News >> കുഴിബോംബുകള്‍ ഇല്ലാത്ത ഒരു ലോകത്തിനായുള്ള യത്നം നവീകരിക്കുക
കുഴിബോംബുകള്‍ അഥവാ കരമൈനുകള്‍ ഇല്ലാത്ത ഒരു ലോകത്തിനായുള്ള യത്നം നവീകരിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.മണ്ണില്‍ വിതറപ്പെടുന്നതും ചവിട്ടുകയൊ അതുപോലുള്ള മറ്റു സമ്മര്‍ദ്ദങ്ങളേല്‍ക്കുകയൊ ചെയ്യുമ്പോള്‍ പൊട്ടിത്തെറിച്ച് അംഗവൈകല്യത്തിനൊ മരണത്തിനൊ ഹേതുവായിഭവിക്കുന്ന മനുഷ്യവിരുദ്ധ കരമൈനുകള്‍ക്കെതിരായ ലോകദിനം അനുവര്‍ഷം ഏപ്രില്‍ 4 ന്, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്നത്, ഞായറാഴ്ച(03/04/16) വത്തിക്കാനില്‍ ദൈവിക കരുണയുടെ തിരുന്നാള്‍തിരുക്കര്‍മ്മവേളയില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കുമുമ്പു നടത്തിയ വിചിന്തനത്തില്‍, അനുസ്മരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ഭീകരമായ ഈ ആയുധങ്ങളാല്‍ ഇപ്പോഴും വധിക്കപ്പെടുകയൊ അംഗവിഹീനരാക്കപ്പെടുകയൊ ചെയ്യുന്നവര്‍ നിരവധിയാണെന്ന് പറഞ്ഞ പാപ്പാ കരമൈനുകളെന്ന ഈ ആയുധം വിതറപ്പെട്ടിടങ്ങളില്‍ നിന്ന് നിര്‍വീര്യമാക്കി നീക്കം ചെയ്യുകയെന്ന ജീവന് അപകടകരമായ ദൗത്യം സാഹസികമായി ഏറ്റെടുത്തിട്ടുള്ള സ്തീപുരുഷന്മാരെയും പ്രത്യേകം അനുസ്മരിച്ചു.ലോകത്തില്‍ വിവിധരാജ്യങ്ങളിലായി വിതറപ്പെട്ടുകിടക്കുന്ന മനുഷ്യവിരുദ്ധ കുഴിബോംബുകള്‍ 11 കോടിയോളവും സംഘര്‍ഷവേളകളില്‍ വിതറുന്നതിനായി ശേഖരിച്ചു വച്ചിട്ടുള്ളവ 10 കോടിയോളവും വരുമെന്ന് കണക്കാക്കപ്പെടുന്നു. അഫിഖാനിസ്ഥാന്‍, അങ്കോള, കംബോഡിയ, ഇറാക്ക്, ലാവോസ് എന്നീ നാടുകളിലാണ് കുഴിബോംബുകള്‍ ഏറ്റവും കൂടുതല്‍ വിതറപ്പെട്ടിരിക്കുന്നത്. താരതമ്യേന കുറവാണെങ്കിലും, ശ്രീലങ്ക, സുഡാന്‍, മ്യന്മാര്, മൊസംബിക്ക്, സൊമാലിയ, ബോസ്നിയ, ക്രൊവേഷ്യ, ജോര്‍ജിയ, നിക്കരാഗ്വ എന്നീ നാടുകളിലും കുഴിബോബുകള്‍ വിതറപ്പെട്ടിട്ടുണ്ട്. മനുഷ്യവിരുദ്ധ കുഴിബോംബുകള്‍ (Anti -personnel Mine) നിരോധിക്കുന്ന 1997ലെ അന്താരാഷ്ട്ര ഉടമ്പടിയില്‍ 162 നാടുകള്‍ ഒപ്പുവച്ചിട്ടുണ്ട്.Source: Vatican Radio