്‍റെ കരുണയുടെ പുസ്തകമാണ്. നമ്മള്‍ വായിക്കേണ്ട, ആവര്‍ത്തിച്ചു വായിക്കേണ്ട ഗ്രന്ഥമാണത്. കാരണം യേശു പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ സകലവും പിതാവിന്‍റെ കാരുണ്യത്തിന്‍റെ പ്രകാശനമാണ്. എന്നാല്‍ ഇവയെല്ലാം എഴുതപ്പെട്ടിട്ടില്ല; കരുണയുടെ സുവിശേഷം തുറന്നുവച്ചിരിക്കുന്ന ഒരു പുസ്തകമാണ്. അതില്‍ ക്രസ്തു ശിഷ്യരുടെ അടയാളങ്ങള്‍, കാരുണ്യത്തിന്‍റെ ഉപരിമെച്ചപ്പെട്ട സാക്ഷ്യമായ സ്നേഹത്തിന്‍റെ സമൂര്‍ത്തമായ പ്രവൃത്തികള്‍, തുടര്‍ന്നും വിരചിക്കപ്പെടണം. സുവിശേഷത്തിന്‍റെ സജീവരചയിതാക്കളാകാന്‍, ഇന്നത്തെ ഓരോ സ്തീക്കും പുരുഷനും സുവിശേഷം എത്തിച്ചുകൊടുക്കുന്നവരാകാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവന്‍റെ ജീവിതശൈലിയായ, ഭൗതികവും ആത്മീയവുമായ കാരുണ്യപ്രവര്‍ത്തികളിലൂടെ നമുക്കത് പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ലളിതവും എന്നാല്‍ ശക്തവും, ഒപ്പം, ചിലപ്പോഴൊക്കെ അദൃശ്യവുമായ ഇത്തരം പ്രവൃത്തികള്‍ വഴി നമുക്ക്, ആവശ്യത്തിലിരിക്കുന്നവരുടെ പക്കല്‍ എത്താനും ദൈവത്തിന്‍റെ ആര്‍ദ്രതയും സാന്ത്വനവും അവര്‍ക്കേകാനും സാധിക്കും. തന്‍റെ ഉത്ഥാനദിനത്തില്‍ യേശു, ഭീതിതരായിരുന്ന ശിഷ്യരുടെ ഹൃദയങ്ങളിലേക്ക് പിതാവിന്‍റെ കാരുണ്യം ചൊരിയുകയും, പാപങ്ങള്‍ പൊറുക്കുകയും ആനന്ദം പ്രദാനം ചെയ്യുകയും ചെയ്യുന്ന പരിശുദ്ധാരൂപിയെ അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തത്, അങ്ങനെ, തുടരുന്നു. എന്നിരുന്നാലും നാം ശ്രവിച്ച വിവരണത്തില്‍ ഒരു വൈരുദ്ധ്യം തെളിഞ്ഞു കാണാം. അതായത്, ഒരു വശത്ത്, ഭവനത്തിന്‍റെ വാതിലടച്ച് അകത്തിരിക്കുന്ന ശിഷ്യന്മാരുടെ ഭീതി; മറുവശത്ത് പൊറുതിയുടെ വിളംബരം ലോകമെങ്ങും എത്തിക്കാന്‍ ശിഷ്യരെ അയക്കുന്ന യേശുവിന്‍റെ ദൗത്യം. നമ്മിലും ഈ വൈരുദ്ധ്യം ഉണ്ടാകാം, അതായത്, അടച്ചിടപ്പെട്ട ഹൃദയവും അടച്ചിട്ട വാതിലുകള്‍ തുറക്കാനും നമ്മില്‍ നിന്നു പുറത്തുകടക്കാനുമുള്ള സ്നേഹത്തിന്‍റെ വിളിയും തമ്മിലുള്ള ഒരാന്തരിക പോരാട്ടം. പാപവും മരണവും നരകശക്തികളും അടച്ചിട്ട വാതിലുകളിലൂടെ സ്നേഹത്തെ പ്രതി പ്രവേശിച്ച ക്രിസ്തു ഹൃദയത്തിന്‍റെ അടച്ചിടപ്പെട്ട വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നതിന് നാമോരോരുത്തരിലേക്കും കടന്നുവരാന്‍ ആഗ്രഹിക്കുന്നു. ഭയത്തെ, നമ്മെ തടവിലാക്കുന്ന ഉല്‍ക്കടഭീതിയെ തന്‍റെ ഉത്ഥാനത്താല്‍ ജയിച്ച ക്രിസ്തു നമ്മുടെ അടഞ്ഞുകിടക്കുന്ന വാതിലുകള്‍ തുറക്കാനും നമ്മെ അയക്കാനും അഭിലഷിക്കുന്നു. ഏകദിശാമാര്‍ഗ്ഗമാണ് ഗുരുനാഥന്‍ നമുക്കു കാണിച്ചു തരുന്നത്. ആ വഴി ഒരു ദിശയിലേക്കു മാത്രമുള്ളതാണ്, അതായത്, നമ്മില്‍ നിന്നു പുറത്തു കടക്കുകയെന്ന പാത, നമ്മെ കീഴ്പ്പെടുത്തിയ സ്നേഹത്തിന്‍റെ സൗഖ്യദായകശക്തിക്ക് സാക്ഷ്യമേകുന്നതിനായി പുറത്തേക്കിറങ്ങുക. പലപ്പോഴും മുറിവേറ്റതും ഭീതിപൂണ്ടതുമായ ഒരു മാനവരാശിയെയാണ് നാം കാണുന്നത്. വേദനയുടെ അനിശ്ചിതത്വത്തിന്‍റെയും പാടുകള്‍ പേറുന്ന ഒരു നരകുലം. കരുണയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള തീവ്രരോദനത്തിനുമുന്നില്‍ നാമിന്നു കേള്‍ക്കുന്നത് യേശു നമുക്കോരോരുത്തര്‍ക്കും നല്കുന്ന പ്രചോദനദായകമായ ഈ ക്ഷണമാണ്, അതായത്, "പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു".(യോഹന്നാന്‍, 20,21) സകല രോഗങ്ങള്‍ക്കും ഇന്ന് ദൈവത്തിന്‍റെ കാരുണ്യത്തില്‍ ഫലപ്രദമായ സഹായം കണ്ടെത്താന്‍ സാധിക്കും. വാസ്തവത്തില്‍ അവിടത്തെ കരുണ അകന്നു നില്ക്കുകയല്ല മറിച്ച് സകലവിധ ദാരിദ്ര്യങ്ങളെയും നമ്മുടെ ലോകത്തെ ഞെരുക്കുന്ന അടിമത്വത്തിന്‍റെ എല്ലാ രൂപങ്ങളെയും നേരിടാന്‍ ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയുടെയും മുറിവില്‍ മരുന്നു പുരട്ടാന്‍ ആ മുറിവിനടുത്തെത്താന്‍ അഭിലഷിക്കുന്നു. കരുണയുടെ പ്രേഷിതരാകുകയെന്നാല്‍ ഇന്നും നമ്മുടെ സഹോദരീസഹോദരന്മാരുടെ ആത്മശരീരങ്ങളിലുള്ള മുറിവുകളെ സ്പര്‍ശിക്കുകയും തലോടുകയും ചെയ്യുക എന്നാണര്‍ത്ഥം. ഈ മുറിവുകള്‍ സുഖപ്പെടുത്താന്‍ പരിശ്രമിക്കുക വഴി നമ്മള്‍ യേശുവിനെ പ്രഘോഷിക്കുകയാണ്, അവിടത്തെ സന്നിഹിതനാക്കുകയും ജീവിച്ചിരിക്കുന്നവനായി കാണിച്ചുകൊടുക്കുകയുമാണ്. അങ്ങനെ അവിടത്തെ കാരുണ്യത്തെ സ്പര്‍ശിക്കുന്നവരെ, തോമാശ്ലീഹാ കര്‍ത്താവിനെ തിരിച്ചറിഞ്ഞതു പോലെ, അവിടന്ന് കര്‍ത്താവും ദൈവവും ആണെന്ന് തിരിച്ചറിയാന്‍ നാം സഹായിക്കുയാണ്. ഇതാണ് നമുക്ക് ഭരമേല്പ്പിക്കപ്പെടുന്ന ദൗത്യം. തങ്ങള്‍ ശ്രവിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യണമെന്ന് നിരവധിയാളുകള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രഘോഷിക്കപ്പെടുകയും ജീവിതത്തില്‍ രചിക്കപ്പെടുകയും ചെയ്യേണ്ട കരുണയുടെ സുവിശേഷം, ക്ഷമയും തുറവുമുള്ള ഹൃദയത്തോടുകൂടിയവരെ, സഹോദരന്‍റെയും സഹോദരിയുടെയും രഹസ്യത്തിനു മുന്നില്‍ അനുകമ്പയും, മൗനവും മനസ്സിലാക്കാന്‍ കഴിയുന്ന "നല്ല സമറായക്കാരെ" അന്വേഷിക്കുന്നു; പ്രതിഫലേച്ഛകൂടാതെ നിസ്വാര്‍ത്ഥമായി സ്നേഹിക്കുന്ന വിശാലമാനസരെ കരുണയുടെ സുവിശേഷം ആവശ്യപ്പെടുന്നു. "നിങ്ങള്‍ക്ക് സമാധാനം": ഇതാണ് ക്രിസ്തു നാഥന്‍ ശിഷ്യര്‍ക്കേകുന്ന ആശംസ; ഇതേ സമാധാനം തന്നെയാണ് നമ്മുടെ ഈ കാലഘട്ടത്തിലെ മനുഷ്യരും പാര്‍ത്തിരിക്കുന്നത്. ചര്‍ച്ചകളിലൂടെയുള്ള ഒരു സമാധാനമല്ല ഇത്, തെറ്റായ ഒരു കാര്യം താല്ക്കാലികമായി ചെയ്യാതിരിക്കലല്ല അത്. അത് ക്രിസ്തുവിന്‍റെ സമാധാനമാണ്, ഉത്ഥിതന്‍റെ ഹൃദയത്തില്‍ നിന്നു വരുന്ന ശാന്തിയാണ്, പാപത്തെയും മരണത്തെയും ഭയത്തെയും ജയിച്ച സമാധാനമാണത്. ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഒന്നിപ്പിക്കുന്ന ശാന്തിയാണത്. നമ്മെ ഏതാന്തതയിലേക്കു തള്ളിയിടാതെ നാം സ്വീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതായ അനുഭവം ഈ സമാധാനം നമുക്കു പകരുന്നു; വേദനയിലും നിലനില്ക്കുകയും പ്രത്യാശയെ പുഷ്പിതമാക്കുകയും ചെയ്യുന്ന ശാന്തിയാണിത്. ഉത്ഥാനതിരുന്നാള്‍ ദിനത്തിലെന്നപോലെ ഈ സമാധാനം ദൈവത്തിന്‍റെ മാപ്പേകലില്‍ നിന്ന് ജനിക്കുകയും വീണ്ടും ജനിക്കുകയും ചെയ്യുന്നു, അത് മനസ്സിന്‍റെ അസ്വസ്ഥത നീക്കിക്കളയുന്നു. സമാധാന സംവാഹകയാകുക: ഇതാണ് ഉയിര്‍പ്പുദിനത്തില്‍ സഭയ്ക്ക് ഭരമേല്‍പ്പിക്കപ്പെട്ട ദൗത്യം. നാം ക്രിസ്തുവില്‍ ജനിച്ചിരിക്കുന്നത് അനുരഞ്ജനത്തിന്‍റെ ഉപകരണമായിട്ടാണ്, അത്, പിതാവിന്‍റെ പൊറുതി സകലര്‍ക്കും എത്തിച്ചുകൊടുക്കാനും അവിടത്തെ വദനം കാരുണ്യത്തിന്‍റെതായ അടയാളങ്ങളിലൂടെ വെളിപ്പെടുത്താനുമാണ്. അവിടത്തെ സ്നേഹം എന്നേയ്ക്കും എന്ന് പ്രതിവചന സങ്കീര്‍ത്തനത്തില്‍ പ്രഘോഷിക്കപ്പെട്ടു. അതു ശരിയാണ്. ദൈവത്തിന്‍റെ കാരുണ്യം ശാശ്വതമാണ്; അതിന് അവസാനമില്ല, അടച്ചിടലുകള്‍ക്കു മുന്നില്‍ അത് കീഴടങ്ങുന്നില്ല, അത് ഒരിക്കലും തളരുന്നില്ല. ഈ "എന്നേയ്ക്കും" എന്നതില്‍ നമ്മള്‍ പരീക്ഷണത്തിന്‍റെയും ബലഹീനതയുടെയും വേളകളില്‍ സഹായം കണ്ടെത്തുന്നു. കാരണം ദൈവം നമ്മെ കൈവിടില്ല എന്ന ഉറപ്പ് നമുക്കുണ്ട്. അവിടന്ന് എന്നും നമ്മോടൊപ്പമുണ്ട്. അവിടത്തെ, നമുക്കഗ്രാഹ്യമായ ഈ മഹാസ്നേഹത്തിന് നന്ദി പ്രകാശിപ്പിക്കാം. അത്ര വലുതാണത്!. പിതാവിന്‍റെ പക്കല്‍ നിന്ന് കാരുണ്യം സ്വീകരിക്കുന്നതില്‍ ഒരിക്കലും തളര്‍ന്നുപോകാതിരിക്കാനും ആ കരുണ ലോകത്തിലെത്തിക്കാനുമുള്ള അനുഗ്രഹം നമുക്ക് യാചിക്കാം: നാം തന്നെ കാരുണ്യമുള്ളവരായിരിക്കുന്നതിനും സുവിശേഷത്തിന്‍റെ ശക്തി എങ്ങും പ്രസരിപ്പിക്കാന്‍ കഴിയുന്നതിനും അപ്പസ്തോലനായ യോഹന്നാന്‍ എഴുതാത്ത ആ താളുകള്‍ സുവിശേഷത്തില്‍ രചിക്കുന്നതിനുമുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം.വചനസമീക്ഷാനന്തരം പാപ്പാ വിശ്വാസപ്രമാണത്തോടുകൂടി ദിവ്യപൂജ തുടര്‍ന്നു. ദിവ്യകാരുണ്യസ്വീകരണകര്‍മ്മത്തിനു ശേഷമുള്ള പ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനത്തിനു മുമ്പായി പാപ്പാ സ്വര്‍ല്ലോകരാജ്ഞി എന്ന പ്രാര്‍ത്ഥന നയിച്ചു. ഈ പ്രാര്‍ത്ഥന ആരംഭിക്കുന്നതിന് മുമ്പ് പാപ്പാ ഒരു ലഘു വിചിന്തനം നടത്തി.ലോകത്തില്‍ അനുരഞ്ജനത്തിനും സമാധാനത്തിനുമായി ദാഹിക്കുന്നവരായ യാതനകളനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ച പാപ്പാ യൂറോപ്യന്‍ നാടായ ഉക്രയിനില്‍ കലാപത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെയും ആയിരക്കണക്കിനാളുകളുടെ മരണത്തിനു ഹേതുവായ ശത്രുത അവിടെ തുടരുന്നിടങ്ങളില്‍ ഇപ്പോഴും കഴിയുന്നവരെയും അവസാനമില്ലാത്ത ഇത്തരം അവസ്ഥകളില്‍ നിന്ന് പലായനം ചെയ്യുന്നവരെയും പ്രത്യേകം ഓര്‍ത്തു. ഈ ദുരന്തങ്ങള്‍ക്ക് ഇരകളാകുന്നത് കൂടുതലും വൃദ്ധജനവും കുട്ടികളുമാണെന്ന വസ്തുതയും പാപ്പാ എടുത്തു പറഞ്ഞു. ഉക്രിയിനിലെ ഈ ജനതയെ സഹായിക്കുന്നതിന് ഈ മാസം 24 ന് (24/04/16) യുറോപ്പിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും പ്രത്യേക ധനസമാഹരണം നടത്തുമെന്ന് പാപ്പാ വെളിപ്പെടുത്തുകയും ഈ സംരംഭത്തോടു സഹകരിക്കാന്‍ സകലവിശ്വാസികളെയും ക്ഷണിക്കുകയും ചെയ്തു. ഈ ഉപവിപ്രവര്‍ത്തനം ഭൗതികമായ സഹനങ്ങള്‍ ലഘൂകരിക്കുന്നതിനു പുറമെ തന്‍റെയും ഒപ്പം സാര്‍വ്വത്രികസഭ മുഴുവന്‍റെയും സാമീപ്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന് പാപ്പാ വ്യക്തമാക്കി. ഉക്രയിനില്‍ സമാധാനവും അവകാശങ്ങളുടെ ആദരവും, ഇനിയും കാലവിളംബമന്യേ, സംജാതമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. മണ്ണില്‍ വിതറപ്പെടുന്നതും ചവിട്ടുകയൊ അതുപോലുള്ള മറ്റു സമ്മര്‍ദ്ദങ്ങളേല്‍ക്കുകയൊ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്നതുമായ മനുഷ്യവിരുദ്ധ കരമൈനുകള്‍ക്കെതിരായ ലോകദിനം ഏപ്രില്‍ 4 ന്, അതായത് ഈ തിങ്കളാഴ്ച ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു. ഭീകരമായ ഈ ആയുധങ്ങളാല്‍ ഇപ്പോഴും വധിക്കപ്പെടുകയൊ അംഗവിഹീനരാക്കപ്പെടുകയൊ ചെയ്യുന്നവര്‍ നിരവധിയാണെന്ന് പറഞ്ഞ പാപ്പാ കരമൈനുകളെന്ന ഈ ആയുധം വിതറപ്പെട്ടിടങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയെന്ന ജീവന് അപകടകരമായ ദൗത്യം സാഹസികമായി ഏറ്റെടുത്തിട്ടുള്ള സ്തീപുരുഷന്മാരെയും അനുസ്മരിച്ചു. ഈ മൈനുകള്‍ ഇല്ലാത്ത ഒരു ലോകത്തിനായുള്ള പരിശ്രമം നവീകരിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.Source: Vatican Radio